അഞ്ജന താൻ വളർത്തുന്ന പോത്തിനൊപ്പം ചേർത്തല: യാഥാർഥ്യങ്ങൾക്കു മുന്നിൽ പതറിപ്പോകുന്നവർക്ക് ഒരുപാഠമാണ് അഞ്ജന. പഠിക്കും, ഒപ്പം പഠിപ്പിക്കും. പിന്നെ, പോത്തുവളർത്തും മീൻവിൽപ്പനയും പാട്ടും അഭിനയവും എല്ലാമുണ്ട് ഈ 22-കാരിക്ക്. ചേർത്തല നഗരസഭ ഒൻപതാം വാർഡ് പഴയാട്ടുനികർത്തിൽ സുരേന്ദ്രന്റെയും ഉഷയുടെയും മകളാണ് അഞ്ജന. നാഗ്പുർ സർവകലാശാലയിൽ കായികാധ്യാപക ബിരുദാനന്തരബിരുദപഠനം നടത്തുകയാണ് അഞ്ജന. പഠനമെല്ലാം സ്വന്തംചെലവിലാണ്. ഒപ്പം കുടുംബത്തിന് തണലുമാകുന്നു. അതിരാവിലെ തുടങ്ങും അഞ്ജനയുടെ പോരാട്ടം. വീട്ടിൽ വളർത്തുന്ന പോത്തിനെയും പശുവിനെയും പരിപാലിച്ചാണു തുടക്കം. എട്ടുമണിക്കു നഗരത്തിലുള്ള ഫിഷ് സ്റ്റാളിൽ എത്തും. ഉച്ചയ്ക്കു രണ്ടുവരെ വീടുകളിൽ മീനെത്തിക്കുന്ന ജോലി. രണ്ടുമണിക്കുശേഷം ഫിഷ് സ്റ്റാളിനോടു ചേർന്നുള്ള ചായവിൽപ്പനശാലയുടെ കൗണ്ടർ ചുമതല. ഇതിനിടയിലാണുപഠനം. മീൻ വിൽപ്പനയിലേക്കു കടന്നിട്ട് മാസങ്ങളേ ആയുള്ളൂ. ഇതിനിടെ നാടൻപാട്ടുമുണ്ട്. കോവിഡ് കാലത്തിനുമുൻപ് സ്റ്റേജ് ഷോകളിൽ നാടൻപാട്ടുമായി അഞ്ജനയുണ്ടായിരുന്നു. ചന്തിരൂർ മായയെന്ന നാടൻകലാരൂപ സംഘടനയിലെ പ്രധാനികളിലൊരാളാണ്. എട്ടുവർഷമായി വിവിധ സ്കൂളുകളിൽ നാടൻപാട്ട് പഠിപ്പിക്കലും അഞ്ജനയും സംഘവും ഏറ്റെടുത്തിട്ടുണ്ട്. കുരുത്തോലകൊണ്ടുള്ള രൂപങ്ങളൊരുക്കി വേദികൾ അലങ്കരിക്കാനുള്ള മികവുകാട്ടുന്ന അഞ്ജന അതും ഒരുവരുമാനമാർഗമാക്കാറുണ്ട്. സ്കൂളിലും കോളേജിലും പഠിക്കുമ്പോഴാണു നാടകങ്ങളിൽ മികവുകാട്ടിയത്. അമ്പലപ്പുഴ ഗവ. കോളേജിൽനിന്ന് ഇക്കണോമിക്സിൽ ബിരുദംനേടിയ ശേഷമാണ് കായികാധ്യാപക കോഴ്സിലേക്കു തിരിഞ്ഞത്. സ്റ്റേജ്ഷോയിൽനിന്നുള്ള വരുമാനമായിരുന്നു ഉണ്ടായിരുന്നത്. ഇതുകണ്ടാണ് ഇരുചക്രവാഹനം വാങ്ങിയത്. ലോക്ഡൗൺ നിയന്ത്രണത്തിൽ ഷോകൾ മുടങ്ങിയപ്പോൾ തിരിച്ചടവുകൾ മുടങ്ങുന്ന ഘട്ടമായി. പത്തുവർഷമായി അച്ഛൻ സുഖമില്ലാതിരിക്കുകയാണ്. ഒരുസഹോദരി വിവാഹിതയായി. അമ്മ കൂലിവേലകൾ ചെയ്യുന്നുണ്ട്. ഇതുകൊണ്ടൊന്നും ജീവിതം മുന്നോട്ടുപോകില്ല. അതുകൊണ്ടാണ് എന്തുജോലിയും ചെയ്യാൻ തയ്യാറായത്. താൻ പഠിപ്പിക്കുന്ന കുട്ടികളുടെ വീട്ടിലും മീനുമായെത്താൻ അഞ്ജനക്കു ഒരു ബുദ്ധിമുട്ടുമില്ല. തൊഴിലെടുക്കുന്നതിൽ അന്തസ്സേയുള്ളൂവെന്ന് അഞ്ജന പറയും.
from mathrubhumi.latestnews.rssfeed https://ift.tt/3dDvNDK
via
IFTTT