Breaking

Friday, October 30, 2020

അടവുനയം ആയുധമാക്കി സി.പി.എം.

ന്യൂഡൽഹി: കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ അടുത്തവർഷം നടക്കുന്ന തിരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പിനായി സി.പി.എം. കേന്ദ്രകമ്മിറ്റിയോഗം വെള്ളിയാഴ്ച തുടങ്ങും. കേരളവും പശ്ചിമബംഗാളും തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നതിനാൽ ജാഗ്രതയോടെയാണ് കേന്ദ്രനേതൃത്വത്തിന്റെ സമീപനം. കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്തും ദേശീയരാഷ്ട്രീയത്തിലെ യാഥാർഥ്യം ഉൾക്കൊണ്ടുമുള്ള പ്രായോഗിക തിരഞ്ഞെടുപ്പുസമീപനത്തിനാണ് മുൻഗണന. ഇതിനായി പി.ബി.യുടെ കരടുരേഖയും സംസ്ഥാനങ്ങളുടെ പ്രത്യേകറിപ്പോർട്ടും കേന്ദ്രകമ്മിറ്റി ചർച്ചചെയ്യും. കോൺഗ്രസിനോടുള്ള സമീപനത്തെച്ചൊല്ലി പാർട്ടി കേന്ദ്രനേതൃത്വം മുൻകാലങ്ങളിലെ തർക്കങ്ങൾ മാറ്റിവെച്ച് പ്രായോഗികമായി മുന്നോട്ടുനീങ്ങുകയാണ്. ഇതിനായി ഹൈദരാബാദ് പാർട്ടി കോൺഗ്രസ് അംഗീകരിച്ച രാഷ്ട്രീയ അടവുനയമാണ് അടിസ്ഥാനമാക്കുന്നത്. ബി.ജെ.പി.യെ ചെറുക്കാൻ കോൺഗ്രസ് ഉൾപ്പെടെയുള്ള ജനാധിപത്യ, മതേതര പാർട്ടികളുമായി തിരഞ്ഞെടുപ്പിൽ കൈകോർക്കാമെന്നായിരുന്നു പാർട്ടികോൺഗ്രസ് തീരുമാനം. എന്നാൽ, ഇതു രാഷ്ട്രീയസഖ്യമല്ലെന്ന് അടവുനയം അടിവരയിട്ടു വ്യക്തമാക്കുകയും ചെയ്തു. എന്നിട്ടും 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നയം നടപ്പാക്കാനായില്ല. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെയും നേതൃത്വത്തിൽ ഇരുവിഭാഗങ്ങളുടെ വടംവലി ഇതിനു വിഘാതമായെന്നാണ് വിലയിരുത്തൽ.തമിഴ്‌നാട്ടിൽ ഡി.എം.കെ. നേതൃത്വത്തിലുള്ള സഖ്യത്തിൽ ചേർന്നത് സി.പി.എമ്മിനു രാഷ്ട്രീയവിജയം നൽകി. കോൺഗ്രസുമുള്ള ഈ സഖ്യത്തിൽ മത്സരിച്ച് പാർട്ടി രണ്ടുസീറ്റ് നേടി. മഹാരാഷ്ട്രയിൽ എൻ.സി.പി. നേതൃത്വത്തിലും ബിഹാറിൽ ആർ.ജെ.ഡി. നേതൃത്വത്തിലുമുള്ള സഖ്യത്തിനു ശ്രമിച്ചെങ്കിലും ഫലവത്തായില്ല. രണ്ടിടത്തും പാർട്ടി നിലംതൊട്ടില്ല. പശ്ചിമബംഗാളിൽ കോൺഗ്രസുമായി ധാരണയ്ക്കു ശ്രമിച്ചെങ്കിലും സീറ്റുതർക്കത്തിൽ പാളി. ബി.ജെ.പി. ദേശീയരാഷ്ട്രീയത്തിൽ ശക്തിപ്രാപിച്ച പശ്ചാത്തലത്തിൽ മതേതര, ജനാധിപത്യചേരി പ്രബലമാക്കുകയല്ലാതെ വഴിയില്ലെന്ന ഉറച്ച നിലപാടിലാണ് സീതാറാം യെച്ചൂരി. പാർട്ടി കോൺഗ്രസ് നയം തന്നെയാണ് അതിനുള്ള അടിത്തറയെന്നാണ് അദ്ദേഹത്തിന്റെ വാദം. അതിന്റെ പരീക്ഷണവിജയമാണ് തമിഴ്‌നാട്ടിൽ പ്രതിഫലിച്ചതെന്നും യെച്ചൂരിയും കൂട്ടരും ചൂണ്ടിക്കാട്ടുന്നു. പശ്ചിമബംഗാളിൽ ബി.ജെ.പി. കരുത്തുകാട്ടാൻ തുടങ്ങിയത് തിരിച്ചറിഞ്ഞതിന്റെ തെളിവാണ് കോൺഗ്രസുമായി തിരഞ്ഞെടുപ്പു ധാരണയുണ്ടാക്കി നീങ്ങാൻ പി.ബി.യിലുണ്ടായിട്ടുള്ള ധാരണ. 2016-ൽ ബംഗാളിൽ കോൺഗ്രസുമായി കൈകോർത്തപ്പോൾ അച്ചടക്കത്തിന്റെ വാളോങ്ങിയത് കാരാട്ടും കേരള ഘടകവുമായിരുന്നു. തുടർന്ന്, ബംഗാൾ ഘടകത്തോട് സി.സി. തിരുത്തൽ നിർദേശിച്ചു. മുൻകാലങ്ങളിൽ നിലപാടു മാറ്റി പ്രകാശ് കാരാട്ടും കേരളഘടകവും ഇപ്പോൾ വിട്ടുവീഴ്ചയ്ക്കു തയ്യാറായതും രാഷ്ട്രീയയാഥാർഥ്യം തിരിച്ചറിഞ്ഞുതന്നെ.


from mathrubhumi.latestnews.rssfeed https://ift.tt/34GWkvu
via IFTTT