Breaking

Wednesday, September 1, 2021

കുറ്റവാളിയായ വൃക്കയോ കരളോ ഹൃദയമോ ഇല്ലെന്ന് ഹൈക്കോടതി

കൊച്ചി: മനുഷ്യശരീരത്തിൽ ‘കുറ്റവാളിയായ വൃക്ക, കരൾ, ഹൃദയം’ എന്നിങ്ങനെ ഇല്ലെന്ന് ഹൈക്കോടതി. ഒട്ടേറെ ക്രിമിനൽ കേസിൽ പ്രതിയായ ആളുടെ വൃക്കദാനം ചെയ്യാൻ അനുമതി നിഷേധിച്ച എറണാകുളം ജില്ലാതല ഓതറൈസേഷൻ കമ്മിറ്റിയുടെ തീരുമാനം റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻറെ നിരീക്ഷണം. എല്ലാവരിലും ഒരേ രക്തമാണെന്ന് കോടതി പറഞ്ഞു. വടക്കൻ മലബാറിൽ പ്രശസ്തമായ ‘പൊട്ടൻ തെയ്യം’ തോറ്റംപാട്ടിലെ വരികളും വിധിന്യായത്തിൽ ഉൾപ്പെടുത്തി.‘നിങ്കളെ ക്കൊത്ത്യാലും ചോരല്ലേ ചൊവ്വറ് ?നാങ്കളെ ക്കൊത്ത്യാലും ചോരല്ലേ ചൊവ്വറ് ?പിന്നെന്തെ ചൊവ്വറ് കുലം പിശക് ന്ന് ?തീണ്ടിക്കൊണ്ടല്ലേ കുലം പിശക് ന്ന് !എന്ന വരികളാണ് വിധിന്യായത്തിൽ ഉൾപ്പെടുത്തിയത്. രണ്ടു പേരുടെയും രക്തത്തിലൂടെ ഒഴുകുന്നത് രക്തമായതിനാൽ എന്തിനാണ് ജാതീയമായ വേർതിരിവെന്ന് ഉന്നതജാതിക്കാരനെ ഓർമിപ്പിക്കുകയാണ് പൊട്ടൻ തെയ്യം. ക്രിമിനൽക്കേസിൽ പ്രതിയാണോ എന്നത് അവയവദാനത്തിന് അനുമതി നൽകുന്നതിൽ തീരുമാനം എടുക്കേണ്ട ഓതറൈസേഷൻ സമിതി പരിഗണിക്കേണ്ട വിഷയമല്ല. കൊല്ലം നെടുമ്പന മഠത്തിലഴികത്ത് രാധാകൃഷ്ണപിള്ള(54)യ്ക്ക് വൃക്കദാനം ചെയ്യാൻ അനുമതിതേടിയുള്ള, തിരുവനന്തപുരം പൂന്തുറ പുതുവൽ പുത്തൻവീട്ടിൽ ആർ. സജീവിന്റെ (38) അപേക്ഷയാണ് തള്ളിയത്. രാധാകൃഷ്ണ പിള്ളയുടെ ഡ്രൈവറും സുഹൃത്തുമായിരുന്നു സജീവ്. ഒരാഴ്ചയ്ക്കുള്ളിൽ അപേക്ഷ വീണ്ടും പരിഗണിച്ച് തീരുമാനമെടുക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്. ഇത്തരം അപേക്ഷകൾ ഒരാഴ്ചയ്ക്കുള്ളിൽ പരിഗണിച്ച് തീരുമാനമെടുക്കണമെന്ന് നിർദേശിച്ച് ചീഫ് സെക്രട്ടറി ഉത്തരവ് പുറപ്പെടുവിക്കണമെന്നും ഈ ഉത്തരവ് ഒരു മാസത്തിനുള്ളിൽ രജിസ്ട്രാർ ജനറലിന് കൈമാറണമെന്നും നിർദേശിച്ചിട്ടുണ്ട്.പൊട്ടൻ തെയ്യം കേരളത്തിലൊട്ടാകെ കളിക്കണംശിവന്റെ അവതാരമാണ് ‘പൊട്ടൻ തെയ്യം’ എന്നാണ് വിശ്വാസം. ജാതീയത ഉൾപ്പെടെ സാമൂഹിക തിന്മയെ ഇല്ലാതാക്കാനും തുല്യത സ്ഥാപിക്കാനുമാണ് പൊട്ടൻ തെയ്യം തോറ്റംപാട്ടിലൂടെ ശ്രമിക്കുന്നത്. ഇവ നൂറ്റാണ്ടുകൾമുൻപേ എഴുതിയതാണ്. പക്ഷേ, ഇപ്പോഴും നമ്മൾ എവിടെയാണെന്ന് ഓർമിക്കണം. കേരളത്തിലൊട്ടാകെ പൊട്ടൻ തെയ്യം കളിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു.


from mathrubhumi.latestnews.rssfeed https://ift.tt/3BlfTXY
via IFTTT