Breaking

Saturday, October 31, 2020

തിരികെ മടങ്ങുവാൻ മോഹം (ജയിലിലേക്ക്)

പ്രതീകാത്മകചിത്രം| Photo: Mathrubhumi തൃശ്ശൂർ : 'പണിയുമില്ല, പണവുമില്ല. നാട്ടിലും വീട്ടിലും വിലയുമില്ല. തിരികെ പ്രവേശിപ്പിക്കാൻ കനിവുണ്ടാകണം.' -കോവിഡ് കാലത്ത് വിയ്യൂർ സെൻട്രൽ ജയിലിൽനിന്ന് പരോളിലിറങ്ങിയ കൊടുങ്ങല്ലൂർ സ്വദേശി ജയിൽ അധികൃതർക്കയച്ച കത്താണിത്. ഇത് ഒറ്റപ്പെട്ട കത്തല്ല. കോവിഡ് കാലത്ത് പരോൾ നീണ്ടുേപായതോടെ വിഷമാവസ്ഥയിലായ ജയിൽ അന്തേവാസികളിൽ ഏറെപ്പേരാണ് ഇങ്ങനെ കത്തെഴുതിയത്. വർഷത്തിൽ 60 ദിവസം കിട്ടുന്ന പരോൾ ഇത്തവണ എട്ടുമാസത്തോളം നീണ്ടപ്പോൾ അത് പൊല്ലാപ്പായി. എവിടെയും ജോലികിട്ടാത്ത അവസ്ഥ. സ്ഥിരം തൊഴിലാളികൾക്കുപോലും തൊഴിലില്ലാത്ത സ്ഥിതിയിൽ ഇവർക്ക് ആര് തൊഴിൽ നൽകാൻ. വീട്ടുകാരും ഉപജീവനത്തിന് കഷ്ടത്തിലായപ്പോൾ ഇവരിൽ പലരും സ്വന്തം വീടുകളിലും അധികപ്പറ്റായി. കാര്യങ്ങൾ മുൻകൂട്ടിക്കണ്ട് പരോൾ കിട്ടിയിട്ടും പോകാത്തവരുമുണ്ട്. വിയ്യൂർ സെൻട്രൽ ജയിലിലെ നാല് അന്തേവാസികളും വനിതാ ജയിലിലെ ഒരു അന്തേവാസിയുമാണ് വീട്ടിലേക്ക് പോകാൻ വിസമ്മതം അറിയിച്ചത്. കോവിഡ് വ്യാപനം കാരണം ഒാരോ മാസവും പരോൾ നീട്ടിയതോടെയാണ് പുറത്തിറങ്ങിയ അന്തേവാസികൾ കുടുങ്ങിയത്. മാർച്ചിലാണ് കോവിഡ് കാരണം സംസ്ഥാനത്തെ 2000-ത്തോളം അന്തേവാസികൾക്കും റിമാൻഡ് തടവുകാർക്കും ഇളവ് അനുവദിച്ചത്. കുറ്റവാളികളായ തടവുകാർക്ക് പരോളും റിമാൻഡ് തടവുകാർക്ക് ഇടക്കാല ജാമ്യവുമാണ് നൽകിയത്. കോവിഡിന്റെ പശ്ചാത്തലത്തിൽ രണ്ടുമാസത്തേക്ക് നൽകിയ ആനുകൂല്യം നീണ്ടതോടെയാണ് പലരും പതറിയത്. ജയിലിൽ 127 മുതൽ 200 രൂപവരെ കൂലിയുണ്ട്്. ജയിൽ ഭക്ഷണത്തിന് പുറമേ 1200 രൂപയ്ക്ക് ജയിലിൽനിന്ന് സാധനങ്ങൾ വാങ്ങാം. 300 രൂപയ്ക്ക് ഫോൺ ചെയ്യാം. കൂലിയുടെ മൂന്നിലൊന്ന് വീട്ടിലേക്ക് അയക്കാം. ബാക്കിയുള്ള കൂലി ജയിൽമോചനസമയത്ത് കിട്ടുകയും ചെയ്യും. എട്ടുമാസത്തോളം പരോൾ നീണ്ടപ്പോൾ ഇതെല്ലാം നിലച്ചു. രണ്ടുമാസത്തിൽ കൂടുതലായിക്കിട്ടിയ പരോൾകാലം ഭാവി തടവുകാലത്ത് കൂട്ടിച്ചേർത്താൽ മൂന്നുവർഷത്തേക്ക് പരോളും കിട്ടില്ല. ഇതെല്ലാമാണ് അന്തേവാസികളെ എത്രയും വേഗം തിരികെയെത്താൻ പ്രേരിപ്പിക്കുന്നത്. നീട്ടിക്കൊണ്ടുപോയ പരോൾ-ഇടക്കാല ജാമ്യം ഇൗ മാസത്തോടെ നിർത്താനുള്ള നീക്കത്തിലാണ് ജയിൽവകുപ്പ്.


from mathrubhumi.latestnews.rssfeed https://ift.tt/3212ipz
via IFTTT