Breaking

Wednesday, October 28, 2020

സൗദി തൊഴില്‍ വിപണിയില്‍ സ്പോണ്‍സര്‍ഷിപ്പ് സമ്പ്രദായം നിര്‍ത്തലാക്കുവാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്

റിയാദ്: തൊഴിൽ വിപണി മെച്ചപ്പെടുത്തുന്നതിനു സൗദി അറേബ്യ പുതിയ തീരുമാനങ്ങൾ താമസിയാതെ പ്രഖ്യാപിക്കുമെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം വക്താവ് അറിയിച്ചു.മന്ത്രാലയത്തിന്റെ എല്ലാ തീരുമാനങ്ങളും തയ്യാറായായി വരുന്നതായും താമസിയാതെ പ്രഖ്യാപിക്കുമെന്ന് നാസർ ബിൻ അബ്ദുൽ റഹ്മാൻ അൽ ഹസാനി ട്വീറ്റ് ചെയ്തു. സൗദിയിലെ തൊഴിൽ മേഖലയിൽ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന മാറ്റങ്ങളെക്കുറിച്ച് കൃത്യമായ വിവരങ്ങൾക്കായി ഔദ്യോഗീക ചാനലുകളെ മാത്രം ആശ്രയിക്കണമെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്. ധനകാര്യ വെബ് പോർട്ടലായ മാൽ റിപ്പോർട്ടിനെ തുടർന്നാണ് അൽ ഹസാനിയുടെ പ്രതികരണം. ജീവനക്കാരെ അവരുടെ തൊഴിലെടുക്കുന്ന കമ്പനിയുമായി ബന്ധിപ്പിക്കുന്ന പതിറ്റാണ്ടുകൾ പഴക്കമുള്ള കഫാല സമ്പ്രദായത്തിന് അറുതി വരുത്തുമെന്നും പകരം തൊഴിലാളികളും അവരുടെ തൊഴിലുടമകളും തമ്മിലുള്ള പുതിയ കരാർ ബന്ധം ഉണ്ടാക്കുമെന്നായിരുന്നു മാൽ റിപ്പോർട്ട് ചെയ്തിട്ടുത്തത്. പുതിയ നിയമത്തെക്കുറിച്ച് ബുധനാഴ്ച ഒരു പ്രഖ്യാപനം നടക്കാനിരിക്കുകയാണെന്നും എന്നാൽ അടുത്ത ആഴ്ചയിലേക്ക് അത് മാറ്റിയിരിക്കയാണെന്നും പേര് വെളിപ്പെടുത്താത്ത മന്ത്രാലയ വൃത്തത്തെ ഉദ്ധരിച്ച് മാൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഏകദേശം ഏഴ് പതിറ്റാണ്ടായി പ്രാബല്യത്തിലുള്ളതാണ് കഫാല സംവിധാനം. പ്രവാസി തൊഴിലാളികളും അവരുടെ തൊഴിലുടമകളും തമ്മിലുള്ള കരാർ ബന്ധം മെച്ചപ്പെടുത്തുന്നതും ചരിത്രപരമായ ഒരു തീരുമാനവുമായിരിക്കും കഫാല സംവിധാനത്തിൽ മാറ്റം വരികയാണെങ്കിൽ. അതേസമയം ഈ വിഷയം മുമ്പ് പലതവണ ഉയർന്ന് വന്നതാണെങ്കിലും മന്ത്രാലയം അന്നൊക്കെ വാർത്ത നിഷേധിക്കുകയും ചെയ്തിരുന്നു. സ്പോൺസർഷിപ്പ് സമ്പ്രദായം നിർത്തലാക്കുന്നത് പ്രവാസി തൊഴിലാളികൾക്ക് എക്സിറ്റ്, റീ എൻട്രി വിസകൾ എളുപ്പമാക്കുവാൻ സഹായകമാകും. സ്പോൺസർമാരുടെ അനുമതി ഇല്ലാതെ തൊഴിലാളികൾക്ക് സൗദിക്കു വെളിയിൽ പോകുവാനും എക്സിറ്റഡിക്കുവാനും സഹായകമായേക്കും.


from mathrubhumi.latestnews.rssfeed https://ift.tt/35JHbJv
via IFTTT