വരാപ്പുഴ: കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം പെട്ടിയിലാക്കാൻ മറന്നു. ആംബുലൻസിൽ എത്തിയത് കാലിപ്പെട്ടി. കടമക്കുടി പഞ്ചായത്തിലെ കോതാടാണ് സംഭവം. കഴിഞ്ഞദിവസം കോവിഡ് ബാധിച്ച് മരിച്ച പ്രിൻസ് സിമേന്തി എന്നയാളുടെ മൃതദേഹമാണ് പെട്ടിയിലാക്കാൻ മറന്നത്. പനിയെത്തുടർന്നാണ് കഴിഞ്ഞദിവസം പ്രിൻസിനെ ചേരാനല്ലൂർ ആസ്റ്റർ മെഡ്സിറ്റിയിൽ പ്രവേശിപ്പിച്ചത്. അൽപ്പസമയത്തിനകം മരിച്ചു. മരണശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് മൃതദേഹം വിട്ടുനൽകിയത്. ബന്ധുക്കളും സുഹൃത്തുക്കളുമായ നാലുപേർ ചേർന്നാണ് പ്രിൻസിന്റെ മൃതദേഹം ഏറ്റുവാങ്ങാൻ ആശുപത്രിയിലെത്തിയത്. മൃതദേഹം വെക്കാനായി പെട്ടി ആശുപത്രി അധികൃതരെ ഏൽപ്പിക്കുകയും ചെയ്തു. മൃതദേഹം കൊണ്ടുപോകുന്നതിന് അനുമതി ലഭിച്ചതോടെ ആംബുലൻസിൽ പെട്ടി കയറ്റിവച്ച് ചടങ്ങുകൾ നടക്കുന്ന കോതാട് തിരുഹൃദയ പള്ളിയിൽ എത്തിച്ചു. ശവസംസ്കാര ചടങ്ങുകൾക്കായി തുറന്നുനോക്കിയപ്പോഴാണ് മൃതദേഹമില്ലെന്ന് മനസ്സിലായത്. ഉടൻതന്നെ അതേ ആംബുലൻസിൽ ആശുപത്രിയിലെത്തി അന്വേഷിച്ചപ്പോഴാണ് അബദ്ധം മനസ്സിലായതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. മൃതദേഹം കൊണ്ടുപോയിട്ടില്ലെന്ന് മനസ്സിലായതോടെ ഉടൻതന്നെ ബന്ധുക്കളെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ആംബുലൻസ് ഡ്രൈവറെ വിളിച്ച് വിവരം പറഞ്ഞെങ്കിലും അപ്പോഴേക്കും പെട്ടി തുറന്നിരുന്നു. അരമണിക്കൂറിനകം തന്നെ പ്രിൻസിന്റെ മൃതദേഹവുമായി ആംബുലൻസ് എത്തി. പള്ളി സെമിത്തേരിയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മൃതദേഹം സംസ്കരിച്ചു. content highlights: coffin without deadbody delivered to relatives in kochi
from mathrubhumi.latestnews.rssfeed https://ift.tt/2HFHlJL
via
IFTTT