Breaking

Wednesday, September 1, 2021

‘മരട് മോഡൽ’ ഉത്തരവ്; നോയ്ഡയിലെ 40 നില ഇരട്ട ടവർ പൊളിക്കാൻ സുപ്രീംകോടതി

ഇരട്ട ടവർ ഫ്ളാറ്റ് സമുച്ചയം ന്യൂഡൽഹി: ഡൽഹിക്കടുത്ത് നോയ്ഡയിൽ സൂപ്പർടെക് കമ്പനി ചട്ടം ലംഘിച്ച് നിർമിച്ച 40 നിലകൾ വീതമുള്ള ഇരട്ട ടവർ ഫ്ളാറ്റ് സമുച്ചയം മൂന്നു മാസത്തിനകം പൊളിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. കൊച്ചിയിലെ മരട് ഫ്ളാറ്റുകൾ പൊളിക്കാനായി ഇറക്കിയ ഉത്തരവിന് സമാനമാണിത്. പൊളിക്കൽ ചെലവ് സൂപ്പർടെക് തന്നെ വഹിക്കണം. നിക്ഷേപകരുടെ പണം 12 ശതമാനം പലിശ സഹിതം രണ്ടു മാസത്തിനകം മടക്കിനൽകണം. കെട്ടിടച്ചട്ടങ്ങൾ ലംഘിച്ച് നിർമാണം നടത്താൻ ഒത്തുകളിച്ച നോയ്ഡ അതോറിറ്റി ഉദ്യോഗസ്ഥരും സൂപ്പർടെക്കിലെ ഉദ്യോഗസ്ഥരും വിചാരണ നേരിടണമെന്നും ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, എം.ആർ. ഷാ എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടു. സൂപ്പർടെക്കിന്റെ അപ്പെക്സ്, സിയാനി (ടവർ 16, ടവർ 17) എന്നിവയാണ് പൊളിച്ചുനീക്കാൻ ഉത്തരവിട്ടത്. രണ്ട് ടവറുകളിലുമായി 915 ഫ്ളാറ്റുകളും 21 കടകളുമുണ്ട്. ആകെ 633 നിക്ഷേപകരിൽ 248 പേർക്ക് കമ്പനി പണം മടക്കി നൽകി. അതേസമയം, 133 പേർ സൂപ്പർടെക്കിന്റെ തന്നെ മറ്റ് പ്രോജക്റ്റുകളിലേക്ക് നിക്ഷേപം മാറ്റിയിരുന്നു. ബാക്കി 252 പേർക്കാണ് ഇനി പണം മടക്കിനൽകേണ്ടത്. മരടിൽ തീരദേശ നിയമം ലംഘിച്ച് നിർമിച്ച ഫ്ളാറ്റുകൾ പൊളിക്കാൻ 2019-ൽ സുപ്രീംകോടതി ഉത്തരവിട്ടകാര്യവും വിധിയിൽ ചൂണ്ടിക്കാട്ടി. നോയ്ഡ അതോറിറ്റി ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് ഫ്ളാറ്റ് പൊളിക്കേണ്ടത്. അതിന്റെ ചെലവും അനുബന്ധ ചെലവുകളും കമ്പനിതന്നെ വഹിക്കണം. റസിഡന്റ് വെൽഫെയർ അസോസിയേഷന് രണ്ട് കോടി രൂപ കമ്പനി ഒരു മാസത്തിനകം നൽകണം. രണ്ട് ടവറുകൾക്കുമായി നോയ്ഡ അതോറിറ്റി അനുമതി നൽകിയത് യഥാക്രമം 2009-ലും 2012-ലുമാണ്. കെട്ടിട നിർമാണ ചട്ടങ്ങൾ പ്രകാരമുള്ള ചുരുങ്ങിയ അകലം പാലിക്കാതെയാണ് ടവറുകൾ നിർമിച്ചത്. അകലത്തിന്റെ പ്രശ്നം മറികടക്കാനായി ടവർ ഒന്ന്, ടവർ 16, ടവർ 17 എന്നിവ ഒരേ ബ്ലോക്കിലെ ഒരേ കെട്ടിട ക്ലസ്റ്ററിൽ വരുന്നതാണെന്ന് വരുത്തിത്തീർക്കാൻ ശ്രമം നടന്നതായി കോടതി ചൂണ്ടിക്കാട്ടി. ഇതിന് വിരുദ്ധമായ കാര്യമാണ് നിക്ഷേപകരോട് കമ്പനി പറഞ്ഞിരുന്നത്. ഒരേ ബ്ലോക്കിലാണെന്ന വാദം വിലപ്പോവില്ലെന്ന് ബോധ്യമായതോടെ, ടവർ ഒന്നും ടവർ 17-ഉം ഏറ്റവും അറ്റത്തുകിടക്കുന്നതാണെന്നും വാദിച്ചുനോക്കി. എന്നാൽ ഈ രണ്ട് ടവറുകളും മുഖാമുഖം നിൽക്കുന്നതാണെന്ന് കോടതി പറഞ്ഞു. ടവറുകളുടെ നിർമാണത്തിൽ അഗ്നിസുരക്ഷാ മാനദണ്ഡങ്ങളും ലംഘിക്കപ്പെട്ടുവെന്നും സുപ്രീംകോടതി വ്യക്തമാക്കി.


from mathrubhumi.latestnews.rssfeed https://ift.tt/2WJXLbm
via IFTTT