Breaking

Wednesday, September 1, 2021

കയറ്റിറക്കുകൂലി നൽകില്ലെന്ന് ലോറി ഉടമകൾ; ചരക്കുനീക്കം പ്രതിസന്ധിയിലേക്ക്

കൊല്ലം : ചരക്കുലോറികളിലും ട്രക്കുകളിലും കൊണ്ടുവരുന്ന സാധനങ്ങളുടെ കയറ്റിറക്കുകൂലി ഇനി നൽകില്ലെന്ന് ലോറി ഉടമകൾ. ട്രക്ക്, ലോറി ഉടമാ സംഘടനകളുടെ കൺസോർഷ്യമാണ് ഈ തീരുമാനമെടുത്തത്. ഇതുവരെ ലോറിവാടകയിൽനിന്നാണ് കയറ്റിറക്കുകൂലി നൽകിവന്നത്. ഇനി കയറ്റിറക്കുകൂലി മൊത്തവ്യാപാരികൾ നൽകേണ്ടിവരും. ഇത് വിലക്കയറ്റത്തിനു കാരണമാകാൻ സാധ്യതയുണ്ട്. കേരളത്തിലേതടക്കം ഒട്ടേറെ ലോറി ഉടമാ സംഘടനകൾ ഓഗസ്റ്റ് 16 മുതൽ കയറ്റിറക്കുകൂലിയും ചായക്കാശും (കയറ്റിറക്ക് ചെലവ്) നൽകില്ലെന്ന് വ്യാപാരികളെ രേഖാമൂലം അറിയിച്ചിരുന്നു. കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽനിന്നുള്ള ചരക്കുവാഹനങ്ങൾ ഇത് പ്രാവർത്തികമാക്കിക്കഴിഞ്ഞു. മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള ലോറി ഉടമകൾ സെപ്റ്റംബർമുതൽ കയറ്റിറക്കുകൂലി നൽകില്ലെന്ന് അറിയിച്ചിട്ടുണ്ട്. കേരളത്തിൽ ഇപ്പോഴും കയറ്റിറക്കുകൂലിയും ചായക്കാശും ലോറി ഉടമകളാണ് നൽകുന്നത്. ദേശീയതലത്തിൽ എടുത്ത തീരുമാനമായതിനാൽ അടുത്തദിവസങ്ങളിൽത്തന്നെ ഇത് അനുസരിക്കേണ്ടിവരുമെന്ന് ലോറി ഉടമകൾ പറയുന്നു. കയറ്റിറക്കുകൂലി നൽകില്ലെന്ന തീരുമാനം വന്നതോടെ മഹാരാഷ്ട്രയിൽനിന്നും കർണാടകയിൽനിന്നുമെത്തുന്ന അരി, പഞ്ചസാര, പലവ്യഞ്ജനങ്ങൾ എന്നിവയുടെ മറിപ്പുകൂലി വ്യാപാരികളാണ് നൽകുന്നത്. 500 ചാക്ക് പഞ്ചസാരയുടെ കൊല്ലത്തെ ഇറക്കുകൂലി 2,940 രൂപയാണ്. ഈ അധികത്തുക ഉപഭോക്താക്കളുടെ ചുമലിലെത്തും. കയറ്റിറക്കുകൂലി നൽകാത്ത സാഹചര്യത്തിൽ ലോറിവാടക കുറയ്ക്കേണ്ടതാണെന്നും ഇതുണ്ടായിട്ടില്ലെന്നും വ്യാപാരികൾ പറയുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2Yg6T8f
via IFTTT