Breaking

Thursday, October 29, 2020

വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ധാരണ തള്ളി; പാര്‍ട്ടിഘടകങ്ങള്‍ക്ക് മുല്ലപ്പള്ളിയുടെ സര്‍ക്കുലര്‍

കോഴിക്കോട്: കോൺഗ്രസിലും യു.ഡി.എഫിലും ഒരുവിഭാഗം ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയപ്പാർട്ടിയായ വെൽഫെയർ പാർട്ടിയുമായി സഖ്യമാവാമെന്ന നിലപാടിൽ മുന്നോട്ടുപോവുമ്പോൾ കോൺഗ്രസ് ഘടകങ്ങൾക്ക് നിലപാട് വ്യക്തമാക്കി കെ.പി.സി.സി.യുടെ സർക്കുലർ. ആർ.എസ്.എസും ജമാഅത്തെ ഇസ്ലാമിയുമായി ഒരുതരത്തിലുള്ള ബന്ധവും എ.ഐ.സി.സി. അംഗീകരിക്കില്ലെന്നും ഇതേ നിലപാടിൽ ഉറച്ചുനിന്നുകൊണ്ടുമാത്രമേ തദ്ദേശതിരഞ്ഞെടുപ്പിൽ സഖ്യമുണ്ടാക്കാവൂ എന്നും വ്യക്തമാക്കുന്ന സർക്കുലറാണ് കഴിഞ്ഞദിവസം കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ കെ.പി.സി.സി. ഭാരവാഹികൾക്കും ജില്ലാപ്രസിഡന്റുമാർക്കും നൽകിയത്. വെൽഫെയർ പാർട്ടിയോട് മൃദുസമീപനം കൈക്കൊള്ളുന്നവരെ ലക്ഷ്യമിട്ടാണ് സർക്കുലർ. കെ.പി.സി.സി.യുടെ അനുമതിയില്ലാതെ അനൗപചാരിക ചർച്ചകൾക്ക് നേതൃത്വം നൽകിയതിനെ ഇത് തള്ളിപ്പറയുന്നു. യു.ഡി.എഫിന് പുറത്തുള്ള കക്ഷികളുമായി ഒരുതരത്തിലുള്ള പരസ്യധാരണയും അംഗീകരിക്കില്ല. അതേസമയം, ആരുടെയും വോട്ടുതേടുന്നതിൽ തെറ്റില്ലെന്നും കെ.പി.സി.സി. വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽഗാന്ധി വയനാട്ടിൽ മത്സരിച്ചപ്പോൾ, മതതീവ്രവാദസംഘടനകളുമായി ചേർന്നാണ് മത്സരിക്കുന്നതെന്നുകാണിച്ച് ബി.ജെ.പി. ദേശീയതലത്തിൽ വലിയ പ്രചാരണം അഴിച്ചുവിട്ടിരുന്നു. ഇപ്പോൾ ജമാഅത്തെ ഇസ്ലാമി പോലുള്ള സംഘടനകളുമായി സഹകരിച്ചാൽ അത് ദേശീയതലത്തിൽ കനത്ത പ്രത്യാഘാതമുണ്ടാക്കുമെന്ന് മുല്ലപ്പള്ളി വ്യക്തമാക്കുന്നു. ഇക്കാര്യത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന നിലപാട് അദ്ദേഹം എ.ഐ.സി.സി. നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. വെൽഫെയർ പാർട്ടിയുടെ നേതാക്കളുമായി കഴിഞ്ഞദിവസങ്ങളിൽ യു.ഡി.എഫിന്റെയും കോൺഗ്രസിന്റെയും നേതാക്കൾ അനൗപചാരിക ചർച്ചകൾ നടത്തിയിരുന്നു. കെ.പി.സി.സി.യുടെ സർക്കുലർ വന്നതോടെ കോൺഗ്രസ് നേതാക്കൾ ഇതിൽനിന്ന് പിന്മാറി. യു.ഡി.എഫ്. സ്വതന്ത്രരെന്നനിലയിൽ ചില സ്ഥലങ്ങളിൽ നീക്കുപോക്ക് സാധിക്കുമോ എന്നാണ് ഇപ്പോൾ ആലോചിക്കുന്നത്. അതിനിടെ മുസ്ലിം യുവജനസംഘടനകളായ സമസ്ത, മുജാഹിദ് എന്നിവർ വെൽഫെയർപാർട്ടിയുമായുള്ള സഖ്യത്തെ വിലക്കി പരസ്യമായി രംഗത്തുവന്നത് കെ.പി.സി.സി. നിലപാടിന് ശക്തിപകരുന്നതാണ്.


from mathrubhumi.latestnews.rssfeed https://ift.tt/2HMflUh
via IFTTT