Breaking

Tuesday, October 27, 2020

പേമെന്റ് സീറ്റുകള്‍ തരപ്പെടുത്തിയ ചില ഐ.എ.എസുകാര്‍ തരംകിട്ടിയപ്പോള്‍ മറുകണ്ടംചാടി- എം.എം. ലോറന്‍സ്

പേമെന്റ് സീറ്റ് വിവാദത്തെ പരോക്ഷമായി പരാമർശിച്ച് മുതിർന്ന സി.പി.എം നേതാവ് എം.എം. ലോറൻസ്. മാതൃഭൂമി ദിനപത്രത്തിൽ കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച സി.പി.ഐ. നേതാവ് കനയ്യകുമാറിന്റെ അഭിമുഖത്തിലെ ഭാഗങ്ങൾ പങ്കുവെച്ചുള്ള ഫെയ്സ്ബുക്ക് കുറിപ്പിലാണ് ലോറൻസിന്റെ പ്രതികരണം. അഭിമുഖത്തിൽ, എന്തുകൊണ്ട് ഇത്തവണ സ്ഥാനാർഥിയായില്ല എന്ന് കനയ്യകുമാറിനോട് ചോദിക്കുന്നുണ്ട്. ഇതിന് അദ്ദേഹം നൽകുന്ന മറുപടിയെ ഉദ്ധരിച്ചു കൊണ്ടാണ് പേമെന്റ് സീറ്റ് വിവാദത്തെ കുറിച്ച് ലോറൻസിന്റെ പരാമർശം. കനയ്യകുമാർ പറഞ്ഞപ്പോൾ, മുമ്പ് ചില പേമെന്റ് സീറ്റുകൾ ഐ.എ.എസുകാരടക്കം തരപ്പെടുത്തിയെന്ന ആരോപണത്തെക്കുറിച്ച് ഓർത്തുപോയി. അവർ തരംകിട്ടിയപ്പോൾ മറുകണ്ടം ചാടിയത് ഞാൻ ഓർക്കുകയാണ്. എല്ലാ ഐ.എ.എസുകാരെയോ മറ്റുള്ളവരെയോ അല്ല ഉദ്ദേശിക്കുന്നത്- എന്നാണ് ലോറൻസ് പറഞ്ഞിരിക്കുന്നത്. എം.എം. ലോറൻസിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം വ്യക്തികളല്ല, ആശയങ്ങളാണ് പ്രധാനം കനയ്യ കുമാറിനെക്കുറിച്ച് കുറച്ചുകാലമായി കേട്ടിരുന്നില്ല. ബിഹാർ തെരഞ്ഞെടുപ്പിന്റെ പശ്ചാതലത്തിൽ മാതൃഭൂമി ദിനപത്രത്തിൽ സിപിഐ ദേശീയ നേതാവായ കനയ്യ കുമാറിന്റെ ഒരു അഭിമുഖം ഇന്ന് (26.10.20) പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിന്റെ തലക്കെട്ട് ശ്രദ്ധേയമാണ്: വ്യക്തികളല്ല, ആശയങ്ങളാണ് പ്രധാനം. അഭിമുഖത്തിലെ ഒരു ചോദ്യം, ബിഹാറിലെ തെരഞ്ഞെടുപ്പ് ഒരു ആശയ സമരമാണോ എന്നായിരുന്നു. അതിൽ കനയ്യ കുമാറിന്റെ മറുപടി ശ്രദ്ധേയമാണ്. തീർച്ചയായും ഞങ്ങളെ സംബന്ധിച്ച് എല്ലാ കാലത്തും അങ്ങനെ തന്നെയാണ്. എന്നും തെരഞ്ഞെടുപ്പുകൾ ഒരു ആശയസമരമാണെന്നാണ് കനയ്യ വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പിലെ പങ്കാളിത്തം അധികാരം നേടാൻ മാത്രമല്ല, അധികാര ഘടനയെ ജനാധിപത്യവൽക്കരിക്കുന്നതിനുവേണ്ടി കൂടിയാണ്. തീർച്ചയായും ഒരു ആശയ സമരം കൂടിയാണ്. ഞങ്ങൾക്ക് ബിഹാറിനെ മാറ്റി