Breaking

Saturday, October 31, 2020

നടി ഊർമിള ശിവസേനാപ്രതിനിധിയായി നിയമസഭാ കൗൺസിലിലേക്ക്

മുംബൈ: കഴിഞ്ഞ ലോക്‌സഭാതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച നടി ഊർമിള മാംതോഡ്കർ ശിവസേനയുടെ പ്രതിനിധിയായി മഹാരാഷ്ട്ര നിയമസഭാ കൗൺസിലിലെത്തും. ബി.ജെ.പി. വിട്ടുവന്ന മുൻമന്ത്രി ഏക്‌നാഥ് ഖഡ്‌സെയെയും കർഷകനേതാവ് രാജു ഷെട്ടിയെയും എൻ.സി.പി. നിർദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ലോക്‌സഭാതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോൺഗ്രസിൽ ചേർന്ന ഊർമിള മുംബൈ നോർത്ത് മണ്ഡലത്തിലാണ് മത്സരിച്ചത്. ബി.ജെ.പി.യുടെ ഗോപാൽ ഷെട്ടിയോട് തോറ്റതിനുപിന്നാലെ അവർ സജീവരാഷ്ട്രീയംവിടുകയും ചെയ്തു. ഊർമിള വീണ്ടും കോൺഗ്രസിൽ സജീവമാകുമെന്നും പാർട്ടിപ്രതിനിധിയായി നിയമസഭാ കൗൺസിലിൽ എത്തുമെന്നും റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, ശിവസേനയാണ് അവർക്ക് സീറ്റുനൽകിയത്. ശിവസേനാനേതൃത്വവും നടി കങ്കണ റണൗട്ടും തമ്മിലുള്ള വാക്‌പോരിൽ സംസ്ഥാനസർക്കാരിന് പിന്തുണയുമായെത്തിയതാണ് ഊർമിളയെ ശിവസേനയുമായി അടുപ്പിച്ചത്. രതിചിത്ര നായികയെന്നുവിളിച്ചാണ് ഊർമിളയെ കങ്കണ പരിഹസിച്ചത്. ഇതോടെ ശിവസേനാനേതൃത്വം ഊർമിളയ്ക്കുവേണ്ടി രംഗത്തുവന്നു. പാർട്ടിപ്രതിനിധിയായി നിയമസഭാകൗൺസിലിൽ അംഗമാകാൻ തയ്യാറാണെന്ന് ഊർമിള സമ്മതിച്ചിട്ടുണ്ടെന്ന് ശിവസേനാനേതാവ് സഞ്ജയ് റാവുത്ത് അറിയിച്ചു. കോൺഗ്രസുമായുള്ള ബന്ധം അവർ നേരത്തേതന്നെ ഉപേക്ഷിച്ചതാണെന്ന് റാവുത്ത് വ്യക്തമാക്കി. നിയമസഭാകൗൺസിലിലേക്ക് ഗവർണർക്ക് നാമനിർദേശം ചെയ്യാവുന്ന 12 സീറ്റുകളിലാണ് ഒഴിവുള്ളത്. സംസ്ഥാന ഭരണമുന്നണിയിലെ ശിവസേനയും എൻ.സി.പി.യും കോൺഗ്രസും നാലുപേരെവീതമാണ് നിർദേശിച്ചിട്ടുള്ളത്. ഏകനാഥ് ഖഡ്‌സെയ്ക്കുപുറമേ കർഷകനേതാവ് രാജുഷെട്ടിയെയും എൻ.സി.പി. നിർദേശിച്ചിട്ടുണ്ട്. ഇരുവർക്കും മന്ത്രിസ്ഥാനംനൽകാനും സാധ്യതയുണ്ട്. സ്വാഭിമാനിപക്ഷ നേതാവായ ഷെട്ടി, ശരദ് പവാറുമായി അടുപ്പമുള്ളയാളാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെടുകയാണുണ്ടായത്. വ്യാഴാഴ്ച ചേർന്ന മന്ത്രിസഭാ യോഗമാണ് നിയമസഭാ കൗൺസിലിലേക്കുള്ള പ്രതിനിധികളുടെ കാര്യം ചർച്ചചെയ്തത്. ഇതുസംബന്ധിച്ച പേരുകൾ നിർദേശിക്കാൻ യോഗം മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ ചുമതലപ്പെടുത്തി. മുഖ്യമന്ത്രിയുടെ ശുപാർശ ഗവർണർ അംഗീകരിച്ചാലേ നാമനിർദേശപ്രക്രിയ പൂർത്തിയാവൂ.


from mathrubhumi.latestnews.rssfeed https://ift.tt/35Oayua
via IFTTT