Breaking

Thursday, October 29, 2020

കണക്കില്‍പ്പെടുത്താന്‍ കഴിയാത്തത്ര പണം സ്വപ്‌നയുടെ കൈവശം; വിനയായത് ലോക്കര്‍ ഇടപാടുകള്‍

കൊച്ചി: മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന് കോടതിയിൽ ഉൾപ്പെടെ തിരച്ചടി നേരിട്ടത് മൊഴിക്കുരുക്കുകളിൽ. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിന്റെയും ചാർട്ടേഡ് അക്കൗണ്ടന്റ് പി. വേണുഗോപാലിന്റെയും മൊഴികളാണ് നിർണായകമായത്. സ്വപ്നയുടെ കൈവശമുള്ള കള്ളപ്പണം ഒളിപ്പിക്കാനും വെളുപ്പിക്കാനും ശിവശങ്കർ കൂട്ടുനിന്നെന്ന് പ്രഥമദൃഷ്ട്യ ബോധ്യപ്പെടുന്നരീതിയിലാണ് ഇവരുടെ മൊഴികൾ. ഇതിന് പിൻബലമേകുന്നതായി മറ്റു രണ്ടുപ്രതികളായ പി.എസ്. സരിത്തിന്റെയും സന്ദീപ് നായരുടെയും മൊഴികളും.ഔദ്യോഗികമായല്ലാതെതന്നെ ശിവശങ്കറുമായി വളരെ അടുപ്പത്തിലായിരുന്നുവെന്ന് സ്വപ്ന വെളിപ്പെടുത്തിയിരുന്നു. ഇത് ശിവശങ്കറും ചോദ്യംചെയ്യലിൽ അംഗീകരിച്ചിട്ടുണ്ട്. സ്വപ്നയെ സംബന്ധിച്ച എല്ലാകാര്യങ്ങളും ശിവശങ്കർ അറിഞ്ഞിരുന്നു എന്ന് അന്വേഷണ ഏജൻസികൾ ഉറപ്പിച്ചിട്ടുണ്ട്. സ്വർണക്കടത്തുമാത്രം അറിഞ്ഞില്ലെന്നത് വിശ്വസനീയമല്ലെന്നാണ് വിലയിരുത്തൽ. ഡോളർക്കടത്തിനെക്കുറിച്ചും ശിവശങ്കറിന് ധാരണയുണ്ടായിരുന്നുവെന്ന് കസ്റ്റംസ് ഉറപ്പിച്ചിട്ടുണ്ട്.രണ്ടുവർഷമായി ആഴ്ചയിലൊരിക്കൽ സ്വപ്നയുടെ വസതിയിൽ അത്താഴത്തിന് ഒത്തുചേരുമായിരുന്നുവെന്ന് ശിവശങ്കർ സമ്മതിച്ചിട്ടുണ്ട്. മറ്റു പ്രതികളായ സന്ദീപും സരിത്തും അത്താഴത്തിനെത്തുമായിരുന്നു. ഈസമയത്ത് നയതന്ത്രബാഗേജിന്റെ മറവിലുള്ള സ്വർണക്കടത്തിനെക്കുറിച്ച് ചർച്ച ചെയ്യുമായിരുന്നുവെന്ന് പറയുന്ന സ്വപ്ന, ശിവശങ്കർ ഇതറിഞ്ഞിരുന്നില്ല എന്ന് തൊട്ടടുത്ത ചോദ്യത്തിന് മറുപടി പറയുന്നുമുണ്ട്. ഇത് വിശ്വാസത്തിലെടുക്കാൻ അന്വേഷണ ഏജൻസികൾ തയ്യാറായിട്ടില്ല. സ്വർണം പിടിച്ചശേഷം ജൂലായ് അഞ്ചിന് ശിവശങ്കറുമായി ഫോണിൽ സംസാരിച്ചതായുള്ള സ്വപ്നയുടെ വെളിപ്പെടുത്തൽകൂടിയായപ്പോൾ കുരുക്കുമുറുകി.