ഗുവാഹത്തി: ജോയിന്റ് എൻട്രൻസ് മെയിൻസ് (ജെഇഇ മെയിൻസ്) പരീക്ഷയിൽ ക്രമക്കേട് നടത്തിയ ഒന്നാം റാങ്കുകാരനേയും അച്ഛനേയും ഉൾപ്പെടെ അഞ്ച് പേരെ അസം പോലീസ് അറസ്റ്റ് ചെയ്തു. പ്രവേശനപരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടിയ പരീക്ഷാർഥി പകരക്കാരനെ ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റെന്ന് ഗുവാഹത്തി പോലീസ് വ്യക്തമാക്കി. രാജ്യത്തെ പ്രധാന എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ 99.8 ശതമാനം മാർക്ക് നേടിയാണ് പരീക്ഷാർഥിയായ നീൽ നക്ഷത്രദാസ് സംസ്ഥാനത്ത് ഒന്നാമതെത്തിയത്. ഇന്ത്യയിലെ പ്രമുഖ എൻജിനീയറിങ് കോളേജുകളിലേക്കും ഐഐടികളിലേക്കുമുള്ള പ്രവേശനം ഈ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് നടക്കുന്നത്. നീൽ നക്ഷത്രദാസ്, നീലിന്റെ അച്ഛൻ ഡോ. ജ്യോതിർമയി ദാസ്, പരീക്ഷാകേന്ദ്രത്തിലെ ഉദ്യോഗസ്ഥരായ ഹമേന്ദ്ര നാഥ് ശർമ, പ്രഞ്ജൽ കലിത, ഹീരുലാൽ പഥക് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ വ്യാഴാഴ്ച പ്രാദേശിക കോടതിയിൽ ഹാജരാക്കും. പരീക്ഷയിൽ ഒന്നാമതെത്താൻ കൃത്രിമം കാണിച്ചതായി സൂചന നൽകുന്ന വാട്സ്ആപ്പ് സന്ദേശവും ഫോൺകോൾ റെക്കോഡുകളും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് മിത്രദേവ് ശർമ എന്ന വ്യക്തി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തിയത്. ഗുവാഹത്തിയിലെ പരീക്ഷാകേന്ദ്രത്തിലെ ഇൻവിജിലേറ്ററുൾപ്പെടെയുള്ള ജീവനക്കാർക്കും തട്ടിപ്പിൽ പങ്കുള്ളതായി പോലീസ് പറഞ്ഞു. ഉത്തരക്കടലാസിൽ പേരും റോൾനമ്പറും രേഖപ്പെടുത്താൻ മാത്രമാണ് നീൽ പരീക്ഷാകേന്ദ്രത്തിലെത്തിയത്. പിന്നീട് ആ ഉത്തരക്കടലാസിൽ മറ്റൊരാൾ പരീക്ഷയെഴുതുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം വിപുലീകരിച്ചതായും ഇതൊരു ഒറ്റപ്പെട്ട സംഭവമാവാനിടയില്ലെന്നും പോലീസ് സൂചിപ്പിച്ചു. വലിയൊരു കണ്ണി തന്നെ ക്രമക്കേടിന് പിന്നിൽ പ്രവർത്തിക്കുന്നതായി സംശയമുണ്ടെന്ന് പോലീസ് കൂട്ടിച്ചേർത്തു. നാഷണൽ ടെസ്റ്റിങ് ഏജൻസിയെ അസം പോലീസ് വിവരമറിയിച്ചു. Content Highlights: JEE Mains Topper In Assam Arrested, Allegedly Used Proxy For Exam
from mathrubhumi.latestnews.rssfeed https://ift.tt/2TvMiak
via
IFTTT