Breaking

Monday, October 12, 2020

600 കിലോമീറ്റർ എൻജിനിൽ; ഹെലൻ പുതുജീവനിലേക്ക്

കോട്ടയം: അറുനൂറോളം കിലോമീറ്റർ ചൂടും പൊടിയുമടിച്ച് ആരുംകാണാതെ കാറിന്റെ എൻജിനുസമീപം ഇരുന്ന് യാത്ര ചെയ്ത പൂച്ചക്കുട്ടിയുടെ ജീവൻ രക്ഷപ്പെട്ടത് അദ്‌ഭുതമാവാം. എന്നാൽ, അതിനെ തിരികെ അമ്മയുടെ അടുത്തെത്തിച്ചത് മൂന്ന് യുവാക്കളുടെ മനുഷ്യത്വമാണ്.സംഭവം ഇങ്ങനെ -ലോക്‌ ഡൗണിനെത്തുടർന്ന് വർക്ക് അറ്റ് ഹോം സ്ഥിരമായതോടെ ബെംഗളൂരുവിലെ വാടക ഫ്ളാറ്റുകൾ ഒഴിയാനായി യാത്ര തിരിച്ചതായിരുന്നു ഐ.ടി. ജീവനക്കാരായ കോട്ടയം വാരിശേരി സ്വദേശി വിഷ്ണുവും പരിപ്പ് സ്വദേശി രാജീവും. സഹപ്രവർത്തകനായ കൊച്ചി തമ്മനം സ്വദേശി അവിനാശിന്റെ കാറിൽ ഒക്ടോബർ ഒന്നിന് മൂവരും ബെംഗളൂരുവിലെത്തി. പിറ്റേന്ന് കാറിനുള്ളിൽനിന്ന് ഒരു ‘മ്യാവൂ’ ശബ്ദം കേട്ടുനോക്കുമ്പോൾ എൻജിന് താഴെയായി ചുരുണ്ടുകൂടിയൊരു പൂച്ചക്കുട്ടി!അവിനാശിന്റെ വീട്ടുപരിസരത്ത് വളരുന്ന പൂച്ചയുടെ മൂന്നു കുട്ടികളിലൊന്നായിരുന്നു അത്. കാറുമായി നേരെ സർവീസ് സെന്ററിലേക്ക് വിട്ടു. ഏറെനേരത്തേ അധ്വാനത്തിനുശേഷം പൂച്ചക്കുട്ടിയെ പുറത്തെടുത്തു. പാലും ബിസ്കറ്റും കൊടുത്തെങ്കിലും പേടിച്ചുപോയ പൂച്ചക്കുട്ടി തിന്നില്ല. തുടർന്ന്, ബെംഗളൂരു പെറ്റ് ഹോസ്പിറ്റലിൽ കൊണ്ടുപോയി. മൂന്നാഴ്ച മാത്രം പ്രായമുള്ള പൂച്ചയാണെന്ന് അറിയിച്ച ഡോക്ടർ നരേന്ദ്ര, അതിന്റെ ജീവൻ രക്ഷപ്പെട്ടതിൽ അദ്‌ഭുതം പ്രകടിപ്പിച്ചു. വിറച്ചിരുന്ന പൂച്ചക്കുഞ്ഞ്, അയൺ കുത്തിവെച്ച് വിറ്റാമിൻ മരുന്ന് നൽകിയതോടെ ഉഷാറായി. തീറ്റ നൽകി പരിചരിച്ചതോടെ, പൂച്ചക്കുഞ്ഞ് ഇണങ്ങി.ഒക്ടോബർ ആറിന് തിരികെ നാട്ടിലേക്ക് മടങ്ങുമ്പോൾ കാറിന്റെ പിൻസീറ്റിൽ പുതിയ കൂട്ടുകാരിയും അവർക്കൊപ്പമുണ്ടായിരുന്നു. ഫ്രീസർ റൂമിൽ കുടുങ്ങിയ ഹെലൻ എന്ന പെൺകുട്ടിയുടെ സിനിമാക്കഥ മനസ്സിൽ വന്നപ്പോൾ അവർ അവൾക്ക് പേരിട്ടു -ഹെലൻ!കൊച്ചിയിലെ വീട്ടിലെത്തി ഹെലനെ ടെറസിൽ എത്തിച്ചപ്പോൾ ശബ്ദംകേട്ട് തള്ളപ്പൂച്ച ഓടിയെത്തി. ഒരാഴ്ചയായി കാണാതിരുന്നതിന്റെ സങ്കടം അമ്മയും കുഞ്ഞും കരഞ്ഞുതീർത്തു.


from mathrubhumi.latestnews.rssfeed https://ift.tt/36Uc8wA
via IFTTT