Breaking

Wednesday, October 28, 2020

യു.എ.ഇ. പ്രളയപുനർനിർമാണ കരാർ;ഉന്നത രാഷ്ട്രീയനേതാവിന്റെ മകന്റെ ബിനാമിക്ക്

കൊച്ചി: യു.എ.ഇ. കോൺസുലേറ്റിൽനിന്ന്‌ 150 വീടുകളുടെ പുനർനിർമാണക്കരാർ ലഭിച്ചത് കേരളത്തിലെ ഉന്നത രാഷ്ട്രീയനേതാവിന്റെ മകന്റെ ബിനാമിക്ക്. തിരുവനന്തപുരത്തെ കാർപാലസ് ഗ്രൂപ്പിനാണ് കരാർ നൽകിയത്. ഇതിന്റെ ഉടമ അബ്ദുൾ ലത്തീഫ് കേരളത്തിലെ ഉന്നത രാഷ്ട്രീയനേതാവിന്റെ മകന്റെ ബിനാമിയാണെന്നാണ് അന്വേഷണ ഏജൻസികൾ സംശയിക്കുന്നത്. ഈ കരാറിൽ യു.എ.ഇ. കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽ സാബിക്ക് 1.50 കോടി രൂപയും സ്വപ്നാ സുരേഷിന് 52 ലക്ഷം രൂപയും കമ്മിഷൻ ലഭിച്ചു.സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നൽകിയ മൊഴിയിലാണ് പ്രളയദുരിതാശ്വാസക്കരാറിനെക്കുറിച്ച് പരാമർശമുള്ളത്. 2018 പ്രളയത്തിനുശേഷം യു.എ.ഇ. 150 വീടുകൾ പുനരുദ്ധരിക്കാൻ തീരുമാനിച്ചിരുന്നു. ഇതിനായി കോൺസുലേറ്റ് വഴി കരാറുകാരെ കണ്ടെത്തി. തിരുവനന്തപുരത്തെ കാർപാലസ് ഗ്രൂപ്പിലെ അബ്ദുൾ ലത്തീഫിനാണ് ഈ കരാർ നൽകിയത്. നേരത്തേ കോൺസുലേറ്റുമായി വിസ സ്റ്റാമ്പിങ്ങിന് കാരാറിലേർ‌പ്പെട്ട കമ്പനിയായ യു.എ.എഫ്.എക്സിന്റെ ഡയറക്ടറും അബ്ദുൾ ലത്തീഫ് ആയിരുന്നു. ഈ പരിചയമാണ് പ്രളയസഹായക്കരാറും ലഭിക്കാൻ കാരണം.സ്വർണക്കടത്ത് അന്വേഷിക്കുന്ന ഏജൻസികൾ അബ്ദുൾ ലത്തീഫ് ബിനാമി ഉടമമാത്രമാണെന്നാണ് സംശയിക്കുന്നത്. ഉന്നത രാഷ്ട്രീയനേതാവിന്റെ മകനും ഇയാളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ആഴത്തിലുള്ള അന്വേഷണം നടന്നുവരുകയാണ്. കോൺസുലേറ്റിലെ ചിലരുമായും രാഷ്ട്രീയനേതാവിന്റെ മകന് ബന്ധമുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. സ്വത്തുക്കളിലും അന്വേഷണം നടന്നുവരുകയാണ്.അബ്ദുൾ ലത്തീഫിന്റെ കമ്പനിയായ യു.എ.എഫ്.എക്സിന് വീസ സ്റ്റാമ്പിങ് സംബന്ധിച്ച കരാർ നൽകിയപ്പോൾ കോൺസൽ ജനറലിന് 1.20 കോടി രൂപയും സ്വപ്നയ്ക്ക് 26 ലക്ഷം രൂപയും കമ്മിഷൻ ലഭിച്ചിട്ടുണ്ട്. അബ്ദുൾ ലത്തീഫുമായി കോൺസൽ ജനറലിനും കോൺസുലേറ്റിലെ സാമ്പത്തികവിഭാഗം തലവനായ ഖാലിദിനും വ്യക്തിപരമായ ബന്ധമുണ്ടായിരുന്നെന്നും സ്വപ്‌ന വെളിപ്പെടുത്തിയിട്ടുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/37Oh3zt
via IFTTT