പ്രത്യക്ഷത്തിൽ ശിവശങ്കറിന് വിനയായത് ലോക്കർ ഇടപാടുകളാണ്. സ്വപ്നയുടെ കൈവശം കണക്കിൽപ്പെടുത്താൻ കഴിയാത്തത്ര പണം ഉണ്ടായിരുന്നെന്ന് ശിവശങ്കറിന് അറിയമായിരുന്നു. ഇക്കാര്യം സ്വപ്ന തന്നെയാണ് അന്വേഷണസംഘങ്ങളോട് വെളിപ്പെടുത്തിയത്. ഈ പണം വെളുപ്പിക്കാനുള്ള ശ്രമമാണ് ശിവശങ്കറിന്റെ അറിവോടെ നടന്നതെന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വിലയിരുത്തൽ. ശിവശങ്കറും ചാർട്ടേഡ് അക്കൗണ്ടന്റ് പി. വേണുഗോപാലും തമ്മിൽ നടന്ന 30-35 ലക്ഷം രൂപ സംബന്ധിച്ച വാട്സാപ്പ് ചാറ്റുകൾ ഇതിലേക്ക് പ്രധാന തെളിവായി. ശിവശങ്കറും സ്വപ്നയും തന്റെ വസതിയിലെത്തി പണം ബാഗിലാക്കി കൈമാറിയെന്നാണ് ചാർട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴി.സ്രോതസ്സ് വെളിപ്പെടുത്താൻ കഴിയാത്തതിനാൽ സ്ഥിരനിക്ഷേപമായി ഈ പണം നിക്ഷേപിക്കാൻ കഴിയില്ലെന്ന് ബോധ്യമായതിനാൽ ലോക്കറിൽ വെക്കാൻ തീരുമാനിക്കുകയായിരുന്നു. ഇത് ശിവശങ്കറിന്റെ നിർദേശപ്രകാരമാണെന്ന് വേണുഗോപാൽ പറയുന്നു. താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്നാണ് ശിവശങ്കറിന്റെ മൊഴി. വേണുഗോപാലാണ് ലോക്കറിൽ വെക്കാൻ ആവശ്യപ്പെട്ടതെന്ന് സ്വപ്നയും മൊഴി നൽകി. ഈ മൊഴികളിലെ വൈരുദ്ധ്യംതന്നെ അവിഹിത ഇടപാടുകൾ നടന്നെന്നതിന് സൂചനയാണെന്ന് അന്വേഷണ ഏജൻസികൾ കരുതുന്നു. കോൺസുലേറ്റ് കേന്ദ്രീകരിച്ച് ഡോളർക്കടത്ത് നടന്നതായി സ്വപ്ന ശിവശങ്കറിന് വിവരംനൽകിയതായി അന്വേഷണ ഏജൻസികൾ കരുതുന്നു. കോൺസുലേറ്റിൽ കോടികളുടെ കമ്മിഷൻ ഇടപാടുകൾ നടന്നിരുന്നതും ശിവശങ്കറിന് അറിയാമായിരുന്നു. ഇതറിഞ്ഞിട്ടും ശിവശങ്കർ അന്വേഷണ ഏജൻസികളോട് വെളിപ്പെടുത്തിയില്ല.മൂന്നുതവണയായി ഒരുലക്ഷംരൂപയോളം ശിവശങ്കർ തന്നതായും ഇത് തിരിച്ചുനൽകിയിട്ടില്ലെന്നും സ്വപ്ന പറഞ്ഞിരുന്നു. സാമ്പത്തികസഹായം ചെയ്തിരുന്നുവെന്ന് ശിവശങ്കറും സമ്മതിച്ചിട്ടുണ്ട്. സ്വപ്ന ക്രിമിനൽ കേസ് പ്രതിയാണെന്ന് ശിവശങ്കറിന് അറിയാമായിരുന്നുവെന്ന് സന്ദീപ് നായരും പി.എസ്. സരിത്തും വ്യക്തമാക്കിയിരുന്നു. സ്വപ്നയും ശിവശങ്കറും തമ്മിലുള്ള ബന്ധം ഏറെ ദൃഢമായിരുന്നെന്ന് തെളിയിക്കുന്നതായി ഈ മൊഴികൾ.


from mathrubhumi.latestnews.rssfeed https://ift.tt/3jCLmeZ
via IFTTT