തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലുകളിൽ കഴിയുന്ന പ്രതികൾക്ക് ലഭിച്ചത് 290 ദിവസത്തെ അധിക അവധി. ജയിൽ ചട്ടപ്രകാരമുള്ള സാധാരണ അവധിക്കു പുറമേയാണ് കോവിഡ് സാഹചര്യത്തിലെ 290 ദിവസത്തോളമുള്ള പ്രത്യേക അവധിയെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. പ്രതികൾ പൊതുജനങ്ങൾക്ക് ഭീഷണി ഉയർത്തുന്നില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ചോദ്യത്തിനുള്ള മറുപടിയായി അദ്ദേഹം പറഞ്ഞിരുന്നു. ഏറ്റവുമധികം അവധി ലഭിച്ചിരുന്നത് അന്തരിച്ച പി.കെ. കുഞ്ഞനന്തനാണ്. 2014 മുതൽ 2019 വരെ അദ്ദേഹത്തിന് 327 ദിവസം സാധാരണ, അടിയന്തര അവധിയായി അനുവദിച്ചു. 2020 മാർച്ച് 30 മുതൽ ജാമ്യത്തിലായിരുന്ന കുഞ്ഞനന്തൻ അതേവർഷം ജൂൺ 11-ന് അന്തരിച്ചു. ഇപ്പോൾ ശിക്ഷയനുഭവിക്കുന്നവരിൽ കെ.സി. രാമചന്ദ്രനാണ് ഏറ്റവുമധികം അവധി അനുവദിച്ചത്. 2014 മുതൽ ഇതുവരെ 291 ദിവസമാണ് അനുവദിച്ചത്. 2017 മുതൽ കിർമാണി മനോജിന്-180, അനൂപിന്-175, അണ്ണൻ സിജിത്തിന്-255, റഫീഖിന്-170, ട്രൗസർ മനോജിന്-257, മുഹമ്മദ് ഷാഫിക്ക്-180, ഷിനോജിന് -150, രജീഷിന്-160 ദിവസം എന്നിങ്ങനെ അവധി നൽകി. 2020-ൽ അനുവദിച്ച 290 ദിവസത്തെ പ്രത്യേക കോവിഡ് അവധി കൂടാതെയാണിതെന്നും മുഖ്യമന്ത്രിയുടെ മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ കൊടി സുനി ഒഴികെയുള്ളവരെല്ലാം കോവിഡ് സാഹചര്യത്തിലെ പ്രത്യേക അവധിയിൽ ജയിലിന് പുറത്താണ്. 2018-ൽ 60 ദിവസത്തെ അടിയന്തര, സാധാരണ അവധി മാത്രമാണ് ഇതുവരെ കൊടി സുനിക്കു ലഭിച്ചത്.
from mathrubhumi.latestnews.rssfeed https://ift.tt/3mNNju6
via
IFTTT