ലഖ്നൗ: രാജ്യസഭാ ഉപതിരഞ്ഞെടുപ്പിന് ദിവസങ്ങൾമാത്രം ബാക്കിനിൽക്കെ ഉത്തർപ്രദേശിൽ രാഷ്ട്രീയചുവടുമാറ്റം. ബഹുജൻ സമാജ് പാർട്ടിയുടെ (ബി.എസ്.പി.) അഞ്ച് എം.എൽ.എ.മാർ പാർട്ടി സ്ഥാനാർഥി റാംജി ഗൗതമിനുള്ള പിന്തുണ പിൻവലിച്ച് സമാജ്വാദി പാർട്ടിക്ക് (എസ്.പി.) പിന്തുണയറിയിച്ചു. ഗൗതമിന്റെ നാമനിർദേശപത്രികയിലുള്ള തങ്ങളുടെ ഒപ്പുകൾ വ്യാജമാണെന്ന് റിട്ടേണിങ് ഓഫീസറെ അറിയിച്ചശേഷം അഞ്ചുപേരും എസ്.പി. അധ്യക്ഷൻ അഖിലേഷ് യാദവിനെ ഓഫീസിലെത്തി കണ്ടു. അസ്ലം ചൗധരി, അസ്ലം റെയ്നി, മുസ്തബ സിദ്ദിഖി, ഹകം ലാൽ ബിന്ദ്, ഗോവിന്ദ് ജാതവ് എന്നിവരാണ് കളംമാറിയത്. പിന്തുണ പിൻലിച്ചതിന് പ്രതിഫലമായി എം.എൽ.എ.മാർക്ക് പണം ലഭിച്ചിട്ടുണ്ടെന്ന് ബി.എസ്.പി. നിയമസഭാംഗം ഉമാശങ്കർ സിങ് ആരോപിച്ചു. നവംബർ ഒമ്പതിനാണ് രാജ്യസഭാ ഉപതിരഞ്ഞെടുപ്പ്. അതിനുള്ള നാമനിർദേശപ്രതികകളുടെ സൂക്ഷ്മപരിശോധന ബുധനാഴ്ച നടക്കവേയാണ് നാടകീയസംഭവങ്ങളുണ്ടായത്. 10 രാജ്യസഭാസീറ്റിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ബി.ജെ.പി.യുടെ എട്ടുപേരുൾപ്പെടെ 11 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. യു.പി. നിയമസഭയിലെ ബി.ജെ.പി.യുടെ അംഗബലംവെച്ച് എട്ടുപേരും ജയിക്കും. കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിയും സ്ഥാനാർഥികളിലൊരാളാണ്. Content Highlights:BSPs 5 MLAs join Samajwadi party
from mathrubhumi.latestnews.rssfeed https://ift.tt/2GbpXfe
via
IFTTT