Breaking

Tuesday, October 27, 2020

റബിൻസിലൂടെ ഫണ്ടിങ്ങിലേക്ക്: എൻ.ഐ.എ.യ്കും നിർണായകം

റബിൻസിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ചപ്പോൾ.... കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയ കേസിൽ റബിൻസിനെ അറസ്റ്റുചെയ്യാൻ കഴിഞ്ഞത് എൻ.ഐ.എ.യ്ക്ക് നിർണായകമായി. നയതന്ത്ര ബാഗേജിന്റെ മറവിൽ നടന്ന സ്വർണക്കടത്തിനുപിന്നിൽ വിദേശത്തുനിന്നുള്ള ഫണ്ടിങ് ഉണ്ടെന്ന നിഗമനത്തിൽ എൻ.ഐ.എ. നേരത്തേ എത്തിയിരുന്നു. ഇതിനെ സംബന്ധിച്ച തെളിവുകൾ സമാഹരിക്കുക എന്നതായിരുന്നു വെല്ലുവിളി. റബിൻസിനെ അറസ്റ്റുചെയ്യാനായതോടെ ഫണ്ടിങ് എങ്ങനെയായിരുന്നു എന്നതിൽ വ്യക്തതവരുത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് എൻ.ഐ.എ. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽതന്നെ എൻ.ഐ.എ. ഉദ്യോഗസ്ഥർ യു.എ.ഇ.ലേക്ക് പോയിരുന്നു. അന്വേഷണത്തോടൊപ്പം നയതന്ത്ര ബാഗേജിന്റെ മറവിൽ നടന്ന സ്വർണക്കടത്തിന്റെ ഗൗരവത്തെക്കുറിച്ച് യു.എ.ഇ. അധികൃതരെ ബോധിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് യു.എ.പി.എ. ചുമത്തി അറസ്റ്റുചെയ്ത 10 പേർക്ക് എൻ.ഐ.എ. കോടതി ജാമ്യം അനുവദിച്ചിരുന്നു. സ്വർണക്കടത്തിൽ പണം നിക്ഷേപിച്ചവരായിരുന്നു ഇവർ. സ്വർണക്കടത്തിനായി പണം പൂൾ ചെയ്തപ്പോൾ അതിൽ കണ്ണിയായവരായിരുന്നു ഇവരിൽ ഏറെയും. പക്ഷേ, ഇവർക്കെതിരേ യു.എ.പി.എ. ചുമത്തിയതിൽ കോടതി സംശയം രേഖപ്പെടുത്തി. എന്നാൽ, ഇങ്ങനെ പൂൾ ചെയ്തെടുത്ത പണം മാത്രമല്ല ഉപയോഗിച്ചിരിക്കുന്നത് എന്ന കണ്ടെത്തലാണ് നയതന്ത്ര ബാഗേജിന്റെ മറവിൽ നടന്ന സ്വർണക്കടത്തിന്റെ പ്രാധാന്യം വർധിപ്പിച്ചത്. എന്നാൽ, സ്വർണക്കടത്തിലൂടെ ലഭിച്ച പണം രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി വിനിയോഗിച്ചുവെന്നത് സ്ഥാപിക്കുക എന്ന വെല്ലുവിളിയും ഇതോടെ എൻ.ഐ.എ. നേരിട്ടു. കേസിന്റെ അന്വേഷണംതന്നെ ദുർബലമാകുന്നുവെന്ന വിമർശനവും ഒരുകോണിൽനിന്ന് ഉയർന്നുതുടങ്ങി. ഇതിനിടെയാണ് റബിൻസിൻറെ അറസ്റ്റ്.


from mathrubhumi.latestnews.rssfeed https://ift.tt/3mrEGlD
via IFTTT