Breaking

Tuesday, October 27, 2020

യെദ്യൂരപ്പയ്ക്കെതിരേ ബി.ജെ.പി.യിൽ അണിയറനീക്കം; മൃദുസമീപനവുമായി കുമാരസ്വാമി

ബെംഗളൂരു: കർണാടകത്തിൽ ഭരണപക്ഷത്തും പ്രതിപക്ഷത്തും ഒരേപോലെ അണിയറനീക്കങ്ങൾ. മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്കെതിരേ ബി.ജെ.പി.യിൽ പടയൊരുക്കം നടക്കുമ്പോൾ പ്രതിപക്ഷത്തുള്ള ജെ.ഡി.എസ്. നേതാവ് കുമാരസ്വാമി അദ്ദേഹത്തോട് അടുക്കുന്നു. കോൺഗ്രസിന് ഇക്കാര്യത്തിലുള്ള എതിർപ്പ് കുമാരസ്വാമി കാര്യമാക്കുന്നുമില്ല. സർക്കാരിന് ജെ.ഡി.എസ്. പിന്തുണ ലഭിച്ചാൽ പാർട്ടിക്കകത്ത് തനിക്കെതിരായ നീക്കങ്ങൾ അപ്രസക്തമാക്കാൻ യെദ്യൂരപ്പയ്ക്കാവും. മുന്പ് ബി.ജെ.പി. പിന്തുണയോടെ ഭരിച്ചിട്ടുള്ള കുമാരസ്വാമിക്ക് ജെ.ഡി.എസിലെ കൊഴിഞ്ഞുപോക്കിന് തടയിടുക എന്ന ലക്ഷ്യവുമുണ്ട്. മന്ത്രിമാരാവാൻ അവസരം നിഷേധിക്കപ്പെട്ട നേതാക്കളാണ് യെദ്യൂരപ്പയ്ക്കെതിരേ പടനയിക്കുന്നത്. കേന്ദ്രനേതൃത്വത്തിന് യെദ്യൂരപ്പയോട് താത്പര്യമില്ലെന്നും സംസ്ഥാനത്ത് നേതൃമാറ്റമുണ്ടാകുമെന്നുമാണ് മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ബസനഗൗഡ പാട്ടീൽ പരസ്യമായി പ്രസ്താവിച്ചത്.വൊക്കലിഗ നേതാവായ ഡി.കെ. ശിവകുമാർ കോൺഗ്രസ് നേതൃത്വത്തിലേക്കെത്തിയതോടെ ജെ.ഡി.എസിലെ പലനേതാക്കളും കൂറുമാറ്റത്തിന് തയ്യാറെടുക്കുകയാണ്. അടുത്തിടെ ബെംഗളൂരുവിൽ നേതാക്കളടക്കം 200-ഓളം ജെ.ഡി.എസ്. പ്രവർത്തകർ കോൺഗ്രസിൽ ചേർന്നിരുന്നു. മന്ത്രിസഭയിലുള്ള മൂന്ന് ഒഴിവുകളിൽ കോൺഗ്രസ്-ജെ.ഡി.എസ്. സഖ്യം വിട്ട് നേരത്തേ ബി.ജെ.പി.യിലെത്തിയവരെ ഉൾപ്പെടുത്താനാണ് യെദ്യൂരപ്പയുടെ തീരുമാനം. ഇത്തരമൊരു സാഹചര്യത്തിൽ ബി.ജെ.പി.യിലെ മുതിർന്ന നേതാക്കൾ സർക്കാരിനെതിരേ രംഗത്തിറങ്ങും. ഇത് മുന്നിൽക്കണ്ടാണ് കഴിഞ്ഞമാസം യെദ്യൂരപ്പയും കുമാരസ്വാമിയും കൂടിക്കാഴ്ച നടത്തിയതെന്നും അഭ്യൂഹമുണ്ട്. കോൺഗ്രസ്-ജെ.ഡി.എസ്. സഖ്യസർക്കാരിനെ ബി.ജെ.പി. വീഴ്ത്തിയതിനുശേഷം ആദ്യമായാണ് കുമാരസ്വാമി യെദ്യൂരപ്പയുമായി കൂടിക്കാഴ്ച നടത്തുന്നത്. വികസനകാര്യങ്ങൾ ചർച്ചചെയ്യാനാണ് കൂടിക്കാഴ്ചയെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. ബി.ജെ.പി.യിലെ ഒരുവിഭാഗം യെദ്യൂരപ്പയ്ക്കെതിരേ പടനീക്കം നടത്തിയാൽ ജെ.ഡി.എസിന്റെ പിന്തുണയോടെ സർക്കാരിനെ നിലനിർത്താൻ യെദ്യൂരപ്പയ്ക്ക് കഴിയും. ഇവരുടെ കൂടിക്കാഴ്ചയ്ക്കെതിരേ കോൺഗ്രസ് ശക്തമായി രംഗത്തുവന്നിരുന്നു. സർക്കാരിനെതിരേ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ ജെ.ഡി.എസ്. പിന്തുണച്ചിരുന്നുമില്ല. ബി.ജെ.പി.യോട് മൃദുസമീപനമില്ലെന്നും സർക്കാരിനോട് അതുണ്ടെന്നുമാണ് കുമാരസ്വാമി ആരോപണത്തോട് പ്രതികരിച്ചത്. യെദ്യൂരപ്പയെ തിടുക്കത്തിൽ മാറ്റാൻ കേന്ദ്രനേതൃത്വം തയ്യാറാകില്ലെന്നാണ് മുതിർന്ന നേതാക്കൾ നൽകുന്ന വിവരം. എഴുപത്തിയേഴുകാരനായ യെദ്യൂരപ്പയ്ക്ക് മൂന്ന് വർഷം കഴിഞ്ഞുള്ള തിരഞ്ഞെടുപ്പിൽ അവസരം നൽകില്ല. എന്നാൽ, അതിനുമുമ്പുള്ള വിഭാഗീയ നീക്കങ്ങളെ ചെറുക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം.


from mathrubhumi.latestnews.rssfeed https://ift.tt/34ykfNX
via IFTTT