കണ്ണൂർ: കടലാഴങ്ങൾ സ്വന്തം വീട്ടുമുറ്റംപോലെ സുപരിചിതമായ ഇവർ ഞണ്ട് വേട്ടയ്ക്ക് സ്വീകരിക്കുന്നത് 'ഹൈടെക്' മാർഗം. കൂറ്റൻ തിരമാലകളോട് പൊരുതി മൂന്നുമണിക്കൂറോളം അധ്വാനിച്ച് സമ്പാദിക്കുന്നത് രണ്ടായിരത്തോളം രൂപ. പിടിച്ചെടുക്കുന്ന ഞണ്ടുകളെ മണിക്കൂറുകൾക്കുള്ളിൽ ജീവനോടെ കടൽ കടത്തുകയും ചെയ്യുന്നു. കണ്ണൂർ സിറ്റിക്കടുത്ത മുക്കടവ് പ്രദേശത്തെ കടൽ രക്ഷാപ്രവർത്തകർ കൂടിയായ ഇരുപതോളംപേരാണ് സാഹസികരായ ഈ ഞണ്ടു പിടിത്തക്കാർ. നീളമുള്ള കയറിൽ ഭാരമുള്ള കല്ല് ബന്ധിച്ച റബ്ബർ ട്യൂബ്, ട്യൂബുമായി ബന്ധിപ്പിച്ച വല, പ്രത്യേക ലെൻസുള്ള മുഖാവരണം, കട്ടിയുള്ള റബ്ബർ കൈയുറ. ഇത്രയുമാണ് ഞണ്ടുവേട്ടയ്ക്കുള്ള ആയുധങ്ങൾ. തിരമാലകൾ തീരത്ത് നിന്ന് പിൻവാങ്ങി തിരിച്ചുവരുന്ന ഇടവേളയിൽ മുങ്ങി ഞണ്ടുകളെപ്പിടിച്ച് പൊങ്ങിവരണം. അൻപത് സെക്കൻഡുകൾ മുതൽ ഒരു മിനിട്ടുവരെ സമയമെടുക്കും. ആറും ഏഴും മീറ്റർ ആഴത്തിൽ മുങ്ങും. ആദ്യം കാറ്റുനിറച്ച റബ്ബർ ട്യൂബ് കടലിലെറിയും. നല്ല ഭാരമുള്ള കല്ല് കയറിൽ ബന്ധിച്ചത് കാരണം ട്യൂബ് ഒഴുകിപ്പോകാതെ നിൽക്കും. കയറിൽപ്പിടിച്ചാണ് കടലിൽ മുങ്ങുക. അടിത്തട്ടിൽ, അല്ലെങ്കിൽ തീരത്തുള്ള കല്ലിടുക്കുകളിൽ ആഹാരം തിരയുന്ന ഞണ്ടുകളെ പിടികൂടും. ഒരു മുങ്ങലിന് ചിലപ്പോൾ രണ്ടിലധികം കിട്ടും. ചിലപ്പോൾ കിട്ടില്ല. ഞണ്ടുകളുടെ ആക്രമണം തടയാനാണ് കട്ടിയുള്ള റബ്ബർ കൈയുറ. കയറിൽപ്പിടിച്ച് നിവർന്നുവന്ന് ഞണ്ടുകളെ ട്യൂബിനോട് ബന്ധിച്ച വലയിലിട്ട് സൂക്ഷിക്കും. പ്രത്യേക ലെൻസ് ഘടിപ്പിച്ച മുഖാവരണം ധരിക്കുന്നത് കാരണം നല്ല കാഴ്ച കിട്ടുകയും മുഖത്തിന് സുരക്ഷ ലഭിക്കുകയും ചെയ്യും. ദുരന്തനിവാരണ സേനാ വൊളന്റിയർമാരായ ഷഫീർ, ഗഫൂർ, മൊയ്തീൻ, ഇർഷാദ്, റഷീദ്, സിദ്ദീഖ്, ഖാദർ തുടങ്ങിയവരാണ് ഇവിടുത്തെ പ്രധാന ഞണ്ടുവേട്ടക്കാർ. മുങ്ങിമരിച്ചവരുടെ മൃതദേഹങ്ങൾ തിരയാനും രക്ഷാപ്രവർത്തനങ്ങൾക്കും അഗ്നിരക്ഷാസേനാവിഭാഗം ഇവരുടെ സഹായം തേടാറുണ്ട്. ബീരാനാണ് ഇവരുടെ ക്യാപ്റ്റൻ. കണ്ണൂർ കോട്ട, പയ്യാമ്പലത്തെ ലൈറ്റ് ഹൗസ് എന്നിവയുടെ പരിസരം, ബേബി ബീച്ച്, അഴീക്കൽ എന്നിവിടങ്ങളിൽനിന്നാണ് ഞണ്ടുകളെ പിടിക്കുന്നത്. ജൂലായ്-ഓഗസ്റ്റ് മാസങ്ങളിലാണ് ഞണ്ടുകളെ പിടിക്കുക. ഓണത്തിനുശേഷം ഇവർ കല്ലുമ്മക്കായ പറിക്കാൻ പോകും. തുടർന്നുള്ള ആറുമാസം ഈ ജോലിയിലായിരിക്കും. ഇതിനിടയിൽ കരവല വലിക്കാനും പോകും. പിടിച്ചെടുക്കുന്ന ഞണ്ടുകളെ സിറ്റിയിലുള്ള ടി.പി.കെ. കമ്പനിക്ക് വിൽക്കും. അവർ ജീവനോടെ വിദേശത്തേക്ക് കയറ്റിയയക്കും. സിങ്കപ്പൂർ, തായ് ലാൻഡ്, മലേഷ്യ എന്നിവിടങ്ങളിലേക്കാണ് ഞണ്ടുകളെ കയറ്റിയയക്കുന്നതെന്ന് ടി.പി.കെ. കമ്പനിയുടമ അഷറഫ് പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/3ftnBH7
via
IFTTT