Breaking

Wednesday, October 28, 2020

ബിഹാറില്‍ വോട്ടെടുപ്പ് തുടങ്ങി: ആദ്യ ഘട്ടത്തില്‍ 71 സീറ്റില്‍ ജനവിധി തേടുന്നത് 1066 സ്ഥാനാര്‍ഥികള്‍

പട്ന: ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 71 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ 1,066 സ്ഥാനാർഥികളാണ് ജനവിധി നേടുന്നത്. 2.14 കോടി വോട്ടർമാർ വിധിയെഴുതും. 71 സീറ്റിൽ ജെ.ഡി.യു. 35 മണ്ഡലങ്ങളിലും ബി.ജെ.പി. 29 ഇടത്തും ആർ.ജെ.ഡി. 42 സീറ്റുകളിലും കോൺഗ്രസ് 29 ഇടത്തും മത്സരിക്കുന്നു. ചിരാഗ് പാസ്വാൻ നയിക്കുന്ന എൽ.ജെ.പി. 41 സീറ്റിൽ മത്സരിക്കുന്നു. ഇതിൽ 35 സീറ്റുകളിൽ ജെ.ഡി.യു.വിനെയാണ് മത്സരം. മൂന്നു ഘട്ടങ്ങളായാണ് സംസ്ഥാനത്ത് വോട്ടെടുപ്പ്. എട്ട് മന്ത്രിമാരും മുൻമുഖ്യമന്ത്രിയും ഹിന്ദുസ്ഥാൻ അവാം മോർച്ച നേതാവുമായ ജതിൻ റാം മഞ്ചിയും ഇന്ന് ജനവിധി തേടുന്നവരിൽ ഉൾപ്പെടുന്നു. കോവിഡ് മഹാമാരിയുടെ കാലത്ത് രാജ്യത്ത് നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണ് ബിഹാറിലേത്. പോളിങ് ബൂത്തുകളിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് നടപടിക്രമങ്ങൾ. ബിഹാർ: പടക്കളത്തിൽ ഒറ്റപ്പെട്ട് നിതീഷ് പട്നയിൽനിന്ന് മനോജ് മേനോൻ പടക്കളത്തിൽ ഏകനാണ് നിതീഷ് കുമാർ. സർക്കാർവിരുദ്ധ വികാരവും എൻ.ഡി.എ. മുന്നണിക്കുള്ളിലെ ഒളിപ്പോരുകളും എതിർ മുന്നണികളുടെ ആക്രമണവും അടിത്തറയിളകിയ ജാതിസമവാക്യങ്ങളും ഒരുക്കിയ പദ്മവ്യൂഹത്തിനുള്ളിലാണ് നായകൻ. സഹായത്തിനെത്തേണ്ട എൻ.ഡി.എ. സഖ്യമാവട്ടെ തന്ത്രപരമായ മൗനത്തിലുമാണ്. സംയമനം ശീലമാക്കിയ നിതീഷ് തിരഞ്ഞെടുപ്പ് റാലികളിൽ കഴിഞ്ഞദിവസം പൊട്ടിത്തെറിച്ചത് ഈ സമ്മർദങ്ങൾക്കിടയിലാണ്. വോട്ട് തരുന്നില്ലെങ്കിൽ തരണ്ടാ... ശല്യമുണ്ടാക്കാതെ ഇവിടെനിന്ന് പോകൂ... എന്ന് പഴ്സ മണ്ഡലത്തിലെ റാലിക്കിടയിൽ നുഴഞ്ഞുകയറി തനിക്കു നേരെ മുർദാബാദ് വിളിച്ചവരോട് മുഖ്യമന്ത്രി കയർത്തു. മുസഫർപൂരിലും സരണിലും സമാനരംഗങ്ങൾ ആവർത്തിച്ചു. നാലാംവട്ടവും മുഖ്യമന്ത്രിയാകാൻ ഇറങ്ങിയ നിതീഷ് ബിഹാറിൽ ഇക്കുറി നേരിടുന്നത് കഠിന പരീക്ഷണമാണ്. സർക്കാർവിരുദ്ധ വികാരത്തോടൊപ്പം എൻ.ഡി.എ. ക്കുള്ളിലെ രഹസ്യനീക്കങ്ങളും അദ്ദേഹത്തെ പ്രതിരോധത്തിൽ വീഴ്ത്തുന്നു. ഇക്കുറി സ്വന്തം മുഖ്യമന്ത്രി എന്ന ബി.ജെ.പി.യുടെ രഹസ്യതന്ത്രത്തിൽ എൻ.ഡി.എ. പൊട്ടിത്തെറിയുടെ വക്കിലാണ്. ജെ.ഡി.യു.വിന്റെ വോട്ട് വെട്ടാൻ ചിരാഗ് പാസ്വാനെ രംഗത്തിറക്കിയത് ബി.ജെ.പി. ആണെന്ന് നിതീഷും പാർട്ടിയും വിശ്വസിക്കുന്നു. 15 വർഷത്തിനുശേഷം നിതീഷ് ആദ്യമായി സർക്കാർവിരുദ്ധ വികാരം നേരിടുന്ന തിരഞ്ഞെടുപ്പാണിത്. വികസനം, ക്രമസമാധാനം എന്ന ഇരട്ട മുദ്രാവാക്യം പതിവുപോലെ നിതീഷ് ഉയർത്തുമ്പോൾ, തൊഴിലില്ലായ്മ, വ്യവസായ മുരടിപ്പ്, വിദ്യാഭ്യാസ-ആരോഗ്യരംഗത്തെ തകർച്ച എന്നിവയെച്ചൊല്ലിയാണ് എതിർവികാരം. കോവിഡ്, വെള്ളപ്പൊക്കം, കുടിയേറ്റ തൊഴിലാളികളുടെ മടക്കം എന്നിവയിലെ വീഴ്ചകളും ജനരോഷമുയർത്തുന്നുണ്ട്. ഈ പ്രശ്നങ്ങൾ നിതീഷിനെ പിന്തുണയ്ക്കുന്ന ജാതിസമവാക്യങ്ങളിലും വിള്ളൽ വീഴ്ത്തിയിട്ടുണ്ട്. യാദവരല്ലാത്ത പിന്നാക്ക വിഭാഗം, അതിപിന്നാക്ക വിഭാഗം, മഹാദളിത് എന്നിവരാണ് നിതീഷിന്റെ പതിവ്്വോട്ട് ബാങ്ക്. എന്നാൽ തൊഴിൽ നഷ്ടപ്പെട്ട കുടിയേറ്റ തൊഴിലാളികളും കോവിഡ്-പ്രളയം ദുരന്തങ്ങൾ അനുഭവിക്കുന്നവരും ഈ വോട്ട്ബാങ്കിൽപ്പെട്ടവരാണ്. ഇവരുടെ വോട്ടുകൾ ചിതറിയാൽ നിതീഷിന് ക്ഷീണമാകും. content highlights: first phase of bihar assembly election starts


from mathrubhumi.latestnews.rssfeed https://ift.tt/34E481r
via IFTTT