Breaking

Monday, October 5, 2020

നിതീഷിനെ മെരുക്കാന്‍ ചിരാഗ് പാസ്വാന്റെ രാഷ്ട്രീയ അടവ്‌: വലിയ കക്ഷിയാകാന്‍ ബിജെപിയുടെ കരുനീക്കമോ?

പട്ന: ഒറ്റയ്ക്ക് മത്സരിക്കും, പക്ഷേ അത് ജെഡിയുവിനെതിരെ മാത്രം. ബിജെപിക്കെതിരെ സ്ഥാനാർഥികളെ നിർത്താതെയുള്ള ചിരാഗ് പാസ്വാന്റെയും എൽജെപിയുടേയും നീക്കം രാഷ്ട്രീയ ചോദ്യങ്ങൾ ഉയർത്തുന്നു. ബിഹാറിൽ നിതീഷ് കുമാറിനെ ക്ഷീണിപ്പിക്കാൻ എൽ.ജെ.പിയെ മുൻനിർത്തി ബിജെപി കളിക്കുന്നതാണോ എന്ന സംശയമാണ് രാഷ്ട്രീയനിരീക്ഷകരും ഉന്നയിക്കുന്നത്. ബിഹാറിൽ നിതീഷ് കുമാറിന്റ അപ്രമാദിത്വം ഇഷ്ടപ്പെടാത്തവരാണ് എൽജെപിയും ബിജെപിയും. എന്നാൽ നിലവിലെ സാഹചര്യത്തിൽ എൻഡിഎയുടെ ഭാഗമായ നിതീഷ് കുമാറിനെ മുൻനിർത്തിയല്ലാതെ ബിഹാറിൽ ഭരണം പിടിക്കുക ബിജെപിക്ക് അസാധ്യമാണ്. സഖ്യത്തിന്റെ മുഖ്യമന്ത്രിസ്ഥാനാർഥി നിതീഷ് തന്നെയായിരിക്കുമെന്ന് അമിത് ഷാ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഡൽഹിയിൽ നടന്ന കേന്ദ്ര പാർലമെന്ററി ബോർഡ് യോഗത്തിൽ തനിച്ച് മത്സരിക്കാനാണ് എൽജെപി തീരുമാനമെടുത്ത്. ബിജെപിക്കെതിരെ മത്സരിക്കില്ലെന്നും ജെഡിയുവിന്റെ സ്ഥാനാർഥികൾ എവിടെയൊക്കെയുണ്ടൊ അവിടെയെല്ലാം സ്ഥാനാർഥികളെ നിർത്തുമെന്നുമാണ് എൽ.ജെ.പി പ്രഖ്യാപിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പിന് ശേഷം ബിജെപി- എൽജെപി സർക്കാർ രൂപവത്കരിക്കുമെന്നും ചിരാഗ് പറയുന്നു. എൽജെപിയുടെ നീക്കങ്ങളോട് ബിജെപി പുലർത്തുന്ന മൗനത്തെ ജെഡിയു സംശയത്തോടെയാണ് നോക്കിക്കാണുന്നത്. സംസ്ഥാനത്ത് നിതീഷ്കുമാറിന്റെ നേതൃത്വത്തിൽ എൻഡിഎ അധികാരത്തിലെത്തുമെന്നാണ് ബിജെപി പരസ്യമായി പറയുന്നത്. സഖ്യം വിടുന്നത് ജെഡിയുവുമായുള്ള ആശയപരമായ ഭിന്നത മൂലമാണെന്നും തങ്ങൾക്ക് ബിജെപിയുമായി യാതൊരു പ്രശ്നവുമില്ലെന്നും എൽജെപി നേതാക്കൾ ആവർത്തിക്കുന്നു. ചിരാഗ് പസ്വാനാണ് ഇപ്പോൾ എൽജെപിയുടെ നേതാവ്. ദളിത് വിഭാഗങ്ങൾക്കിടയിൽ പാർട്ടിക്ക് നിർണായക സ്വാധീനവുമുണ്ട്. ചിരാഗിനെ മെരുക്കാൻ പഴയ എതിരാളിയും മുൻ മുഖ്യമന്ത്രിയുമായ ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാൻ അവാം മോർച്ചയെ നിതീഷ് കുമാർ സഖ്യത്തിന്റെ ഭാഗമാക്കി. ദീർഘകാല സഖ്യകക്ഷിയായിരുന്ന എൽ.ജെ.പിയുടെ വലിയ അവകാശവാദം അവഗണിച്ച് ബിജെപിയുമായി നേരിട്ട് സീറ്റ് ധാരണയിലെത്തുകയായിരുന്നു നിതീഷ് കുമാർ. ഇതുപ്രകാരം ആകെയുള്ള 243 സീറ്റിൽ 122 എണ്ണം ജെഡിയുവിനും 121 എണ്ണം ബിജെപിക്കുമാണ്. ജിതൻ റാം മാഞ്ചിയുടെ പാർട്ടിക്ക് ജെഡിയുവിന്റെ സീറ്റുകളും എൽജെപിക്ക് ആവശ്യമായ സീറ്റുകൾ ബിജെപിയും നൽകണമെന്നായിരുന്നു ധാരണം. 25 സീറ്റാണ് എൽജെപിക്ക് നൽകിയ വാഗ്ദാനം. ഇതാണ് എൽജെപിയെ ചൊടിപ്പിച്ചത്. 2005ൽ ലാലുവിനെ വീഴ്ത്തിയ കളിയാണ് എൽജെപി ആവർത്തിക്കുന്നത്. 2005ലെ തിരഞ്ഞെടുപ്പിൽ ആർജെഡക്കെതിരെ മാത്രം സ്ഥാനാർഥികളെ നിർത്തിയതോടെ ആർക്കും ഭൂരിപക്ഷമില്ലാത്ത തൂക്കുസഭ നിലവിൽ വന്നു. ജെഡിയുവിനെ എൽജെപി പിന്തുണക്കുകയും നിതീഷ് അധികാരത്തിലെത്തുകയും ചെയ്തു. എൽജെപിയിലൂടെ നഷ്ടപ്പെടുന്ന ദളിത് വോട്ടുകൾ ജിതൻ റാം മാഞ്ചിയിലൂടെ നികത്താമെന്നാണ് നിതീഷ് കരുതുന്നത്. എൽജെപിയുടെ തീരുമാനത്തോടെ ബിഹാറിലെ രാഷ്ട്രീയ സാഹചര്യം പ്രവചനാതീതമായി മാറാനാണ് സാധ്യത. എൽജെപി സ്ഥാനാർഥികൾ ജെഡിയു വോട്ടുകൾ ചോർത്തുമ്പോൾ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. Content Highlights:Is BJP Out To Oust Nitish Kumar? A Hint In Chirag Paswans Go-Solo Move


from mathrubhumi.latestnews.rssfeed https://ift.tt/33vqNfJ
via IFTTT