മലപ്പുറം: കരുണയുടെ പ്രതിരൂപമായിരുന്നു പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ. പാണക്കാട്ടെ മുറ്റത്ത് സഹായംചോദിച്ചെത്തിയ ഒരാളെയും അദ്ദേഹം വെറുംകൈയോടെ മടക്കിയില്ല. ശനിയാഴ്ച ശിഹാബ് തങ്ങളുടെ 11-ാം ഓർമദിനമെത്തുന്നു. കരുണ നിറഞ്ഞ ആ മനസ്സിന് ഉചിതമായ സ്മാരകങ്ങൾ നാടുനീളെ ഒരുങ്ങിക്കഴിഞ്ഞു-ബൈത്തുറഹ്മയെന്ന കാരുണ്യഭവനങ്ങളായി. 'രാഷ്ട്രീയ-മത നേതാവിനപ്പുറം ഒരു നാടിന്റെ അമരക്കാരനായ പിതാവിനെ സ്മരിക്കാൻ ഏറ്റവും ഉചിതമായ സ്മാരകമാണ് ബൈത്തുറഹ്മ...' പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ മകൻ മുനവ്വറലി ശിഹാബ് തങ്ങൾ ബൈത്തുറഹ്മയെക്കുറിച്ച് പറയുന്നതിങ്ങനെ. ഒരു ജനനേതാവിന്റെ ഓർമയ്ക്കായി പതിനായിരത്തിലേറേ കുടുംബങ്ങൾക്ക് വീടുകൾ നൽകുന്ന പദ്ധതി രാജ്യത്തുതന്നെ ആദ്യമായിരിക്കും. 2011-ലാണ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രസിഡന്റും പി. അബ്ദുൽഹമീദ് എം.എൽ.എ. സെക്രട്ടറിയുമായിരുന്ന മുസ്ലിംലീഗ് മലപ്പുറം ജില്ലാകമ്മിറ്റി പദ്ധതി പ്രഖ്യാപിച്ചത്. ആദ്യഘട്ടത്തിൽ 151 വീടുകളുടെ തറക്കല്ലിടൽ റംസാൻ ആദ്യ വെള്ളിയാഴ്ച മലപ്പുറം ജില്ലയിലെ വിവിധയിടങ്ങളിൽ ഒരുമിച്ച് നടത്തി. ബൈത്തുറഹ്മയ്ക്ക് മാത്രമായൊരു ഫണ്ടില്ല. ഓരോ നാട്ടിലും പ്രാദേശികമായാണ് പണം കണ്ടെത്തുന്നത്. പ്രവാസികളും ജാതി മത രാഷ്ട്രീയ ഭേദമില്ലാതെ നാട്ടുകാരും സഹായിക്കുന്നതിനാലാണ് കാരുണ്യഭവനങ്ങൾ ഉയരുന്നത്. കെ.എം.സി.സിയാണ് ബൈത്തുറഹ്മയുടെ ചെലവുകളിൽ ഏറെയും വഹിക്കുന്നത്. വീട് കൈമാറുമ്പോൾ വീട്ടുപകരണങ്ങളും സമ്മാനങ്ങളുമായി നാടൊന്നാകെയെത്തുന്നതും ബൈത്തുറഹ്മയുടെ വ്യത്യസ്തമായ കാഴ്ചയാണ്. ശിഹാബ് തങ്ങളുടെ സ്മരണയ്ക്കായി തവനൂർ മണ്ഡലം മുസ്ലിംലീഗ് കമ്മിറ്റിയാണ് ആദ്യം മുന്നിട്ടിറങ്ങിയത്. എടപ്പാൾ ആശുപത്രിയിലെ ഡോക്ടർ ഗോപിനാഥാണ് ആദ്യവീടിന് പണം നൽകിയത്. ഖത്തറിൽ വ്യവസായിയായ തൃശ്ശൂർ സ്വദേശി സി.കെ. മേനോനും മലേഷ്യയിൽ വ്യവസായിയും ആൾ മലേഷ്യൻ മലയാളി അസോസിയേഷൻ (അമ്മ) പ്രസിഡന്റുമായ രാജൻ മേനോനും പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വീടുനിർമിച്ചുനൽകിയതും ശിഹാബ് തങ്ങളുടെ പേരിലാണ്. താനൂരിൽ മത്സ്യബന്ധനത്തിനിടെ മരിച്ച സലാമിനും ബൈത്തുറഹ്മ നിർമിക്കാനിരിക്കുകയാണ്. മുഹമ്മദലി ശിഹാബ് തങ്ങൾ ഉത്തർപ്രദേശിലെ കലാപബാധിത മേഖലയായ മുസാഫർനഗറിൽ 61-ഉം തമിഴ്നാട്ടിൽ 11-ഉം കാരുണ്യഭവനം ഒരുങ്ങിയിട്ടുണ്ട്.ശിഹാബ് തങ്ങളുടെ ഓർമകൾപോലും പതിനായിരത്തിലേറേ കുടുംബങ്ങൾക്ക് അങ്ങനെ തണലാവുകയാണ്. ശിഹാബ് തങ്ങളോടുള്ള സ്നേഹം ശിഹാബ് തങ്ങളോടുള്ള സ്നേഹവും ആദരവുമാണ് ബൈത്തുറഹ്മയുടെ വളർച്ചയ്ക് കാരണം. പദ്ധതി സമൂഹം ഏറ്റെടുക്കുകയായിരുന്നു. മറ്റു സംഘടനകൾക്ക് ഇത്തരം പദ്ധതി നടപ്പാക്കാനുള്ള പ്രചോദനമായത് ബൈത്തുറഹ്മയാണ്. - പി. അബ്ദുൽഹമീദ് എം.എൽ.എ. (ബൈത്തുറഹ്മ പദ്ധതിയുടെ ഉപജ്ഞാതാവ്) Content Highlights:Panakkad Syed Muhammedali Shihab Thangal memmoriyal day
from mathrubhumi.latestnews.rssfeed https://ift.tt/39KkUwB
via
IFTTT