മേപ്പാടി: കള്ളാടി-ആനക്കാംപൊയിൽ തുരങ്കപാത പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനവും ഉദ്ഘാടനവും തിങ്കളാഴ്ച. മുഖ്യമന്ത്രി പിണറായിവിജയൻ ഓൺലൈനായാണ് പദ്ധതി ഉദ്ഘാടനം ചെയ്യുക. മന്ത്രി ജി. സുധാകരൻ അധ്യക്ഷനാകും. മന്ത്രി ടി.എം. തോമസ് ഐസക് പങ്കെടുക്കും. കോഴിക്കോട്, വയനാട് ജില്ലകളിൽ പ്രാദേശികമായി രാവിലെ പത്തിന് പരിപാടി നടത്തും. മേപ്പാടി പഞ്ചായത്ത് ബസ്സ്റ്റാൻഡിലും തിരുവമ്പാടി ബസ്സ്റ്റാൻഡിലും ക്രമീകരിച്ച വലിയ സ്ക്രീനിൽ ചടങ്ങുകൾ പ്രദർശിപ്പിക്കും. തിരുവമ്പാടിയിൽ മന്ത്രിമാരായ ടി.പി. രാമകൃഷ്ണൻ, എ.കെ. ശശീന്ദ്രൻ, എം.പി.മാരായ എം.വി. ശ്രേയാംസ് കുമാർ, എളമരം കരീം എന്നിവർ പങ്കെടുക്കും. മേപ്പാടിയിൽ സി.കെ. ശശീന്ദ്രൻ എം.എൽ.എ., പഞ്ചായത്ത് പ്രസിഡന്റ് കെ. സഹദ് എന്നിവരുമുണ്ടാകും. പദ്ധതിയുടെ വിശദപഠനവും നിർമാണവും കൊങ്കൺ റെയിൽവേ കോർപ്പറേഷനാണ് നടത്തുന്നത്. സർവേ നടപടികൾ കഴിഞ്ഞമാസം 22-ന് തുടങ്ങിയിരുന്നു. മൂന്നുമാസത്തിനകം പഠനം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനുശേഷം ഡി.പി.ആർ. തയ്യാറാക്കി കേന്ദ്രാനുമതിക്കായി സമർപ്പിക്കും. (തുരങ്കപാതയുടെ നീളം, അവസാനിക്കുന്ന കള്ളാടിയിലെ പ്രദേശം എന്നിവയിൽ സർവേയ്ക്കുശേഷം മാറ്റം വന്നേക്കാൻ സാധ്യതയുണ്ട്.) സർവേ പൂർത്തീകരിക്കുന്നതിന് മൂന്നുമാസമെടുക്കും. തുരങ്കപാതയുടെ നിർമാണം മാർച്ചിൽ തുടങ്ങാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. മൂന്നുവർഷംകൊണ്ട് തുരങ്കം പൂർത്തിയാക്കാനാകും വയനാട് - കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന ചുരമില്ലാത്ത പാത. കൊച്ചി - ബെംഗളൂരു യാത്ര ദൂരംകുറയും താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കൽ പ്രധാന ലക്ഷ്യം. യാഥാർഥ്യമായാൽ സംസ്ഥാനത്തെ ഏറ്റവുംനീളമേറിയ തുരങ്കപാതയാകുമിത്. 800 കോടിയോളം രൂപ ചെലവുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി 658 കോടിരൂപ വകയിരുത്തി കള്ളാടിയിൽനിന്ന് ആനക്കാംപൊയിൽ മറിപ്പുഴ സ്വർഗംകുന്നിലേക്കാണ് തുരങ്കം പണിയുന്നത്. ആകെ 7.82 കിലോമീറ്റർ നീളം. സ്വർഗംകുന്നിൽനിന്ന് കള്ളാടിവരെയുള്ള തുരങ്കത്തിന് 6.8 കിലോമീറ്റർ നീളമുണ്ടാകും. Content Highlight: Anakkampoyil-Kalladi-Meppadi corridor
from mathrubhumi.latestnews.rssfeed https://ift.tt/30AA2JH
via
IFTTT