Breaking

Thursday, October 29, 2020

റെക്കോഡ് വരുമാനവും ലാഭവും നേടി എയർ ഇന്ത്യ എക്സ്പ്രസ്

നെടുമ്പാശ്ശേരി: ചരിത്രത്തിലെ ഏറ്റവും ഉയർന്ന വരുമാനവും ലാഭവും നേടി എയർ ഇന്ത്യ എക്സ്പ്രസ്. 2019-20 സാമ്പത്തിക വർഷം 412.77 കോടി രൂപയാണ് എയർ ഇന്ത്യ എക്സ്പ്രസിന്റെ അറ്റാദായം. മുൻ വർഷം ഇത് 169 കോടി രൂപയായിരുന്നു. കഴിഞ്ഞ ദിവസം ഡൽഹിയിൽ ചേർന്ന ഡയറക്ടർ ബോർഡ് യോഗം കണക്കുകൾ അംഗീകരിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിലുണ്ടായ കോവിഡ് പ്രതിസന്ധി എയർ ഇന്ത്യ എക്സ്പ്രസിനെയും ബാധിച്ചു. ഇതിനിടയിലും വാർഷിക വരുമാനത്തിൽ 25 ശതമാനം വർധന നേടാനായി എന്നത് ശ്രദ്ധേയമാണ്. 2019-20 വർഷം 5,219 കോടി രൂപയാണ് എയർ ഇന്ത്യ എക്സ്പ്രസിന്റെ വരുമാനം. മുൻ വർഷം ഇതേ കാലയളവിലെ വരുമാനം 4,172 കോടിയായിരുന്നു. യാത്രികർ കൂടി യാത്രക്കാരുടെ എണ്ണത്തിലും മികച്ച നേട്ടം കൈവരിക്കാൻ കമ്പനിക്ക് കഴിഞ്ഞു. 2019-20-ൽ യാത്രക്കാരുടെ എണ്ണത്തിൽ 11 ശതമാനം വർധനയുമായി 48.4 ലക്ഷത്തിലെത്തി. മുൻ വർഷം 43.6 ലക്ഷം യാത്രക്കാർ ഉണ്ടായിരുന്ന സ്ഥാനത്താണ് ഇത്. എയർ ഇന്ത്യ എക്സ്പ്രസിൽ പറന്നവരിൽ 46.6 ലക്ഷം യാത്രക്കാരും അന്താരാഷ്ട്ര യാത്രക്കാരാണ്. ഇന്ത്യയിൽനിന്നുള്ള അന്താരാഷ്ട്ര യാത്രക്കാരിൽ 7.1 ശതമാനമായി എയർ ഇന്ത്യ എക്സ്പ്രസിന്റെ വിഹിതം ഉയർന്നു. നേരത്തെ ഇത് 6.5 ശതമാനമായിരുന്നു. വിമാനങ്ങളുടെയും മനുഷ്യ വിഭവ ശേഷിയുടെയും കൃത്യമായ ഉപയോഗമാണ് നേട്ടത്തിന് കാരണമായതെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ. ശ്യാംസുന്ദർ പറഞ്ഞു. ജീവനക്കാരും യാത്രക്കാരും നൽകിയ പിന്തുണയും സഹകരണവും നേട്ടത്തിന് സഹായകമായെന്നും അദ്ദേഹം പറഞ്ഞു. 2005 ഏപ്രിലിലാണ് എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് ആരംഭിച്ചത്. കഴിഞ്ഞ അഞ്ച് വർഷമായി ലാഭത്തിലാണ്. തെക്കനേഷ്യൻ രാജ്യങ്ങളും ഗൾഫുമാണ് എയർ ഇന്ത്യ എക്സ്പ്രസിന്റെ പ്രധാന വിപണി. content highlights: air india express earns record income and profit


from mathrubhumi.latestnews.rssfeed https://ift.tt/35M2SIP
via IFTTT