തൃശ്ശൂർ: ബി.എസ്.എൻ.എൽ. 4-ജിക്ക് തദ്ദേശീയ സാങ്കേതികവിദ്യ ഒരുക്കാനുള്ള ശ്രമങ്ങൾ ഇനിയും നീളും. ഒക്ടോബറിൽ തീരുമെന്നു കരുതിയിരുന്ന പദ്ധതി ജനുവരിവരേക്ക് നീട്ടി. സോഫ്റ്റ്വേർ കമ്പനിയായ ടെക് മഹീന്ദ്രയും പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസും(ഐ.ടി.ഐ.) ചേർന്ന് വികസിപ്പിക്കുന്ന 4-ജി ഉപകരണങ്ങളുടെ പരീക്ഷണം ബെംഗളൂരുവിലാണു നടക്കുന്നത്. പരീക്ഷണം നടത്താനാവശ്യമായ 4-ജി സ്പെക്ട്രം ഇതുവരെ കൈമാറിയിട്ടില്ല. അതിനുള്ള നടപടികൾ പുരോഗമിക്കുന്നതായാണു വിവരം. ടവറുകളിലെ ബേസ് ട്രാൻസീവർ സ്റ്റേഷൻ(ബി.ടി.എസ്.) എന്ന ഉപകരണമാണ് തദ്ദേശീയമായി വികസിപ്പിക്കുന്നത്. ഹാർഡ്വേർ ഭാഗങ്ങൾ ഐ.ടി.ഐ.യും സോഫ്റ്റ്വേർ ഭാഗം ടെക് മഹീന്ദ്രയുമാണ് വികസിപ്പിക്കുക. ഇരു കമ്പനികളും തങ്ങളുടെ ഉത്പന്നങ്ങൾ വികസിപ്പിച്ചുകഴിഞ്ഞു. ബെംഗളൂരുവിലെ 25 ടവർ സൈറ്റുകളിലാണ് പരീക്ഷണം. 2019 ഒക്ടോബറിൽ കേന്ദ്രസർക്കാർ ബി.എസ്.എൻ.എലിന് സൗജന്യമായി 4-ജി സ്പെക്ട്രം അനുവദിച്ചിരുന്നു. എന്നാൽ, വരിക്കാരിലേക്ക് 4-ജി സേവനം എത്തിക്കാനാവാത്തതിനാൽ അത് ഏറ്റുവാങ്ങിയിട്ടില്ല. സ്പെക്ട്രം വാങ്ങിയാൽ അതിന് മാസം ലൈസൻസ് ഫീസായി വൻതുക സർക്കാരിലേക്ക് അടയ്ക്കേണ്ടിവരും. ഓരോ കാരണങ്ങളിൽത്തട്ടി ബി.എസ്.എൻ.എൽ. 4-ജി സേവനം മുടങ്ങുമ്പോൾ, സ്വകാര്യ കമ്പനികൾക്ക് 5-ജി കൊടുക്കുന്നതിന്റെ നടപടികൾക്ക് കേന്ദ്രസർക്കാർ ആക്കം കൂട്ടിയിട്ടുമുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2G8ueQt
via
IFTTT