കാസർകോട്: അവസാന പാദത്തിലേക്ക് കടക്കുമ്പോഴും സംസ്ഥാനത്ത് കാലവർഷം ദുർബലമായി തുടരുന്നു. മൂന്നുമാസം പിന്നിട്ടപ്പോൾ കേരളത്തിൽ 22 ശതമാനം കുറവ് മഴയാണ് രേഖപ്പെടുത്തിയത്. ഓഗസ്റ്റ് 31 വരെയുള്ള കണക്കുപ്രകാരം കേരളത്തിൽ 1789.7 മില്ലിമീറ്റർ മഴ ലഭിക്കേണ്ടിടത്ത് ഇതുവരെ 1402 മില്ലിമീറ്റർ മാത്രമാണ് പെയ്തത്. ഓഗസ്റ്റിൽ സാധാരണയായി 426.7 മി.മീ. മഴ ലഭിക്കേണ്ടിടത്ത് ഇത്തവണ രണ്ടുശതമാനം കുറവ് രേഖപ്പെടുത്തി 416.1 മി.മീ. മഴയാണ് പെയ്തത്.കഴിഞ്ഞ നാലുവർഷങ്ങളിലും ഓഗസ്റ്റിൽ അധികം മഴ ലഭിച്ചിരുന്നു. 2020-ൽ 35, 2019-ൽ 123, 2018-ൽ 96, 2017-ൽ 10 ശതമാനം കൂടുതൽ മഴയാണ് ലഭിച്ചത്. ജൂലായിൽ 20, ജൂണിൽ 36 ശതമാനംവീതം കുറവ് മഴയാണ് ഇത്തവണ രേഖപ്പെടുത്തിയത്. കാലവർഷം തുടങ്ങി മൂന്ന് മാസം പിന്നിട്ടിട്ടും മൺസൂൺ കാറ്റ് ശക്തി പ്രാപിക്കാത്തതാണ് മഴ കുറയാനുള്ള പ്രധാന കാരണം. എട്ട് ന്യൂനമർദങ്ങൾ ഈ കാലവർഷ സീസണിൽ ഇതുവരെ രൂപപ്പെട്ടെങ്കിലും ഒരെണ്ണം പോലും കാര്യമായി ശക്തി പ്രാപിച്ചില്ല. കാലവർഷത്തെ സ്വാധീനിക്കുന്ന ആഗോള കാലാവസ്ഥ പ്രതിഭാസമായ എം.ജെ.ഒ. (മാഡൻ ജൂലിയൻ ഓസിലേഷൻ) ഇത്തവണ ദുർബലമായിരുന്നു. ഇന്ത്യൻ മഹാസമുദ്ര പ്രതിഭാസമായ ഐ.ഒ.ഡി. (ഇന്ത്യൻ ഓഷ്യൻ ഡൈപ്പോൾ) ദുർബലമായതും മഴ കുറയാൻ കാരണമായി. കോട്ടയത്ത് അധിക മഴഇത്തവണ കോട്ടയം ജില്ലയിൽ ശരാശരിയെക്കാൾ ഒൻപതുശതമാനം അധികമഴ ലഭിച്ചപ്പോൾ പത്തനംതിട്ട ജില്ലയിൽ ശരാശരി മഴ ലഭിച്ചു. ജില്ലകളിൽ ഏറ്റവും കൂടുതൽ മഴ കാസർകോട്ടാണെങ്കിലും (2009.9 മി.മീ.) സാധാരണ ലഭിക്കേണ്ട (2699.6 മി.മീ.) മഴയെക്കാൾ 21 ശതമാനം കുറവാണിത്. 37 ശതമാനം കുറവ് മഴ ലഭിച്ച വയനാടാണ് ഏറ്റവും പിന്നിൽ.
from mathrubhumi.latestnews.rssfeed https://ift.tt/3Dyxb5E
via
IFTTT