Breaking

Sunday, June 6, 2021

അഭിപ്രായം കേള്‍ക്കാന്‍ ഹൈക്കമാന്‍ഡ്: മിണ്ടാതെ ഗ്രൂപ്പുകള്‍

തിരുവനന്തപുരം: പുതിയ കെ.പി.സി.സി. അധ്യക്ഷനെ കണ്ടെത്താൻ ഹൈക്കമാൻഡ് നടത്തുന്ന അന്വേഷണങ്ങളോട് മനസ്സുതുറക്കാതെ എ, ഐ ഗ്രൂപ്പുകൾ. ഗ്രൂപ്പ് നേതൃത്വങ്ങൾ നിർദേശിച്ചതനുസരിച്ചാണ് ഈ തന്ത്രം. അധ്യക്ഷനെ സംബന്ധിച്ച്‌ ഹൈക്കമാൻഡ് തീരുമാനമെടുത്തിട്ടുണ്ടെങ്കിൽ പേരിനായി തങ്ങളോട് അഭിപ്രായം ചോദിക്കേണ്ടെന്നാണ് ഇരുഗ്രൂപ്പുകളുടെയും നിലപാട്. എം.പി.മാർ, എം.എൽ.എ.മാർ, മുതിർന്നനേതാക്കൾ എന്നിവരെയാണ് എ.ഐ.സി.സി. ജനറൽ സെക്രട്ടറി താരിഖ് അൻവർ കഴിഞ്ഞ രണ്ടുദിവസമായി ഫോണിൽ ബന്ധപ്പെടുന്നത്. പ്രതിപക്ഷനേതാവിനെ സംബന്ധിച്ച് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും മുന്നോട്ടുവെച്ച നിർദേശം ഹൈക്കമാൻഡ് സ്വീകരിക്കാത്തതിലുള്ള പ്രതിഷേധമാണ് പുതിയ നീക്കത്തിന് കാരണം. സംസ്ഥാനത്തെ മുതിർന്നനേതാക്കളുടെ അഭിപ്രായത്തിന് വില നൽകണമെന്നും കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച അഭിപ്രായം അവർ പറയുമെന്നുമാണ് ഗ്രൂപ്പിന്റെ ഭാഗമായിനിൽക്കുന്നവർ താരിഖ് അൻവറിന് നൽകുന്ന മറുപടി. ഉമ്മൻചാണ്ടിയും രമേശുമാകട്ടെ ഹൈക്കമാൻഡ് നിലപാട് വിലയിരുത്തിയശേഷം നിർദേശം മുന്നോട്ടുവെച്ചാൽ മതിയെന്ന തീരുമാനത്തിലാണ്. വർക്കിങ് പ്രസിഡന്റുമാരായ കെ. സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, കെ.വി. തോമസ് എന്നിവരുടെയും പി.ടി. തോമസിന്റെയും പേരുകളാണ് പൊതുവിൽ കെ.പി.സി.സി. അധ്യക്ഷസ്ഥാനത്തേക്ക് ഉയർന്നിരിക്കുന്നത്. എന്നാൽ, ആരുടെയും പേര് ഈ ഘട്ടത്തിൽ നിർദേശിക്കേണ്ടെന്നാണ് ഗ്രൂപ്പുകളുടെ തീരുമാനം. ഹൈക്കമാൻഡിന് പൂർണ പിന്തുണ ലഭിക്കുന്ന കേരളഘടകത്തെ കൂടുതൽ പിണക്കാതെ ഒപ്പംനിർത്താനാണ് സോണിയാഗാന്ധിയുടെ നിർദേശം. എ.ഐ.സി.സി. തിരഞ്ഞെടുപ്പ് താമസിയാതെ നടക്കാനിരിക്കെ കേരളഘടകത്തെ വിശ്വാസത്തിലെടുത്തേ മുന്നോട്ടുപോകാവൂ എന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് താരിഖ് അൻവർ മുതിർന്നനേതാക്കളുടെ അഭിപ്രായം കേൾക്കുന്നത്. കേന്ദ്രനേതൃത്വം ദുർബലമാണെന്നും പാർട്ടിയിൽ മാറ്റംവേണമെന്നുമുള്ള അഭിപ്രായം ഉയർത്തി ദേശീയതലത്തിലും നേതാക്കൾ രംഗത്തുണ്ട്. ജി-23 എന്ന പേരിലാണ് ഇവരുടെ കൂട്ടായ്മ. കേരളത്തിൽനിന്ന് ഗാന്ധികുടുംബത്തിന് അകമഴിഞ്ഞ പിന്തുണ ലഭിച്ചുകൊണ്ടിരിക്കെ, അതിന് മാറ്റംവരരുതെന്ന താത്പര്യം സോണിയാ ഗാന്ധിക്കുണ്ട്. ഇതുകൂടി കണക്കിലെടുത്തുള്ള തീരുമാനമാകും ഡൽഹിയിൽനിന്നുണ്ടാകുകയെന്നാണ് സൂചന.


from mathrubhumi.latestnews.rssfeed https://ift.tt/2RqaflY
via IFTTT