Breaking

Thursday, October 29, 2020

പവാറിന് പ്രശംസ; പങ്കജ മുണ്ടെ ബി.ജെ.പി. വിടുമെന്ന് അഭ്യൂഹം

മുംബൈ: ഏക്‌നാഥ് ഖഡ്‌സേയ്ക്കുപിന്നാലെ മുൻമന്ത്രി പങ്കജ മുണ്ടെയും ബി.ജെ.പി. വിടാനൊരുങ്ങുകയാണെന്ന് അഭ്യൂഹം. എൻ.സി.പി. നേതാവ് ശരദ് പവാറുമായി വേദിപങ്കിട്ടതും പവാറിനെ പുകഴ്ത്തി ട്വിറ്റർ സന്ദേശം പുറപ്പെടുവിച്ചതും അതിന്റെ സൂചനയാണെന്നാണ് റിപ്പോർട്ട്. ബി.ജെ.പി.യിലെ പ്രമുഖ പിന്നാക്കസമുദായ നേതാവായിരുന്ന ഗോപിനാഥ് മുണ്ടെയുടെ മകളായ പങ്കജ കുറച്ചുകാലമായി പാർട്ടിയുമായി അകന്നുനിൽക്കുകയാണ്. ഖഡ്‌സേയെപ്പോലെ ബി.ജെ.പി.യിൽ മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസിന്റെ എതിർചേരിയിലായിരുന്നു പങ്കജയും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തോറ്റതും നിയമസഭാ കൗൺസിലിലേക്ക് നാമനിർദേശം ലഭിക്കാഞ്ഞതും അവരുടെ അതൃപ്തി വർധിപ്പിച്ചു. സംസ്ഥാന ബി.ജെ.പി.യിലെ കോർ കമ്മിറ്റിയിൽനിന്ന് അവർ വിട്ടുനിൽക്കുകയുമാണ്. ഇതിനിടയിലാണ് പുണെയിൽ ശരദ് പവാറുമായി അവർ വേദി പങ്കിട്ടത്. കരിമ്പുകർഷകരുടെ പ്രശ്നങ്ങൾ ചർച്ചചെയ്യുന്നതിനുള്ള ചടങ്ങിലായിരുന്നു അത്. അതിനുശേഷമാണ് പവാറിനെ പ്രശംസിച്ച് ട്വിറ്ററിൽ കുറിപ്പിട്ടത്. പകർച്ചവ്യാധിയുടെ കാലത്തും യോഗങ്ങളും ചർച്ചകളും യാത്രകളുമായി നടക്കുന്ന പവാറിന്റെ ഊർജം അപാരമാണ് എന്നായിരുന്നു കുറിപ്പ്. രാഷ്ട്രീയമായി വേറൊരു പക്ഷത്താണെങ്കിലും കഠിനാധ്വാനംചെയ്യുന്നവരെ ആദരിക്കാതിരിക്കാനാവില്ലെന്നും അച്ഛൻ പഠിപ്പിച്ചത് അതാണെന്നും അവർ കൂട്ടിച്ചേർക്കുകയും ചെയ്തു. ഞായറാഴ്ച ബീഡിൽ ദസറാറാലിയിൽ പാർട്ടിയിലെ എതിരാളികൾക്കെതിരേ പങ്കജ മുണ്ടെ തുറന്നടിച്ചിരുന്നു. തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാൻ ചിലർ ശ്രമിക്കുന്നുണ്ട് എന്നാണവർ പറഞ്ഞത്. കർഷകക്ഷേമത്തിന് പണം അനുവദിച്ച മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ അവർ പ്രശംസിക്കുകയുംചെയ്തു. പാർട്ടി നേതൃത്വത്തിന്റെ സമീപനങ്ങളിൽ പങ്കജ മുണ്ടെയ്ക്ക് അതൃപ്തിയുണ്ടെന്ന് ബി.ജെ.പി. നേതാക്കൾ സമ്മതിക്കുന്നുണ്ട്. എന്നാൽ, ഖഡ്‌സേയെപ്പോലെ അവർ രാജിവെക്കില്ലെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ. ഗോപിനാഥ് മുണ്ടെയുടെ മരണശേഷം മഹാരാഷ്ട്രയിൽ ബി.ജെ.പി.യിലെ ഏറ്റവും വലിയ പിന്നാക്ക സമുദായ നേതാവായിരുന്ന ഖഡ്‌സേ കഴിഞ്ഞയാഴ്ചയാണ് പാർട്ടിവിട്ടത്. ശരദ് പവാറിന്റെ സാന്നിധ്യത്തിൽ അദ്ദേഹം എൻ.സി.പി. അംഗത്വം സ്വീകരിക്കുകയുംചെയ്തു.


from mathrubhumi.latestnews.rssfeed https://ift.tt/37MkbMt
via IFTTT