സുൽത്താൻബത്തേരി : യുവമോർച്ചാ നേതാക്കളെ പുറത്താക്കിയതടക്കമുള്ള നേതൃത്വത്തിന്റെ ഏകപക്ഷീയ നിലപാടിൽ പ്രതിഷേധിച്ച് ജില്ലയിലെ ബി.ജെ.പി.ക്കുള്ളിൽ വീണ്ടും കൂട്ടരാജിക്ക് കളമൊരുങ്ങുന്നു. രണ്ട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമാരും ഒരു ജനറൽസെക്രട്ടറിയും ഒരു മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻ്റുമാണ് പാർട്ടി നേതൃത്വത്തെ രാജിസന്നദ്ധത അറിയിച്ചത്. സുൽത്താൻബത്തേരി മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് കെ.എൻ. സജി കുമാർ, നൂൽപ്പുഴ പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി പി.കെ. പ്രേമൻ, അമ്പലവയൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എൻ.ടി. അനിൽ, ചീരാൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുബ്രഹ്മണ്യൻ എന്നിവർ നിയോജകമണ്ഡലം പ്രസിഡന്റിനെ ഫോണിൽ വിളിച്ച് രാജിസന്നദ്ധത അറിയിച്ചെന്നാണ് വിവരം. ഇവർ വെള്ളിയാഴ്ച രാജിക്കത്ത് നിയോജക മണ്ഡലം കമ്മിറ്റിക്ക് കൈമാറിയേക്കുമെന്നാണ് അറിയുന്നത്. ഇവരെ അനുനയിപ്പിക്കാനും ശ്രമങ്ങൾ നടക്കുന്നുണ്ട്. പാർട്ടി നേതൃത്വത്തിന്റെ ഏകപക്ഷീയമായ തീരുമാനങ്ങൾ അംഗീകരിക്കാനാവില്ലെന്ന് ബത്തേരി മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് കെ.എൻ. സജികുമാർ പറഞ്ഞു. ജില്ലയിലെ പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ സംഘടനാ സെക്രട്ടറിയടക്കമുള്ളവരെ അറിയിക്കാൻ ശ്രമിച്ചെങ്കിലും അതൊന്നും അവർ കേൾക്കാൻ തയ്യാറായില്ലെന്നും സജികുമാർ പറഞ്ഞു. വരുംദിവസങ്ങളിൽ കൂടുതൽപ്പേർ പാർട്ടി വിടുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട‌്. ചിലയിടങ്ങളിൽ പാർട്ടി കമ്മിറ്റികൾ പിരിച്ചുവിടാനും ചർച്ചകൾ നടക്കുന്നുണ്ട്. പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ജൂലായ് അഞ്ചാം തിയ്യതിയോടെ സംസ്ഥാന നേതാക്കൾ ജില്ലയിലെത്തും. ബത്തേരിയിലെ തിരഞ്ഞെടുപ്പ് ഫണ്ട് ക്രമക്കേട് ആരോപണവുമായി ബന്ധപ്പെട്ട് ബി.ജെ.പി.ക്കുള്ളിലുയർന്ന തർക്കങ്ങൾക്ക് പിന്നാലെ യുവമോർച്ചാ നേതാക്കളെ പുറത്താക്കിയതാണ് വലിയ പൊട്ടിത്തെറിക്ക് കാരണമായത്. തിരഞ്ഞെടുപ്പ് ഫണ്ട് ക്രമക്കേടുമായി ബന്ധപ്പെട്ട് പാർട്ടി യോഗങ്ങളിൽ സുരേന്ദ്രൻ പക്ഷക്കാരായ ചില നേതാക്കൾക്കുനേരേ ആരോപണമുന്നയിച്ച യുവമോർച്ചാ ജില്ലാ പ്രസിഡന്റ് ദീപു പുത്തൻപുരയിൽ, സുൽത്താൻബത്തേരി നിയോജക മണ്ഡലം പ്രസിഡന്റ് എം.എൻ. ലിലിൽ കുമാർ എന്നിവരെ ചുമതലകളിൽനിന്ന് പുറത്താക്കിയിരുന്നു. ഈ നടപടിയിൽ പ്രതിഷേധിച്ച് യുവമോർച്ചയുടെ വിവിധ കമ്മിറ്റികൾ പിരിച്ചുവിടുകയും നേതാക്കളും പ്രവർത്തകരും കൂട്ടത്തോടെ രാജിവെക്കുകയും ചെയ്തതോടെ ബി.ജെ.പി. നേതൃത്വം പ്രതിരോധത്തിലായി. ഇതിനുപിന്നാലെ പ്രതിഷേധം ഏറ്റെടുത്ത് സംഘപരിവാർ സംഘടനകളായ ഹിന്ദു ഐക്യവേദിയുടെയും സേവാ ഭാരതിയുടെയും ജില്ലാ ജനറൽ സെക്രട്ടറിമാരും രാജിവെച്ചിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/3AiSgj5
via
IFTTT