തീർക്കണം. മണി-മസിൽ പവർ രാഷ്ട്രീയത്തെ പൊളിച്ചെഴുതണം. ഇതാണ് ഇടതുപാർടികളുടെ ഫോക്കസ്. അതേ സമയം, ജനങ്ങൾക്കുവേണ്ടിയുള്ള നയങ്ങൾ ആവിഷ്കരിക്കപ്പെടണം. വികസനത്തിന്റെ പേരിൽ കോർപ്പറേറ്റ് കൊള്ളയടി ഞങ്ങൾ സമ്മതിക്കില്ല. -കനയ്യകുമാർ തുടർന്നു. എന്തുകൊണ്ട് താൻ സ്ഥാനാർഥിയായില്ല എന്ന ചോദ്യത്തിന് കനയ്യയുടെ മറുപടി ഇങ്ങനെയാണ്- ഞാൻ ഒരു പാർടിയുടെ കേഡർ മാത്രമാണ്. പാർടിക്ക് അതിന്റെതായ ഘടനയും, ക്രമവും, അച്ചടക്കവും, സംവിധാനവുമുണ്ട്. എല്ലാ പ്രാവിശ്യവും മൽസരിക്കണമെന്ന് ഒരു വ്യക്തിക്ക് തീരുമാനിക്കാനാവില്ല. ഞാൻ തന്നെ ലോകസഭയിലും നിയമസഭയിലും പിന്നെ പഞ്ചായത്തിലും മൽസരിക്കുക എന്നുവരുന്നത് ശരിയാണോ? പാർടിയിൽ മറ്റുള്ളവർക്കും മൽസരിക്കാൻ അവസരം ലഭിക്കണം. എന്റെ റോൾ തെരഞ്ഞെടുപ്പിൽ മൽസരിക്കുകയും പ്രസംഗിക്കുകയും മാത്രമല്ല; ഞാനൊരു സാധാരണ പാർടി പ്രവർത്തകനായി പ്രവർത്തിക്കണം. ഒരു നേതാവിനെപ്പോലെ എപ്പോഴും പ്രസംഗിച്ച് നടക്കുകയല്ല ചെയ്യേണ്ടത്. ഞങ്ങൾ ഒരു നരേറ്റീവ് സ്ഥാപിക്കാൻ ശ്രമിക്കുകയാണ്. അത് ജനാധിപത്യപരമായിരിക്കണം, സമഗ്രമായിരിക്കണം. അത് നമ്മുടെ സ്വഭാവത്തിലും പ്രതിഫലിക്കണം. പാർടി ഘടനയിലും പ്രാവർത്തികമാകണം. പാർടി നൽകുന്ന നിർദേശം അനുസരിച്ചാണ് ഞാൻ പ്രവർത്തിക്കുന്നത്. യോഗങ്ങൾക്ക് പോകുക, പരിസരം വൃത്തിയാക്കുക, കസേരയും മേശയും നിരത്തുക, സൗണ്ട് സിസ്റ്റം ഏർപ്പെടുത്തുക എന്നിവയും പാർടി പ്രവർത്തനത്തിന്റെ ഭാഗമാണ്. അത്തരത്തിൽ ജനാധിപത്യ ഘടനയും സമഗ്രതയും പാർടിയിലുണ്ട്. എല്ലാ പ്രാവിശ്യവും ഒരാൾതന്നെ മൽസരിക്കുക, മറ്റുള്ളവർക്ക് അവസരങ്ങൾ നൽകാതിരിക്കുക. അങ്ങനെയെങ്കിൽ നാം മറ്റുപാർടികളിൽനിന്ന് എങ്ങിനെ വ്യത്യസ്തമാകും!?. ഞങ്ങൾ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി ടിക്കറ്റുകൾ വിൽക്കാറില്ല. ആരാണ് സ്ഥാനാർഥി എന്നത് ഞങ്ങളുടെ രാഷ്ട്രീയ സംവാദത്തിൽ ഒരു പ്രസക്തിയുമില്ല. പാർടിയാണ് പ്രധാനം. നയങ്ങളാണ് പ്രധാനം. മറ്റൊരു തരത്തിലുള്ള ചർച്ചകൾക്ക് ഞങ്ങൾക്ക് താൽപര്യമില്ല- കനയ്യകുമാർ ചൂണ്ടിക്കാട്ടി. കനയ്യകുമാർ സിപിഐയുടെ ഉജ്വലനായ നേതാവാണ്. ഇന്ത്യയുടെ ഈ ഇരുണ്ട കാലഘട്ടത്തിൽ, നേർവഴി തെളിക്കുന്ന