Breaking

Wednesday, September 1, 2021

ദേശീയപാതയിൽനിന്ന് വഴി വേണോ? ഫീസ് 2.85 ലക്ഷം

ആലപ്പുഴ: ദേശീയപാത 66 ആറുവരിയിൽ പുനർനിർമിക്കുന്നതോടെ പ്രവേശനാനുമതിക്കുള്ള(ആക്സസ് പെർമിഷൻ) നടപടി കർശനമാക്കാൻ ദേശീയപാത അതോറിറ്റിയുടെ നിർദേശം. പാതയോരത്തെ അനധികൃത പാർക്കിങ് ഒഴിവാക്കാനും കെട്ടിടങ്ങളിലേക്കും ആരാധനാലയങ്ങളിലേക്കുമുള്ള വാഹനസഞ്ചാരം പാതയിലെ ഗതാഗതത്തിനു തടസ്സമാകാതിരിക്കാനും മറ്റുമായി 2002-ലാണ് കേന്ദ്രസർക്കാർ ഇതുസംബന്ധിച്ച നിയമംനടപ്പാക്കിയത്. മെട്രോനഗരങ്ങളിൽ മാത്രമായിരുന്നു ഇതുവരെ നിയമംകൃത്യമായി പാലിക്കപ്പെട്ടത്. എന്നാൽ, ആറുവരിപ്പാത വരുന്നതോടെ എല്ലായിടത്തും നിയമപ്രകാരമുള്ള നടപടിയെടുക്കാനാണു നിർദേശം.വീടുകൾക്കും ഒറ്റമുറിക്കടകൾക്കും കൃഷിയിടങ്ങൾക്കും പ്രവേശനാനുമതി ഫീസ് ഈടാക്കില്ല. എന്നാൽ, ഇവരും അനുമതിക്കപേക്ഷിക്കണം. സ്വകാര്യ വാണിജ്യസ്ഥാപനങ്ങൾ ഒറ്റത്തവണ അനുമതിവാങ്ങിയാൽ മതിയാകും. എന്നാൽ, പെട്രോൾ ബങ്കുകൾക്ക് അനുമതിക്കാലം 15 വർഷമാണ്. പാതയുടെ ഇരുവശത്തുമുള്ള സ്വകാര്യസ്ഥാപനങ്ങൾ, പെട്രോൾ ബങ്കുകൾ, വാണിജ്യസ്ഥാപനങ്ങൾ തുടങ്ങിയവയുടെ നിർമാണത്തിനുമുൻപ്‌ കേന്ദ്രറോഡ് ഗതാഗത ഹൈവേമന്ത്രാലയവും എൻ.എച്ച്.എ.ഐ.യും നിർദേശിക്കുന്ന രീതിയിൽ പ്രവേശനാനുമതിക്കപേക്ഷിക്കണം. പ്രവേശന അനുമതിയില്ലാത്തവർക്കു തദ്ദേശസ്ഥാപനങ്ങൾ നിർമാണാനുമതി നൽകരുതെന്നാണു നിർദേശം. 2.85 ലക്ഷംരൂപയാണ് പ്രവേശനാനുമതി ഫീസിനത്തിൽ നൽകേണ്ടത്. കൺസൽട്ടിങ് സ്ഥാപനം സർവീസ് ചാർജായി പെട്രോൾ ബങ്കുകളിൽനിന്നു മൂന്നരലക്ഷം രൂപയും സ്വകാര്യ-വാണിജ്യ സ്ഥാപനങ്ങളിൽനിന്നു രണ്ടരലക്ഷം രൂപയും അധികമായി ഈടാക്കും. ഒരു സ്ഥാപനത്തിലേക്കു പരമാവധി 12 മീറ്റർ വീതിയിലുള്ള വഴിക്കേ അനുമതിലഭിക്കൂ. പാതയിലേക്കു മഴവെള്ളം, മലിനജലം എന്നിവ ഒഴുക്കാൻ പാടില്ല. ദേശീയപാതയോരത്തു നിർമിതികൾക്ക് അനുമതിനൽകുമ്പോൾ റോഡിന്റെ അതിർത്തിയിൽനിന്നു നിശ്ചിത അകലമുണ്ടാകണമെന്നതു നിർബന്ധമാണ്. സമതലപ്രദേശങ്ങളിൽ നിർമിതികളുടെ വലുപ്പമനുസരിച്ച് മൂന്നുമുതൽ ആറുവരെമീറ്റർ അകലം വേണം. മലയോരമേഖലകളിൽ മൂന്നുമുതൽ അഞ്ചുവരെ മീറ്ററും. രാജ്യത്ത് അംഗീകൃത ഏജൻസികൾ 138 കേന്ദ്ര റോഡ് ഗതാഗത ഹൈവേമന്ത്രാലയം രാജ്യത്തെ 138 കൺസൽട്ടൻസികൾക്കാണ് പ്രവേശനാനുമതിയുമായി ബന്ധപ്പെട്ട ജോലികൾചെയ്യാൻ അനുമതി നൽകിയിരിക്കുന്നത്. കേരളത്തിൽ കൊച്ചിയിലുള്ള സമാറ കൺസൽട്ടന്റ്സ് ആൻ‍ഡ് ഡെവലപ്പേഴ്‌സിനാണ് അനുമതി.


from mathrubhumi.latestnews.rssfeed https://ift.tt/3zCer34
via IFTTT