തിരുവനന്തപുരം: കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗത്തിന്റെ ഇടതുമുന്നണിപ്രവേശനത്തിന് ബാക്കിയുള്ളത് പരസ്യപ്രഖ്യാപനമെന്ന സാങ്കേതികത്വം മാത്രം. തീരുമാനം കേരളകോൺഗ്രസ് നേതൃയോഗം കൈക്കൊണ്ടിട്ടുണ്ട്. മുന്നണി അംഗത്വത്തിന്റെ 'ധാർമികത'യും ഇടതുമുന്നണിയിൽ വരാൻ വേണ്ട 'പവിത്രത'യും ഇനി സി.പി.ഐ.യും ഉന്നയിക്കില്ല. അണിയറയിൽ എല്ലാം പൂർത്തിയാക്കി ഒന്നിക്കലിന്റെ അരങ്ങൊരുക്കാൻ സി.പി.എം. ശ്രമിക്കുന്നുവെന്ന് ബോധ്യപ്പെട്ടതോടെയാണ് പാല മണ്ഡലം വിട്ടുകൊടുക്കാനാവില്ലെന്ന വെടി മാണി സി. കാപ്പൻ പൊട്ടിച്ചത്. ഇതോടെ ഒന്നുകിൽ പാലയെന്ന ജോസിന്റെ ആവശ്യമോ, അല്ലെങ്കിൽ മാണി സി. കാപ്പനെയോ എൽ.ഡി.എഫ്. തള്ളണം. പാലയ്ക്കുവേണ്ടി എൻ.സി.പി. പോലും ശഠിക്കാത്തതിനാൽ കാപ്പൻ പരിധിക്ക് പുറത്തായേക്കും. യു.ഡി.എഫ്. വാതിലടച്ചപ്പോൾമുതൽ ഇടതുകവാടം കടക്കാൻ ജോസ് ഒരുങ്ങിത്തുടങ്ങിയിരുന്നു. സി.പി.ഐ.യെ ഇരുട്ടത്ത് നിർത്തി ഒരു മുന്നണിപ്രവേശന ചർച്ച അണിയറയിൽ നടക്കുന്നുവെന്ന് തിരിച്ചറിഞ്ഞതോടെയാണ് 'വെന്റിലേറ്ററിലായ പാർട്ടിക്ക്' അഭയം നൽകേണ്ട ബാധ്യത എൽ.ഡി.എഫിനില്ലെന്ന് കാനം രാജേന്ദ്രൻ പരസ്യമായി പ്രതികരിച്ചത്. ഒടുവിൽ കാനത്തെ അനുനയിപ്പിച്ച് ജോസിന് അനുകൂലമായ രാഷ്ട്രീയനിലപാടിലേക്ക് സി.പി.ഐ.യെ എത്തിക്കാൻ സി.പി.എമ്മിന് കഴിഞ്ഞു. ജോസിന്റെ അണിയറനീക്കം അറിഞ്ഞ മാണി സി. കാപ്പനും 'പാല' ആശങ്ക മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. എൻ.സി.പി.ക്ക് രാജ്യസഭാസീറ്റ് നൽകി കാപ്പനെ അനുനയിപ്പിക്കാനാകുമെന്ന കണക്ക് കൂട്ടലിലായിരുന്നു സി.പി.എം. എ.കെ. ശശീന്ദ്രനും ടി.പി. പീതാംബരനും ഉൾപ്പടെയുള്ള നേതാക്കൾക്ക് ഇതിനോട് കടുത്ത എതിർപ്പൊന്നും ഉണ്ടായിരുന്നില്ല. എൽ.ഡി.എഫിനൊപ്പംനിന്ന് 12 സീറ്റെങ്കിലും നേടുക എന്നതാണ് ജോസ് കെ. മാണിയുടെ ലക്ഷ്യം. ആ സീറ്റുകളിൽ പാലയാണ് കേന്ദ്രബിന്ദു. പാല നഷ്ടമാക്കിയാൽ ആത്മാവ് നഷ്ടമായ കേരളകോൺഗ്രസാകുമതെന്ന് ജോസ് മാത്രമല്ല, അദ്ദേഹത്തിനൊപ്പമുള്ള നേതാക്കൾക്കും അറിയാം. ജോസിന് പാല നഷ്ടമായാൽ പരോക്ഷമായെങ്കിലും അതിന്റെ ഗുണം തങ്ങൾക്ക് ലഭിക്കുമെന്ന കണക്കുകൂട്ടൽ പി.ജെ. ജോസഫ് വിഭാഗത്തിനുമുണ്ട്. ഇക്കാര്യം സി.പി.എമ്മിനും അറിയാം. അതിനാൽ, പാലയടക്കം ആറുസീറ്റെങ്കിലും ജോസിന് നൽകാനാണ് സി.പി.എമ്മിന്റെയും ശ്രമം. ഈ ബോധ്യം മാണി സി. കാപ്പനുള്ളതുകൊണ്ടാണ് പാല കൈവിടില്ലെന്ന് പ്രഖ്യാപിച്ചത്. ആര്, എത്രത്തോളം തുണയ്ക്കുമെന്ന് ഉറപ്പില്ലാത്ത യുദ്ധത്തിലാണ് കാപ്പൻ. കാപ്പന്റെ ഒറ്റയാൾയുദ്ധത്തിൽ പ്രതീക്ഷ യു.ഡി.എഫിനുമുണ്ട്. Content Highlights:jose k mani ldf entry
from mathrubhumi.latestnews.rssfeed https://ift.tt/3lCylDq
via
IFTTT