Breaking

Saturday, August 1, 2020

‘അപകടസമയത്ത് ബാലഭാസ്‌കർ ഉറങ്ങുകയായിരുന്നു’ ; ഡോക്ടറുടെ വെളിപ്പെടുത്തൽ

തിരുവനന്തപുരം: വാഹനാപകടത്തിൽ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചപ്പോൾ വയലിനിസ്റ്റ് ബാലഭാസ്കറിന് ബോധമുണ്ടായിരുന്നതായി അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടർ. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ അന്നുണ്ടായിരുന്ന ഡോ. ഫൈസലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ''പരിക്കേറ്റ ബാലഭാസ്കറിനെയും ഭാര്യ ലക്ഷ്മിയെയും ഒരുമിച്ചാണ് ആശുപത്രിയിലെത്തിച്ചത്. കാറിൽ കിടന്നുറങ്ങുകയായിരുന്നെന്നും അപകടത്തിൽപ്പെട്ട് തെറിച്ചുവീണതായും അദ്ദേഹം ഡോക്ടറോടു പറഞ്ഞു. കൈകൾക്ക് മരവിപ്പ് ബാധിക്കുന്നുവെന്നുപറഞ്ഞ ബാലഭാസ്കർ, ഭാര്യ ലക്ഷ്മിയുടെ ആരോഗ്യസ്ഥിതി തിരക്കി. പത്തു മിനിറ്റിനുശേഷം ബന്ധുക്കളെത്തി ഇരുവരെയും സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി'' -ഇപ്പോൾ മണ്ണന്തലയിലെ സ്വകാര്യ ക്ലിനിക്കിൽ ജോലിചെയ്യുന്ന ഡോ. ഫൈസൽ ഇക്കാര്യം കൃത്യമായി ഓർത്തെടുക്കുന്നു. 2018 സെപ്റ്റംബർ 25-നു പുലർച്ചെ ദേശീയപാതയിൽ പള്ളിപ്പുറത്തുവെച്ചാണ് ബാലഭാസ്കർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. മകൾ തേജസ്വിനി ബാല അപകടസ്ഥലത്തും ബാലഭാസ്കർ ഒക്ടോബർ രണ്ടിന് ആശുപത്രിയിലും മരിച്ചു. ഏറെക്കാലത്തിനു ശേഷമാണെങ്കിലും ഡോക്ടറുടെ മൊഴി നിർണായകമാണ്. സംഭവം ഇപ്പോൾ സി.ബി.ഐ. അന്വേഷിക്കുകയാണ്. content highlights: balabhaskar was sleeping- relevation by doctor


from mathrubhumi.latestnews.rssfeed https://ift.tt/3jZNy1v
via IFTTT