ചേർത്തല: സംസ്ഥാന സർക്കാർ നടപ്പാക്കുന്ന മുന്നാക്കസമുദായ സംവരണം സാമൂഹികനീതിക്കെതിരും ഭരണഘടനാവിരുദ്ധവുമാണെന്ന് എസ്.എൻ.ഡി.പി. യോഗം കൗൺസിൽ. ഈ സാഹചര്യത്തിൽ ഈഴവ/തീയ/വില്ലവ സമുദായത്തിനുള്ള വിദ്യാഭ്യാസസംവരണം ഇരട്ടിയാക്കിയും എയ്ഡഡ് മേഖലയിൽ കൂടുതൽ വിദ്യാഭ്യാസസ്ഥാപനങ്ങൾ അനുവദിച്ചും സാമൂഹികനീതി നടപ്പാക്കണമെന്ന് യോഗം സംസ്ഥാന സർക്കാരിനോട് അഭ്യർഥിച്ചു. വിദ്യാഭ്യാസമേഖലയിൽ സമുദായത്തിനിപ്പോൾ ലഭിക്കുന്നത് മൂന്നുമുതൽ ഒൻപതുവരെ ശതമാനം സംവരണം മാത്രമാണ്. കേരളത്തിലെ എയ്ഡഡ്-അൺ എയ്ഡഡ് മേഖലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ 65 ശതമാനവും മുന്നാക്കസമുദായങ്ങളുടെ ഉടമസ്ഥതയിലാണ്. മാനേജ്‌മെന്റ് ക്വാട്ടയിലൂടെ മുന്നാക്കസമുദായാംഗങ്ങൾക്ക് 70 ശതമാനം പങ്കാളിത്തമാണു ലഭിക്കുന്നത്. അതിനുപുറമേയാണ് പുതുതായി അനുവദിച്ചിരിക്കുന്ന 10 ശതമാനം സാമ്പത്തികസംവരണം. നിലവിലെ സംവരണവിഷയത്തിൽ പ്രതിപക്ഷനേതാവും യു.ഡി.എഫ്. കൺവീനറും നയം വ്യക്തമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കണിച്ചുകുളങ്ങരയിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് എം.എൻ. സോമൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, അരയക്കണ്ടി സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു. സർക്കാരിനു വീഴ്ചപറ്റി- വെള്ളാപ്പള്ളിമുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക് സംവരണം നൽകാനുള്ള തീരുമാനത്തിൽ സംസ്ഥാന സർക്കാരിനു പിഴവുപറ്റിയെന്ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മുന്നാക്കക്കാരിലെ പാവപ്പെട്ടവർക്ക് ആനുകൂല്യം ലഭിക്കുന്നതിൽ എതിരല്ല. അനർഹർക്കു ലഭിക്കരുത്. പിടിച്ചുപറിച്ചുമേടിക്കരുത്. മറ്റു വിഷയങ്ങളിൽ സംസ്ഥാന സർക്കാരിനോട് അഭിപ്രായവ്യത്യാസമില്ലെന്നും അദ്ദേഹം പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/31MLClw
via
IFTTT