Breaking

Thursday, October 29, 2020

ആരോഗ്യ സേതു ആപ്പ് നിര്‍മിച്ചതാര്?; വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: കൊറോണവൈറസിനെതിരെ പോരാടുന്നതിനായി റെക്കോർഡ് സമയംകൊണ്ട് പൊതു-സ്വകാര്യ സഹകരണത്തോടെ ഏറ്റവും സുതാര്യമായ രീതിയിലാണ് ആരോഗ്യസേതു ആപ്പ് നിർമിച്ചെടുത്തതെന്ന് കേന്ദ്ര സർക്കാർ. ആരാണ് ആരോഗ്യസേതു ആപ്പ് നിർമിച്ചതെന്നതിൽ മന്ത്രാലയങ്ങൾക്ക് ഒരു അറിവുമില്ലെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിന്നാലെയാണ് സർക്കാരിന്റെ വിശദീകരണം. മന്ത്രാലയങ്ങൾ ഇതുസംബന്ധിച്ച വിവരം നൽകാത്തതിൽ കേന്ദ്ര വിവരാവകാശ കമ്മീഷൻ സർക്കാരിന് നോട്ടീസ് നൽകിയിരുന്നു. ആപ്പുമായി ബന്ധപ്പെട്ടവരുടെ പേരുകൾ ഇതിനോടകം തന്നെ പൊതുമണ്ഡലത്തിൽ ഉണ്ടെന്നും സർക്കാർ ഇതിനോട് പ്രതികരിച്ചു. 21 ദിവസത്തോളമെടുത്ത് റെക്കോർഡ് സമയംകൊണ്ടാണ് ആരോഗ്യസേതു ആപ്പ് നിർമിച്ചെടുത്തത്. മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരമാണിത്. വൈറസിനെതിരായ പോരാട്ടത്തിൽ ഇന്ത്യയിലെ ജനങ്ങളെ ഒന്നിപ്പിക്കുന്നതിനായി പൊതു സ്വകാര്യ പങ്കാളിത്തത്തിലാണ് ആരോഗ്യ സേതു ആപ്പ് ആരംഭിച്ചതെന്ന് ഏപ്രിൽ രണ്ടിന് പത്രക്കുറിപ്പുകളിലൂടെയും സാമൂഹികമാധ്യമ പോസ്റ്റുകളിലൂടെയും അറിയിച്ചതായി സർക്കാർ വിശദീകരണ പ്രസ്താവനയിൽ വ്യക്തമാക്കി. സോഴ്സ് കോഡ് പൊതു ഡൊമെയ്നിൽ പുറത്തിറക്കിയപ്പോൾ അപ്ലിക്കേഷനുമായി ബന്ധപ്പെട്ട എല്ലാവരുടെയും പേരുകൾ പങ്കിട്ടിട്ടുണ്ട്. 16 കോടിയിലധികം ആളുകൾ ആപ്പ് ഡൗൺലോഡ് ചെയ്തു. കോവിഡിനെതിരായ പോരാട്ടത്തിൽ ആരോഗ്യ സേതു ആപ്പിന്റെ പങ്ക് ലോകാരോഗ്യ സംഘടന വിലമതിച്ചിട്ടുണ്ട്. ആപ്പ് കോവിഡിനെ നേരിടാൻ സഹായിച്ചിട്ടുണ്ടെന്നതിൽ യാതൊരു സംശയവുമില്ല സർക്കാരിന്റെ വിശദീകരണത്തിൽ പറയുന്നു. ആരോഗ്യസേതു ആപ്പ് ആര് വികസിപ്പിച്ചു എന്ന വിവരാവകാശം സംബന്ധിച്ച ചോദ്യത്തിന് ഒഴിഞ്ഞുമാറുന്ന മറുപടിയാണ് കേന്ദ്രസർക്കാർ നൽകുന്നതെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷൻ കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. വിവരങ്ങൾ നൽകാതിരിക്കുന്ന അധികാരികളുടെ നടപടി സ്വീകാര്യമല്ല. ആരോഗ്യസേതു ആപ്പിന്റെ നിർമാണം സംബന്ധിച്ച ഒരു രേഖയും ലഭ്യമല്ലെന്നും വിവരാവകാശ കമ്മീഷൻ പറഞ്ഞു. ചീഫ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാർക്കും നാഷണൽ ഇ-ഗവേൺസ് ഡിവിഷനും ഇൻഫർമേഷൻ കമ്മീഷൻ കാരണംകാണിക്കൽ നോട്ടീസും അയച്ചിരുന്നു. നാഷണൽ ഇൻഫോമാറ്റിക്സ് സെന്ററും ഐടി മന്ത്രാലയവുമാണ് ആരോഗ്യസേതു ആപ്പ് വികസിപ്പിച്ചതെന്നാണ് ആരോഗ്യസേതു വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിവരം. എന്നാൽ ആപ്പ് ആര് നിർമിച്ചു എന്ന് തങ്ങൾക്കറിയില്ല എന്നാണ് വിവരാവകാശ ചോദ്യത്തിന് നാഷണൽ ഇൻഫോമാറ്റിക്സ് സെന്ററും ഐടി മന്ത്രാലയവും നൽകിയ മറുപടി. സാമൂഹ്യപ്രവർത്തകനായ സൗരവ് ദാസ് ആണ് ആരോഗ്യസേതു ആപ്പ് സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം ചോദ്യങ്ങൾ ഉന്നയിച്ചിരുന്നത്. ആപ്പ് നിർമിക്കുന്നതിനുള്ള അപേക്ഷ സംബന്ധിച്ച വിവരങ്ങൾ, ഇതിന്റെ അനുമതി സംബന്ധിച്ച വിവരങ്ങൾ, നിർമിച്ച കമ്പനിയുടെ പേര്, ആപ്പ് നിർമാണവുമായി ബന്ധപ്പെട്ടിട്ടുള്ള വ്യക്തികളും സർക്കാർ വകുപ്പുകളും, ആപ്പ് ഡവലപ് ചെയ്യുന്നതിനായി പ്രവർത്തിച്ചവരുമായി നടന്നിട്ടുള്ള ആശയവിനിമയത്തിന്റെ പകർപ്പുകൾ തുടങ്ങിയവയായിരുന്നു വിവരാവകാശ പ്രകാരം ആവശ്യപ്പെട്ടിരുന്നത്. Content Highlights:Aarogya Setu Built-government detailed clarification


from mathrubhumi.latestnews.rssfeed https://ift.tt/35DD9SM
via IFTTT