മിടുക്കരായ യുവ നേതാക്കളിൽ ഒരാളാണ്. അദ്ദേഹം പറയുന്നത് എല്ലാവർക്കും ബാധകമാണ്, പിന്തുടരേണ്ടതാണ്. പ്രത്യേകിച്ച് ഇടതുപാർടികൾ. അഭിമുഖത്തിൽ വേറെയും പ്രധാനപ്പെട്ട കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. സാമൂഹ്യ പ്രവർത്തനത്തിലും രാഷ്ട്രീയ പ്രവർത്തനത്തിലും തെരഞ്ഞെടുപ്പിലും സമൂഹത്തിലെ എല്ലാ വിഭാഗക്കാർക്കും പങ്കുണ്ട്, ഉണ്ടാകുകയും വേണം. അതിൽ ഐഎഎസുകാർ, ഡോക്ടർമാർ, എഞ്ചിനീയർമാർ, അഭിഭാഷകർ, ചലച്ചിത്രപ്രവർത്തകർ, സാഹിത്യകാരന്മാർ, കലാകാരന്മാർ, കർഷകർ, തൊഴിലാളികൾ, യുവാക്കർ, വിദ്യാർത്ഥികൾ, പുരുഷന്മാർ, സ്ത്രീകൾ എന്നിങ്ങനെ എല്ലാവരും പങ്കെടുക്കേണ്ടതാണ്. ആരും മാറി നിൽക്കേണ്ടതുമില്ല, ആരെയും മാറ്റി നിർത്തേണ്ടതുമില്ല. കനയ്യകുമാർ പറഞ്ഞപ്പോൾ, മുമ്പ് ചില പേമെന്റ് സീറ്റുകൾ ഐഎഎസുകാരടക്കം തരപ്പെടുത്തിയെന്ന ആരോപണത്തെക്കുറിച്ച് ഓർത്തുപോയി. അവർ തരംകിട്ടിയപ്പോൾ മറുകണ്ടം ചാടിയത് ഞാൻ ഓർക്കുകയാണ്. എല്ലാ ഐഎഎസുകാരെയോ മറ്റുള്ളവരെയോ അല്ല ഉദ്ദേശിക്കുന്നത്. തെരഞ്ഞെടുപ്പ് ഒരു രാഷ്ട്രീയസമരം കൂടിയാണ്. അഭിമുഖത്തിൽ വ്യക്തമാക്കിയത് നൂറുശതമാനം ശരിയാണ്. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കമ്യൂണിസ്റ്റുകാർ നടത്തുന്ന പോരാട്ടത്തിന്റെ ഒരു ഭാഗമാണ് തെരഞ്ഞെടുപ്പ് പോരാട്ടം. അതിൽ രാഷ്ട്രീയം ഉള്ളവരും ഇല്ലാത്തവരും ദരിദ്രരും ഭക്ഷണം കഴിക്കുന്നവരും ഭക്ഷണം ഇല്ലാത്തവരും തൊഴിലാളികളും തൊഴിലില്ലാത്തവരും എല്ലാവരും പങ്കെടുക്കും. അതിലൂടെ അവരുടെ രാഷ്ട്രീയ പ്രബുദ്ധത ഒരു പരിധിവരെ ഉയർത്താനും സാധ്യമായേക്കും. സ്വന്തം താൽപര്യം സംരക്ഷിക്കുന്നതിനുള്ള അവസരമായും ധനസമ്പാദനത്തിനുള്ള മാർഗമായയും ചിലർ തെരഞ്ഞെടുപ്പിനെയും തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളെയും കാണുന്നുണ്ട്. മാതൃഭൂമി മുഖംപ്രസംഗത്തിന് തൊട്ടുമുകളിലായി റോസ ലക്സംബർഗിനെ ഉദ്ധരിച്ചിരിക്കുന്നു :- എതിരഭിപ്രായത്തിനുള്ള സ്വാതന്ത്ര്യമാണ് യഥാർഥ സ്വാതന്ത്ര്യം!. content highlights: mm lawrence on payment seat controvery in cpm


from mathrubhumi.latestnews.rssfeed https://ift.tt/3kyOFVE
via IFTTT