കോഴിക്കോട്: ചെറുപ്രായത്തിൽത്തന്നെ കുട്ടികൾക്ക് കൂടുതൽ ഭാഷകൾ പഠിക്കാനുള്ള സംവിധാനമാണ് ദേശീയ വിദ്യാഭ്യാസ നയം (എൻ.ഇ.പി.) മുന്നോട്ടുവെക്കുന്നത്. ഇതിനെ അധ്യയനമാധ്യമമായി തെറ്റിദ്ധരിക്കേണ്ടതില്ലെന്ന് എൻ.ഇ.പി. രൂപവത്കരണസമിതി അധ്യക്ഷൻ ഡോ. കസ്തൂരിരംഗൻ അഭിപ്രായപ്പെട്ടു. ദേശീയ വിദ്യാഭ്യാസ നയം സംബന്ധിച്ച് മാതൃഭൂമിക്ക് അഭിമുഖം നൽകുകയായിരുന്നു അദ്ദേഹം. അധ്യയനമാധ്യമം മാറ്റണമെന്ന കാര്യത്തിൽ ഒരു നിർബന്ധവും ദേശീയ വിദ്യാഭ്യാസ നയ(എൻ.ഇ.പി.)ത്തിലില്ല. എന്നാൽ, പ്രാദേശിക ഭാഷയോ മാതൃഭാഷയോ അധ്യയനമാധ്യമമാക്കാനുള്ള ശക്തമായ നിർദേശം എൻ.ഇ.പി. മുന്നോട്ടുവെക്കുന്നുണ്ട്. രണ്ടിൽ കൂടുതൽ ഭാഷ പഠിക്കുന്നതിൽ കുട്ടികൾക്കുണ്ടാകുന്ന ഗുണം മാത്രമാണ് ലക്ഷ്യം. എട്ടാം ക്ളാസുവരെയുള്ള ഇംഗ്ളീഷ് മീഡിയം സ്കൂളുകളെ പുതിയ പാഠ്യപദ്ധതി ബാധിക്കുമെന്ന ആശങ്ക ഇല്ലാതാക്കുന്നതാണിത്. വിദ്യാലയങ്ങളിലെ കൊഴിഞ്ഞുപോക്കിനുള്ള കാരണങ്ങൾ പഠിച്ച് അവ പരിഹരിക്കാനുള്ള മാർഗങ്ങളും നയത്തിലുണ്ട്. മിടുക്കരായ അധ്യാപകരെ നിയമിക്കാനും കൂടുതൽ വിദ്യാർഥികളെ ചേർക്കാനും പഠനനിലവാരം മെച്ചപ്പെടുത്താനും കോളേജുകൾക്ക് പതിനഞ്ചു വർഷമാണ് എൻ.ഇ.പി. നൽകുന്നത്. ഇതിലവർ പരാജയപ്പെട്ടാൽ കോളേജുകളുടെ അംഗീകാരം റദ്ദാക്കും. പിന്നാക്ക വിഭാഗക്കാർ ആശ്രയിക്കുന്ന കോളേജുകൾക്ക് അതത് സർവകലാശാലകളുടെ കീഴിൽ പ്രവർത്തിക്കാനുള്ള സംവിധാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. (ദേശീയ വിദ്യാഭ്യാസനയത്തിന്റെ രൂപവത്കരണ സമിതി അധ്യക്ഷൻ ഡോ. കെ. കസ്തൂരിരംഗൻ മാതൃഭൂമി പ്രതിനിധി സൗമ്യ ഭൂഷണ് നൽകിയ അഭിമുഖത്തിന്റെ പൂർണ രൂപം ചുവടെ) 1986-ലെ വിദ്യാഭ്യാസനയത്തിൽനിന്ന് ദേശീയ വിദ്യാഭ്യാസനയം എങ്ങനെ വ്യത്യസ്തമാകുന്നു? ഓരോ നയവും അത് രൂപപ്പെടുത്തിയ കാലത്തിന്റെ ആവശ്യകതയ്ക്കും സ്വഭാവത്തിനുമനുസരിച്ച് സൃഷ്ടിക്കപ്പെട്ടതാണ്. സാമ്പത്തിക ഉദാരീകരണത്തിന്റെ 25 വർഷം നാം പിന്നിട്ടു. ഇന്നു നാം ജീവിക്കുന്ന ലോകം ജ്ഞാനസമ്പദ്വ്യവസ്ഥ (നോളജ് ഇക്കണോമി)യെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. വികസനം, അസമത്വം, കാലാവസ്ഥാ വ്യതിയാനം തുടങ്ങി വെല്ലുവിളികളും നാം കൂട്ടായി നേരിട്ടു. ഇത് സുസ്ഥിരവികസന പദ്ധതിക(എസ്.ഡി.ജി.)ളോടുള്ള നമ്മുടെ പ്രതിബദ്ധതയാണ്. കാര്യങ്ങൾ ചെയ്തുനോക്കി പഠിച്ചും വിമർശനാത്മക ചിന്ത വികസിപ്പിച്ചും പ്രശ്നപരിഹാര നൈപുണി നേടിയും വിദ്യാർഥികൾ ചുറ്റിലുമുള്ള ലോകത്തെപ്പറ്റി പഠിക്കണമെന്നാണ് ദേശീയ വിദ്യാഭ്യാസനയം ലക്ഷ്യമാക്കുന്നത്. കുട്ടികളിലെ ധാരണപ്രക്രിയ, കുട്ടികൾ എങ്ങനെ പഠിക്കുന്നു എന്നിവ സംബന്ധിച്ച് ഒട്ടേറെ ഗവേഷണങ്ങൾ നടന്നുവരുന്നുണ്ട്. ഇവ പരമാവധി ഉപയോഗപ്പെടുത്തിയാണ് നയം രൂപവത്കരിച്ചത്. കുട്ടികളിലെ ബുദ്ധിവികാസത്തിന്റെ 85 ശതമാനവും നടക്കുന്നത് ആറുവയസ്സിലോ അതിനു മുമ്പോ ആണ്. മറ്റൊന്ന് എട്ടു വയസ്സുവരെയുള്ള പ്രായത്തിൽ അനായാസമായി ഭാഷകൾ പഠിക്കാൻ കുട്ടികൾക്കാവുമെന്നതാണ്. അതുകൊണ്ടുതന്നെ ഏറ്റവും ചെറുപ്രായത്തിലുള്ള കുട്ടികളിലായിരുന്നു ഊന്നൽ, അവർക്ക് സാക്ഷരതയും ഗണിതസാക്ഷരതയും ഉറപ്പുവരുത്തുക. മിഡിൽ സ്കൂൾ (6-8 ക്ളാസ്) മുതൽ വൊക്കേഷണൽ വിദ്യാഭ്യാസത്തിലൂടെ കാര്യങ്ങൾ ചെയ്ത് പഠിക്കുന്നതിലേക്ക് അവരെ നയിക്കുക, ഒമ്പതാംക്ലാസും അതുകഴിഞ്ഞുമുള്ള വിദ്യാർഥികളെ സ്വതന്ത്രമായ വിദ്യാഭ്യാസത്തിലേക്ക് നയിക്കുക തുടങ്ങിയ കാര്യങ്ങളാണ് എൻ.ഇ.പി. മുന്നോട്ടുവെക്കുന്നത്. 2030 ആകുമ്പോഴേക്കും പൂർണ സാക്ഷരത എന്നതാണല്ലോ എൻ.ഇ.പി. ലക്ഷ്യം. ഇതിലേക്കെത്തുന്നതെങ്ങനെ? മൂന്നു തരത്തിലാണ് ഇതിനെ സമീപിക്കേണ്ടത് നിലവിൽ വിദ്യാലയങ്ങളിൽ ലോവർ ക്ലാസുകളിലെ നