ന്യൂഡൽഹി: മാർച്ചിൽ കോൺഗ്രസ് സർക്കാരിനെ അട്ടിമറിച്ച് ബി.ജെ.പി. ഭരണത്തിലേറിയ മധ്യപ്രദേശിൽ നവംബർ മൂന്നിന് 28 സീറ്റിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കുകയാണ്. ജ്യോതിരാദിത്യസിന്ധ്യയ്ക്ക് പിന്തുണയുമായി കോൺഗ്രസിൽനിന്ന് രാജിവെച്ച 22 പേരുെടയും പിന്നാലെപ്പോയ മൂന്നുപേരുടെയും മരിച്ച മൂന്നാളുടെയും ഒഴിവിലേക്കാണിത്. വോട്ടെണ്ണുമ്പോൾ കോൺഗ്രസ് തിരിച്ചുവരുമോ ബി.ജെ.പി. നാണംകെടുമോ എന്നാണ് രാഷ്ട്രീയലോകം ഉറ്റുനോക്കുന്നത്.നിലവിലെ നിയമസഭയിലെ കക്ഷിനിലപ്രകാരം 28 സീറ്റിലും ജയിച്ചാലേ കോൺഗ്രസിന് തിരിച്ച് അധികാരത്തിലെത്താനാവൂ. 230 അംഗ സഭയിൽ കോൺഗ്രസിനിപ്പോൾ 87 അംഗങ്ങളാണുള്ളത്. നിലവിലുള്ള നാലുസ്വതന്ത്രരും രണ്ട് ബി.എസ്.പി. അംഗങ്ങളും ഒരു എസ്.പി. അംഗവും പിന്തുണച്ചാൽപോലും അധികാരത്തിലെത്താൻ 28-ൽ 21-ഉം കോൺഗ്രസ് ജയിക്കണം. ഒക്ടോബറിൽ ഒരു കോൺഗ്രസ് അംഗംകൂടി രാജിവെച്ചതിനാലും അവിടെ ഉപതിരഞ്ഞെടുപ്പ് ഇപ്പോൾ നടക്കാത്തതിനാലും 115 അംഗങ്ങൾ മതി കേവലഭൂരിപക്ഷത്തിന്. നിലവിൽ 107 അംഗങ്ങളുള്ള ബി.ജെ.പി.ക്ക് ഭരണം ഉറപ്പിക്കാൻ എട്ടുസീറ്റുകൂടി മതി. കോൺഗ്രസിൽനിന്ന് ബി.ജെ.പി.യിലെത്തിയ ജ്യോതിരാദിത്യസിന്ധ്യയുടെ തട്ടകമായ ഗ്വാളിയോർ-ചമ്പൽ മേഖലയിലാണ് 28-ൽ 16 സീറ്റും. അതിനാൽ എട്ടുസീറ്റുലഭിക്കാൻ പ്രയാസമുണ്ടാവില്ലെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. ഈ മേഖലയിൽ പലയിടങ്ങളിലും ബി.എസ്.പി.ക്ക് കാര്യമായ സ്വാധീനമുണ്ടെങ്കിലും ബി.ജെ.പി.ക്ക് അനുകൂലമായ നിലപാട് അവർ സ്വീകരിക്കുന്നുണ്ട്.വളരെക്കാലമായി പാർട്ടിക്കായി പ്രവർത്തിക്കുന്ന തങ്ങളെ തഴഞ്ഞ് കോൺഗ്രസിൽനിന്നെത്തിയവർക്ക് മന്ത്രിപദവിയുൾപ്പെടെ നൽകിയതിലുള്ള അതൃപ്തി പല ബി.ജെ.പി. നേതാക്കളിലും പുകയുന്നുണ്ട്. 28-ൽ 19 സീറ്റിലും പാർട്ടിക്ക് വിമതസ്ഥാനാർഥികൾ ഉള്ളതുതന്നെ ഇതിനുതെളിവ്. ഈ അവസരം നഷ്ടപ്പെടുത്തിയാൽ അതിന്റെ ഫലം നമ്മൾതന്നെ അനുഭവിക്കേണ്ടിവരുമെന്നും അധികാരം ഉണ്ടാവുമ്പോഴേ പദവിയുണ്ടാവൂ എന്നുമാണ് പാർട്ടി കുടുംബയോഗങ്ങളിലെല്ലാം മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും കേന്ദ്രമന്ത്രി നരേന്ദ്രസിങ് തോമറും സംസാരിക്കുന്നത്. കമൽനാഥ് വീണ്ടും മുഖ്യമന്ത്രിയായി തിരിച്ചെത്തുമെന്ന ആത്മവിശ്വാസം കോൺഗ്രസും പ്രകടിപ്പിക്കുന്നു.2018 ഡിസംബറിൽനടന്ന നിമയസഭാതിരഞ്ഞെടുപ്പിൽ 114 സീറ്റോടെ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു. ബി.ജെ.പി. (109), ബി.എസ്.പി. (2), എസ്.പി. (1), സ്വതന്ത്രർ (4) എന്നിങ്ങനെയായിരുന്നു മറ്റു കക്ഷിനില. സ്വതന്ത്രരുടെയും എസ്.പി., ബി.എസ്.പി. കക്ഷികളുടെയും പിന്തുണയോടെയാണ് കോൺഗ്രസ് അധികാരത്തിലെത്തിയത്.
from mathrubhumi.latestnews.rssfeed https://ift.tt/34HZ9wm
via
IFTTT