Breaking

Saturday, October 31, 2020

ലഹരി-സ്വർണക്കടത്ത് ബന്ധം: എൻ.ഐ.എ. അന്വേഷിച്ചേക്കും

ബെംഗളൂരു: ലഹരിമരുന്നുകേസിലെ സാമ്പത്തിക ഇടപാടും പ്രതികൾക്ക് സ്വർണക്കടത്തുമായുള്ള ബന്ധവും ദേശീയ അന്വേഷണ ഏജൻസി(എൻ.ഐ.എ.) അന്വേഷിക്കാനുള്ള സാധ്യതയേറി. നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെയും(എൻ.സി.ബി.) ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ചിന്റെയും അന്വേഷണത്തിലുള്ള ലഹരിമരുന്നുകേസിലെ പ്രതികൾക്ക് സ്വർണാഭരണമേഖലയിലുള്ളവരുമായി ബന്ധമുണ്ട്. എൻ.സി.ബി. അറസ്റ്റുചെയ്ത മുഹമ്മദ് അനൂപിന് സ്വർണക്കടത്ത് കേസിലെ പ്രതി കെ.ടി. റമീസുമായി സൗഹൃദമുണ്ട്. സ്വർണക്കടത്തിലൂടെ ലഭിച്ച പണം ലഹരിമരുന്ന് ഇടപാടിൽ ഉപയോഗിച്ചതിനെക്കുറിച്ച് എൻ.സി.ബി. അന്വേഷണം തുടങ്ങിയിട്ടുണ്ട്. നടിമാരായ രാഗിണി ദ്വിവേദി, സഞ്ജന ഗൽറാണി എന്നിവർ പ്രതികളായ ലഹരിമരുന്ന് കേസിൽ സ്വർണാഭരണരംഗത്ത് പ്രവർത്തിക്കുന്ന വൈഭവ് ജെയിൻ, ആദിത്യ അഗർവാൾ എന്നിവരെ അറസ്റ്റുചെയ്തിരുന്നു. ഇവർ സ്വർണ ഇടപാടിലൂടെ സ്വരൂപിച്ച കള്ളപ്പണം ലഹരിപ്പാർട്ടികളുടെ മറവിൽ വെളുപ്പിച്ചെന്നാണ് കണ്ടെത്തിയത്. ഇതേത്തുടർന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസെടുത്തിരുന്നു. ലഹരിമരുന്ന് സംഘങ്ങളുടെ പണം രാജ്യവിരുദ്ധ പ്രവർത്തനത്തിന് ഉപയോഗിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. ഇതിൽ കർണാടകത്തിലെ ആഭ്യന്തരസുരക്ഷാവിഭാഗമാണ് അന്വേഷണം നടത്തുന്നത്. ഇതുസംബന്ധിച്ച് ആഭ്യന്തരസുരക്ഷാവിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും എൻ.ഐ.എ. അന്വേഷണകാര്യത്തിൽ തീരുമാനം. നവംബറിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചേക്കും. ലഹരിമരുന്ന് കേസിലെ പ്രതികളുടെ അന്തസ്സംസ്ഥാന-വിദേശ ബന്ധങ്ങളും അന്വേഷിക്കുന്നുണ്ട്. ഹവാല ഇടപാടിലൂടെയാണ് വിദേശത്തുനിന്ന് ലഹരിമരുന്ന് എത്തിക്കുന്നത്. ഇതിൽ സ്വർണക്കടത്ത് സംഘത്തിനുള്ള പങ്കിനെക്കുറിച്ച് അന്വേഷണം നടന്നുവരികയാണ്. Content Highlights:NIA may investigate the link between Bengaluru drug case and gold smuggling case


from mathrubhumi.latestnews.rssfeed https://ift.tt/2HGTMoQ
via IFTTT