മലപ്പുറം: വാഹനമോടിക്കുമ്പോൾ ബ്ലൂടൂത്ത് ഉപയോഗിച്ച് സംസാരിച്ചാലും ലൈസൻസ് റദ്ദാക്കാമെന്ന പോലീസിന്റെ നിർദേശം നടപ്പാക്കുക എളുപ്പമല്ലെന്നു വിദഗ്ധർ. ചില നിയമപ്രശ്‌നമാണ് കാരണം.കഴിഞ്ഞദിവസമാണ് പോലീസ് ഇക്കാര്യമറിയിച്ചത്. മോട്ടോർവാഹന നിയമത്തിലെ സെക്‌ഷൻ 184-ലാണ് അപകടകരമായ ഡ്രൈവിങ്ങിനെ നിർവചിക്കുന്നത്. പഴയ നിയമത്തിൽ ’കൈകൊണ്ടുള്ള മൊബൈൽഫോൺ ഉപയോഗം’ എന്നുതന്നെ പറഞ്ഞിരുന്നു. 2019-ലെ ഭേദഗതിപ്രകാരം അത് ’കൈകൊണ്ട് ഉപയോഗിക്കുന്ന ആശയവിനിമയ ഉപാധികൾ’ എന്നു മാറ്റി. അപകടകരമായ ഡ്രൈവിങ് എന്നതിൽ കൂടുതൽ ഘടകങ്ങൾ ഉൾപ്പെടുത്തുകയുംചെയ്തു. എന്നാൽ ഇതിനെല്ലാം ശിക്ഷയായി പറയുന്നത് തടവും പിഴയും മാത്രമാണ്. നേരത്തേ ആയിരം രൂപയായിരുന്നത് ഇപ്പോൾ പതിനായിരം രൂപയായെന്നു മാത്രം. ആറുമാസം വരെ തടവും നൽകാം. ലൈസൻസ് റദ്ദാക്കണമെങ്കിൽ മോട്ടോർവാഹന നിയമത്തിൽ ഇനിയും ഭേദഗതി വേണ്ടിവരുമെന്ന് പോലീസും സമ്മതിക്കുന്നു.എന്നാൽ ഇതിന് സംസ്ഥാനങ്ങൾക്ക് അധികാരമില്ല. നിലവിലെ സാഹചര്യത്തിൽ ലൈസൻസ് റദ്ദാക്കിയാൽ കേസ് കോടതിയിലെത്തുമ്പോൾ തള്ളിപ്പോകാനിടയുണ്ട്. അതുകൊണ്ട് പോലീസിന്റെ നിർദേശം ഏതു രീതിയിൽ നടപ്പാക്കുമെന്ന ആശയക്കുഴപ്പം നിലവിലുണ്ട്. ബ്ലൂടൂത്ത് അപകടംതന്നെഫോൺ എങ്ങനെ ഉപയോഗിക്കുന്നു എന്നതല്ല, വണ്ടിയോടിക്കുമ്പോൾ നമ്മൾ സംസാരിക്കുന്നു എന്നതാണ് ഗൗരവമായ വിഷയം. കേൾവിയും കാഴ്‌ചയും മസ്തിഷ്‌കത്തിന് ഒരേസമയം ഒരേ പ്രാധാന്യത്തോടെ കൈകാര്യംചെയ്യാനാവില്ല. ഫോൺവിളിക്കുന്ന വ്യക്തിയെ സങ്കൽപ്പിക്കാൻ മനസ്സ് ശ്രമിക്കും. പറയുന്ന വിഷയം ഗൗരവകരമാണെങ്കിൽ അതും ശ്രദ്ധയെ ബാധിക്കും.തൊട്ടടുത്തിരിക്കുന്നയാളോട് സംസാരിക്കുന്നതിനേക്കാൾ കൂടുതൽ ശ്രദ്ധ കാണാത്തയാളോട് സംസാരിക്കുമ്പോൾ വേണ്ടിവരും. അതുകൊണ്ട് വണ്ടിയോടിക്കുമ്പോൾ ഒരു രീതിയിലും ഫോൺ ഉപയോഗിക്കുന്നത് നല്ലതല്ല.ടി.ജി. ഗോകുൽനാഥ്, എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ.
from mathrubhumi.latestnews.rssfeed https://ift.tt/36b0xaZ
via
IFTTT