തിരുവനന്തപുരം: കോൺഗ്രസിൽ ചേരിതിരിവുകൾ ശക്തമായതോടെ ഗ്രൂപ്പുവിട്ടും പുതിയ കൂടുകെട്ടിയും നേതാക്കൾ ഭാഗ്യം പരീക്ഷിക്കുന്നു. ഗ്രൂപ്പ് രാഷ്ട്രീയത്തിന് അറുതിയായെന്നും അത്തരം പരിഗണനകൾക്കതീതമായിരിക്കും തീരുമാനമെന്നുമാണ് നേതാക്കളുടെ നിലപാട്. എന്നാൽ പരമ്പരാഗത ഗ്രൂപ്പുകൾക്കൊപ്പം പുതിയവിഭാഗങ്ങളും രൂപപ്പെട്ടുകൊണ്ടിരിക്കയാണ്. എ.കെ. ആന്റണി-കെ. കരുണാകരൻ കാലത്തിന് ശേഷം 18 വർഷത്തോളമായി ഉമ്മൻചാണ്ടി-രമേശ് ചെന്നിത്തല ദ്വന്ദമാണ് സംസ്ഥാന കോൺഗ്രസ് നിയന്ത്രിച്ചിരുന്നത്. എന്നാൽ അധികാരമാറ്റത്തോടെ എ, ഐ ഗ്രൂപ്പുകളിൽനിന്നുള്ള പല പ്രമുഖരും കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്റെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെയും ഒപ്പംകൂടി. കെ.സി. വേണുഗോപാലിന്റെ ഒത്താശയിൽ സംസ്ഥാനത്ത് ഔദ്യോഗിക വിഭാഗത്തിന്റെതായി പുതിയ ഗ്രൂപ്പ് രൂപപ്പെടുന്നുണ്ടെന്നാണ് അവരുടെ പക്ഷം. ഐ. ഗ്രൂപ്പിന്റെ ഭാഗമായിരുന്നവരാണ് സുധാകരനും സതീശനുമെന്നതാണ് വൈരുദ്ധ്യം. കെ. മുരളീധരനും ഔദ്യോഗിക പക്ഷത്തോടൊപ്പമാണ്. ഡി.സി.സി. പുനഃസംഘടന സംബന്ധിച്ച പ്രാഥമികചർച്ചകളിൽ തന്നെ പങ്കെടുപ്പിച്ചില്ലെന്ന കാരണത്താൽ രാഷ്ട്രീയകാര്യസമിതിയിൽനിന്ന് പോലും വിട്ടുനിന്ന മുരളീധരൻ പട്ടിക സംബന്ധിച്ച് വേണ്ടത്ര ചർച്ച പാർട്ടിയിൽ നടന്നുവെന്ന അഭിപ്രായത്തിലേക്ക് മാറിയതും ശ്രദ്ധേയമായി. ശൂരനാട് രാജശേഖരനാണ് ഐ. ഗ്രൂപ്പ് വിട്ട മറ്റൊരാൾ. ‘ശനി’ വിടാതെ എ ഗ്രൂപ്പ്എ ഗ്രൂപ്പിനും ശനികാലമാണ്. പ്രതിപക്ഷനേതാവിനെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച അഭിപ്രായംതേടുന്ന സമയത്തുതന്നെ ടി. സിദ്ദിഖിനെയും ഷാഫി പറമ്പിലിനെയും പരമ്പരാഗത എ വിഭാഗത്തിന് നഷ്ടമായിരുന്നു. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് താത്പര്യമുണ്ടായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ അതിന് മുൻകൈയെടുക്കാത്ത ഗ്രൂപ്പ് നിലപാടിൽ പ്രതിഷേധിച്ച് അകലം പാലിച്ചു. നിയമസഭാകക്ഷിയിൽ ഭൂരിപക്ഷം ഇല്ലാത്തതിനാൽ ഒരു മത്സരത്തിന് നിൽക്കേണ്ടെന്നായിരുന്നു അന്ന് ഉമ്മൻചാണ്ടിയുടെ നിലപാട്. ഗാഡ്ഗിൽ റിപ്പോർട്ടിൽ നിലപാട് എടുത്തതിന്റെ പേരിൽ ലോക്‌സഭാസീറ്റ് വെട്ടിയപ്പോൾത്തന്നെ പി.ടി. തോമസ് എ ഗ്രൂപ്പുമായി അകന്നിരുന്നു. പിന്നീട് തൃക്കാക്കരയിൽ അദ്ദേഹത്തിന് സീറ്റ് ലഭിച്ചത് വി.എം. സുധീരന്റെ ഇടപെടലിലായിരുന്നു. കൊടിക്കുന്നിലും പഴയ എ വിഭാഗമാണെങ്കിലും നിലവിൽ അകൽച്ചയിലാണ്. ഉമ്മൻചാണ്ടിയുടെയും രമേശിന്റെയും വാദങ്ങളെ പഴയ അനുയായികളെക്കൊണ്ടുതന്നെ എതിർക്കാൻ കഴിയുന്നത് ഔദ്യോഗികപക്ഷത്തിന് നൽകുന്ന ബലം ചെറുതല്ല. ഒപ്പം നിൽക്കുന്നവരെ പിടിച്ചുനിർത്തുന്നതിന് മുൻനിരനേതാക്കൾതന്നെ രംഗത്തിറങ്ങുന്ന കാഴ്ചയാണിപ്പോൾ.
from mathrubhumi.latestnews.rssfeed https://ift.tt/3gPgB7Z
via
IFTTT