ന്യൂഡൽഹി: ആദായനികുതി റിട്ടേൺ സമർപ്പിക്കാനായി ആരംഭിച്ച പുതിയ ഇ-പോർട്ടൽ(www.incometax.gov.in) നികുതിദായകർക്കും ഈ മേഖലയിലെ പ്രൊഫഷണലുകൾക്കും ഉദ്യോഗസ്ഥർക്കും ഒരുപോലെ തലവേദനയായി. ഈ സാഹചര്യത്തിൽ കേന്ദ്ര ധനമന്ത്രാലയം പോർട്ടലിന്റെ നിർമാണച്ചുമതലയുള്ള ഇൻഫോസിസ് കമ്പനിയിൽനിന്ന് നേരിട്ട് വിശദീകരണം തേടുന്നു. കമ്പനിയുടെ എം.ഡി.യും സി.ഇ.ഒ.യുമായ സലീൽ പരേഖിനോട് തിങ്കളാഴ്ച ധനകാര്യമന്ത്രി നിർമലാ സീതാരാമന് മുമ്പിൽ നേരിട്ടെത്തി കാര്യങ്ങൾ വിശദീകരിക്കാൻ കേന്ദ്രം നിർദേശിച്ചു. ജൂൺ ഏഴിനാണ് പുതിയ പോർട്ടലിന് തുടക്കമിട്ടത്. ഇതിലെ തടസ്സങ്ങൾ രണ്ടരമാസമായിട്ടും പരിഹരിക്കപ്പെടാത്തതിൽ ധനമന്ത്രാലയം ആശങ്കയിലാണ്. ശനിയാഴ്ച മുതൽ 'പോർട്ടൽ ലഭ്യമല്ല' എന്നാണ് കാണിച്ചിരുന്നത്. ആദായനികുതി റിട്ടേൺ സമർപ്പിക്കൽ സുഗമവും ഉപയോഗസൗഹൃദവും ആകും എന്ന പ്രഖ്യാപനത്തോടെയാണ് ജൂൺ ഏഴിന് പുതിയ പോർട്ടൽ തുടങ്ങിയത്. പഴയ പോർട്ടലിന്റെ പ്രവർത്തനം മേയ് 31-ന് അവസാനിച്ചിരുന്നു. പുതിയ പോർട്ടലുമായി ബന്ധപ്പെട്ട് എങ്ങും പരാതികളുടെ പ്രവാഹമാണ്. ഐ.ടി. റിട്ടേൺ സമർപ്പിക്കാനാവാതെയും അപ്പീലുകളിൽ തീർപ്പാക്കാൻ പാറ്റാതെയും നികുതിദായകർ കുഴങ്ങുന്നു. പോർട്ടലിലെ തടസ്സത്തിന് സർക്കാർ ഉത്തരവാദികളല്ലെങ്കിലും റിട്ടേൺ സമർപ്പിക്കൽ വൈകുമ്പോൾ അതിന് പലിശ കൊടുക്കേണ്ട ബാധ്യത നികുതിദായകരിൽ വന്നുചേരുകയാണ്. 164.5 കോടിരൂപയാണ് പോർട്ടൽ വികസിപ്പിക്കാൻ കേന്ദ്രം ഇൻഫോസിസിന് നൽകിയത്. വ്യക്തികൾക്ക് കഴിഞ്ഞ സാമ്പത്തികവർഷത്തെ ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബർ 31 ആണ്. കമ്പനികൾക്ക് ഒക്ടോബർ മുപ്പത്തിയൊന്നും. പ്രശ്നം ഗുരുതരം *പുതിയ പോർട്ടൽ പലപ്പോഴും പ്രവർത്തനം മുടങ്ങുന്നു. മുൻ പോർട്ടലിൽ വ്യക്തിയുടെയും കമ്പനിയുടെയും ആദായനികുതി, അപ്പീലുകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട ഒട്ടേറെ ഡേറ്റ ഉണ്ടായിരുന്നു. അവയൊന്നും പുതിയതിലേക്ക് പൂർണമായി മാറ്റപ്പെട്ടിട്ടില്ല. *നികുതിയുമായി ബന്ധപ്പെട്ട പരാതികൾ സമർപ്പിക്കാനുള്ള സംവിധാനം ഫലപ്രദമല്ല. പഴയ പരാതികളുടെ ഡേറ്റ മാറ്റപ്പെട്ടിട്ടില്ല. *ആദായ നികുതി ഉദ്യോഗസ്ഥർക്ക് പുതിയ പോർട്ടലിൽ പ്രവേശിച്ച് നികുതിദായകന്റെയോ കമ്പനിയുടെയോ പരാതി സംബന്ധമായ വിവരങ്ങൾ പരിശോധിക്കാനാവില്ല. *അപ്പീലുകൾ ഫയൽ ചെയ്യുന്നതിൽ പ്രയാസം. ഫയൽ ചെയ്ത അപ്പീലുകളുടെ വിവരങ്ങൾ പൂർണമായും പോർട്ടലിൽ പ്രത്യക്ഷപ്പെടുന്നില്ല. *ആദായനികുതിയുമായി ബന്ധപ്പെട്ട കേസുകൾ വീണ്ടും കേൾക്കാൻ അപ്പലെറ്റ് ട്രിബ്യൂണൽ കമ്മിഷണർമാർക്ക് നിർദേശം നൽകാറുണ്ട്. അത്തരം കേസുകളുടെ വിവരങ്ങളൊന്നും നികുതിദായകന് പുതിയ പോർട്ടലിൽ ലഭിക്കില്ല. *ജൂൺ ഏഴിന് പോർട്ടൽ നിലവിൽ വന്നെങ്കിലും ജൂലായ് അവസാനംവരെ സാധാരണ ശമ്പളക്കാർക്കുള്ള ഐ.ടി. റിട്ടേൺ ഫോം മാത്രമേ ലഭ്യമായിരുന്നുള്ളൂ. മറ്റ് വിഭാഗക്കാർക്കുള്ള ഫോമുകൾ പോർട്ടലിൽ ലഭിക്കാൻ കാലതാമസം നേരിട്ടു. *കമ്പനികളുടെ 'ഡിജിറ്റൽ സിഗ്നേച്ചർ' പുതിയ പോർട്ടലിൽ വീണ്ടും അപ്ലോഡ് ചെയ്യണമെന്ന നിർദേശം നടപ്പാക്കുന്നതിൽ കാലതാമസമുണ്ടായി. *ഡിജിറ്റൽ സിഗ്നേച്ചർ മാത്രമേ പുതുതായി അപ്ലോഡ് ചെയ്യേണ്ടതുള്ളു, പഴയ ഡേറ്റയെല്ലാം അതുപോലെ ഉണ്ടാകുമെന്നാണ് ആദായനികുതി വകുപ്പ് തുടക്കത്തിൽ പ്രഖ്യാപിച്ചിരുന്നത്. Content Highlights:Income Tax e-filing portal glitches; Government summons Infosys CEO Salil Parekh
from mathrubhumi.latestnews.rssfeed https://ift.tt/3D9UKl1
via
IFTTT