Breaking

Tuesday, October 27, 2020

ബംഗാളിൽ കോൺഗ്രസ് സഖ്യം: പൊളിറ്റ് ബ്യൂറോയിൽ ധാരണ

ന്യൂഡൽഹി: പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനൊപ്പം ചേർന്നു മത്സരിക്കാൻ സി.പി.എം. സംസ്ഥാന ഘടകത്തിന് പൊളിറ്റ്ബ്യൂറോയുടെ പച്ചക്കൊടി. വെള്ളി, ശനി ദിവസങ്ങളിൽ നടക്കുന്ന കേന്ദ്രകമ്മിറ്റി യോഗത്തിൽ ഇതു സംബന്ധിച്ച് ഔദ്യോഗിക തീരുമാനമുണ്ടാവും.കേരളം, പശ്ചിമബംഗാൾ, തമിഴ്‌നാട്, അസം എന്നീ സംസ്ഥാനങ്ങളിൽ അടുത്തവർഷം തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്നതിനാൽ സി.പി.എമ്മിന്റെ തയ്യാറെടുപ്പ് പി.ബി. യോഗത്തിൽ ആരംഭിച്ചു. തിരഞ്ഞെടുപ്പു സമീപനരേഖ തയ്യാറാക്കി കേന്ദ്രകമ്മിറ്റിയോഗത്തിൽ അവതരിപ്പിക്കാനാണ് തീരുമാനം. സംസ്ഥാന ഘടകങ്ങൾ പ്രത്യേക റിപ്പോർട്ടു സമർപ്പിക്കും. പി.ബി.യുടെ കരടുരേഖയും സംസ്ഥാനങ്ങളുടെ റിപ്പോർട്ടും കേന്ദ്രകമ്മിറ്റി വിശദമായി ചർച്ചചെയ്ത ശേഷം തീരുമാനമുണ്ടാവും. ഒന്നിച്ചു മത്സരിക്കാൻ ധാരണയായതിന്റെ അടിസ്ഥാനത്തിൽ ബംഗാളിൽ ഇടതുമുന്നണി-കോൺഗ്രസ് നേതാക്കൾ മൂന്നുമാസം മുമ്പ് യോഗം ചേർന്ന് പൊതുമിനിമം പരിപാടി തയ്യാറാക്കാൻ തീരുമാനിച്ചിരുന്നു. ജൂൺ 29-ന് ഇന്ധന വിലവർധനവിനെതിരെയുള്ള പ്രക്ഷോഭത്തിലും കോൺഗ്രസും ഇടതുപാർട്ടികളും കൈകോർത്തു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി ധാരണയിലാണ് സി.പി.എം. മത്സരിച്ചതെങ്കിലും ഫലമുണ്ടായില്ല. ഈ സഖ്യം പിന്നീട് സി.പി.എം. കേന്ദ്രകമ്മിറ്റി തള്ളുകയും ചെയ്തു. എന്നാൽ, ബി.ജെ.പി.യെ തോല്പിക്കാനുള്ള പാർട്ടി കോൺഗ്രസ് പ്രഖ്യാപനത്തെത്തുടർന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇരുപാർട്ടികളും ധാരണയ്ക്കു ശ്രമിച്ചു. പക്ഷെ, സീറ്റുകളെച്ചൊല്ലിയുള്ള തർക്കത്തിൽ സഖ്യം യാഥാർഥ്യമായില്ല.


from mathrubhumi.latestnews.rssfeed https://ift.tt/2Tz0LSJ
via IFTTT