Breaking

Wednesday, August 25, 2021

‘അടിത്തട്ട് ദ്രവിച്ചു, കോൺഗ്രസ് പുതുക്കിപ്പണിയണം’; പരാജയം പഠിച്ച കമ്മിറ്റികൾ പറയുന്നു

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിയെക്കുറിച്ച്‌ പഠിക്കാൻ കോൺഗ്രസ് നിയോഗിച്ച അഞ്ച് മേഖലാസമിതികൾ റിപ്പോർട്ട് സമർപ്പിച്ചു. പാർട്ടിയുടെ അടിത്തട്ട് ദ്രവിച്ചിരിക്കയാണെന്നും താഴെത്തലത്തിലുള്ള സംഘടനാദൗർബല്യം പരിഹരിക്കണമെന്നുമാണ് സമിതികളുടെ പ്രധാന കണ്ടെത്തൽ. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള മുന്നൊരുക്കങ്ങൾ കാര്യമായി നടക്കാതിരുന്നതാണ് അഞ്ചുസമിതികളും കണ്ടെത്തിയ മറ്റൊരു കാരണം. തദ്ദേശതിരഞ്ഞെടുപ്പിലുണ്ടായ അസ്വാരസ്യങ്ങൾപോലും പറഞ്ഞുതീർത്തില്ല. സ്ഥാനാർഥിനിർണയ ചർച്ചകൾ നീണ്ടു. മുഴുവൻ സംഘാടനച്ചുമതലയും സ്ഥാനാർഥികളുടെ തലയിലായി. ഡി.സി.സി.യിലുംമറ്റും നൂറിൽപ്പരം ഭാരവാഹികളുണ്ടെങ്കിലും പകുതി പേർപോലും പ്രവർത്തനരംഗത്തുണ്ടായില്ല.മാണിയുടെ നഷ്ടം ജോസഫ് നികത്തിയില്ലപാർട്ടിയെ എക്കാലത്തും പിന്തുണച്ചിരുന്ന ക്രിസ്ത്യൻ, മുസ്‌ലിം വിഭാഗങ്ങളുടെ പിന്തുണയിൽ വലിയ ചോർച്ചയുണ്ടായി. തിരുവനന്തപുരത്ത് നാടാർ വിഭാഗത്തെ ഒ.ബി.സി.യിൽ ഉൾപ്പെടുത്തിയത് നാലുമണ്ഡലങ്ങളിലെ ഫലത്തെ ബാധിച്ചു. മീൻപിടിത്തക്കരാർ പ്രചാരണായുധമാക്കിയിട്ടും തീരദേശമേഖലയിൽ പ്രയോജനപ്പെട്ടില്ല. വയനാട്, മലപ്പുറം, കോഴിക്കോട് മേഖലയിലെ 46 സീറ്റിൽ ഒറ്റ ക്രിസ്ത്യൻ സ്ഥാനാർഥിപോലും ഇല്ലാത്തതുതന്നെ സാമുദായികസന്തുലനം പാലിച്ചില്ലെന്നതിന്‌ തെളിവാണ്. മധ്യതിരുവിതാംകൂറിൽ കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന്റെ കൊഴിഞ്ഞുപോക്ക് പരമ്പരാഗതമായി കിട്ടിക്കൊണ്ടിരുന്ന വോട്ടുകളിൽ ചോർച്ചയുണ്ടാക്കി. ജോസഫ് ഗ്രൂപ്പിനാകട്ടെ ചിലയിടത്തൊഴിച്ച് താഴെത്തട്ടിൽ കമ്മിറ്റികൾപോലുമില്ല. പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഈ വിടവ് പ്രകടമായി. ഓർത്തഡോക്സ്-യാക്കോബായ പ്രശ്നത്തിന്റെ പേരിൽ എൽ.ഡി.എഫിന് രണ്ടുകൂട്ടരുടെയും പിന്തുണ കിട്ടി. പ്രബല മുസ്‌ലിംവിഭാഗങ്ങളുടെ പിന്തുണയിലും യു.ഡി.എഫിന് കുറവുവന്നു.മുതിർന്ന നേതാക്കൾ തോൽപ്പിക്കാനിറങ്ങി മുമ്പ് എം.എൽ.എ.മാരായിരുന്നവർ തങ്ങളുടെ മണ്ഡലങ്ങളിൽവന്ന ചെറുപ്പക്കാരെ തോൽപ്പിക്കാനിറങ്ങിയത് തിരിച്ചടിയായി. പുതുമുഖങ്ങൾക്ക് സീറ്റുകിട്ടുന്നതിനെതിരേ സജീവമായി അവർ ഇടപെട്ടു. അവരെ അനുനയിപ്പിക്കാൻ നേതൃതല ഇടപെടലുണ്ടായില്ല. കോൺഗ്രസ് തോറ്റ മിക്കമണ്ഡലത്തിലും മുതിർന്ന നേതാക്കളുടെ നിസ്സഹകരണം പ്രതിഫലിച്ചു. കെ.പി.സി.സി. ഭാരവാഹികളടക്കം പാർട്ടി സ്ഥാനാർഥികൾക്കെതിരേ പ്രവർത്തിച്ചു. സ്ഥാനാർഥികളുടെ പരാതികളായാണ് ഇവ റിപ്പോർട്ടുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത്തരം വീഴ്ചകൾക്കെതിരേ കർശനനടപടി സ്വീകരിച്ചില്ലെങ്കിലും അവരെ താക്കീതുചെയ്യുകയെങ്കിലും വേണമെന്ന്‌ നിർദേശമുണ്ട്. മുരളീധരൻ, കുഞ്ഞാലിക്കുട്ടി: മത്സരം ദോഷംചെയ്തു കെ. മുരളീധരൻ നേമത്ത്‌ മത്സരിച്ചത് അവിടത്തെ വോട്ട് ഇരട്ടിയാക്കാൻ സഹായിച്ചു. പക്ഷേ, അത് ബി.ജെ.പി.യുടെ വാശികൂട്ടി. മറ്റുചില മണ്ഡലങ്ങളിൽ എൽ.ഡി.എഫ്. അനുകൂല നിലപാടെടുക്കാൻ ഇത് ബി.ജെ.പി.യെ പ്രേരിപ്പിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി ലോക്‌സഭാംഗത്വം രാജിവെച്ച് മത്സരിക്കാനിറങ്ങിയത് അസംതൃപ്തിക്കിടയാക്കി. പരിശോധനസമിതി വരും കെ.എ.ചന്ദ്രൻ, കെ.മോഹൻകുമാർ, പി.ജെ.ജോയ്, വി.സി.കബീർ, കുര്യൻ ജോയ് എന്നിവരുടെ നേതൃത്വത്തിലുള്ള അഞ്ച് മേഖലാസമിതികളാണ് പഠനം നടത്തിയത്. ശുപാർശകളുടെ അടിസ്ഥാനത്തിൽ സ്വീകരിക്കേണ്ട കാര്യങ്ങൾ ക്രോഡീകരിക്കാൻ പരിശോധനസമിതിയെ നിയോഗിച്ചേക്കും.


from mathrubhumi.latestnews.rssfeed https://ift.tt/3DiigMK
via IFTTT