Breaking

Saturday, July 3, 2021

ഉത്ര വധക്കേസ്‌: പാമ്പിനെ ആയുധമാക്കിയതും പ്രതിയുടെ കുബുദ്ധിയും അത്യപൂർവമെന്ന് പ്രോസിക്യൂഷൻ

ഉത്ര കൊല്ലം : ഭാര്യയെ കൊലപ്പെടുത്താൻ പാമ്പിനെ ആയുധമാക്കിയതും പ്രതിയുടെ കുബുദ്ധിയും ഉത്ര വധക്കേസിനെ അത്യപൂർവമാക്കുന്നെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. രണ്ടുതവണ നിരാലംബയായ സ്ത്രീയിൽ ഏൽപ്പിച്ച സഹിക്കാനാകാത്ത വേദനയും കുറ്റകൃത്യം മൂടിവെക്കാൻ ഉപയോഗിച്ച സർപ്പകോപമെന്ന മിത്തും മാത്രമല്ല കൊലപാതകം നടപ്പാക്കാൻവേണ്ടി പ്രതി ഉത്രയോട് കാണിച്ച സ്നേഹവും കരുതലും അപൂർവതകളായി കണക്കിലെടുക്കേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഉത്ര വധക്കേസിൽ പ്രോസിക്യൂഷൻ ഭാഗം വാദം ആറാം അഡീഷണൽ സെഷൻസ് ജഡ്ജി എം.മനോജ് മുൻപാകെയാണ് ആരംഭിച്ചത്. ഭിന്നശേഷിക്കാരിയായ ഭാര്യയെ ഒഴിവാക്കാനും അവരുടെ സ്വത്ത് നിലനിർത്താനുമായി കൊലപ്പെടുത്തുകയും അത് സർപ്പകോപമാണെന്നു വരുത്തിത്തീർക്കാനുള്ള പ്രതിയുടെ ശ്രമവുമാണ് പ്രോസിക്യൂഷൻ കേസെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി.മോഹൻരാജ് കോടതിയെ ആമുഖമായി അറിയിച്ചു. ഭാര്യയെ കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സൂരജ് കരുതലും സ്നേഹവും അഭിനയിക്കുകയായിരുന്നു. ഭർത്താവിന്റേത് ആത്മാർഥസ്നേഹമാണെന്ന് ഉത്ര തെറ്റിദ്ധരിച്ചു. അതുകൊണ്ടാണ് കൊലപ്പെടുത്തുന്നതിനുമുൻപ് സൂരജ് നൽകിയ മയക്കുമരുന്നുകലർന്ന പാനീയം വിശ്വാസത്തോടെ വാങ്ങിക്കുടിച്ചത്. ആദ്യം അണലിയെക്കൊണ്ട് കടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചു. അത് പരാജയപ്പെട്ട് ഉത്ര ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോൾ സൂരജ് അടുത്ത പദ്ധതി തയ്യാറാക്കുകയായിരുന്നു. സർപ്പശാസ്ത്രജ്ഞനായ മവീഷ്കുമാർ, വനംവകുപ്പ് ഉദ്യോഗസ്ഥൻ മുഹമ്മദ് അൻവർ, വെറ്ററിനറി സർജൻ ഡോ. കിഷോർകുമാർ, ഫൊറൻസിക് മെഡിസിൻ തിരുവനന്തപുരം എം.സി.എച്ച്. മേധാവി ഡോ. ശശികല എന്നിവരടങ്ങിയ വിദഗ്ധസമിതി മരണത്തിനിടയാക്കിയ പാമ്പുകടി സ്വാഭാവികമല്ലെന്നും കൊലപാതകമാണെന്നും വസ്തുതകൾ പരിശോധിച്ചു കണ്ടെത്തിയിരുന്നു. പാമ്പുകളെ കൈകാര്യം ചെയ്യുന്നതിൽ വിദഗ്ധനായ വാവാസുരേഷും ഇക്കാര്യം അറിയിച്ചു. മൂർഖൻപാമ്പിന് ഉത്ര കിടന്ന മുറിയിൽ കയറാനുള്ള പഴുതുകൾ ഇല്ലായിരുന്നെന്നും ജന്നൽവഴി കയറാനുള്ള സാധ്യതയില്ലെന്നും എല്ലാ വിദഗ്ധ സാക്ഷികളും മൊഴിനൽകിയിരുന്നു. മൂർഖൻ സാധാരണഗതിയിൽ മനുഷ്യരെ പ്രകോപനമില്ലാതെ കടിക്കാറില്ല. പുലർച്ചേ ഇതിന് ഉത്സാഹമുണ്ടാകില്ലെന്നും തെളിവുകളെ ഉദ്ധരിച്ച് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. മയക്കുമരുന്ന് ഉള്ളിൽച്ചെന്ന് ഉറങ്ങിക്കിടന്ന ഉത്രയെ മൂർഖൻ ഒരു കാരണവുമില്ലാതെ രണ്ടുപ്രാവശ്യം കൊത്തിയെന്നത് വിശ്വസനീയമല്ല. രണ്ടു കടിപ്പാടുകൾ തമ്മിലുള്ള അസാധാരണ വലിപ്പവ്യത്യാസം പാമ്പിെൻറ തലയിൽ പിടിച്ചമർത്തിയാലാണ് ഉണ്ടാകുന്നത്. ഇതു തെളിയിക്കാനായി ഡമ്മി പരീക്ഷണം നടത്തിയ ചിത്രം കോടതിയിൽ പ്രദർശിപ്പിച്ചു. മൂർഖൻ പാമ്പിെൻറ തലയിൽ പിടിച്ചമർത്തുമ്പോൾ പല്ലുകൾ വികസിക്കുന്ന ചിത്രമാണ് കോടതിയിൽ പ്രദർശിപ്പിച്ചത്. പ്രതി സൂരജിനെ വീഡിയോ കോൺഫറൻസ് വഴിയാണ് വിചാരണയിൽ പങ്കെടുപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഭിഭാഷകരായ കെ.ഗോപീഷ്കുമാർ, സി.എസ്.സുനിൽ എന്നിവരും ഹാജരായി. കേസിലെ തുടർവാദം അഞ്ചിന് നടക്കും. content highlghts: uthra murder case final hearing started


from mathrubhumi.latestnews.rssfeed https://ift.tt/3wdAU3Y
via IFTTT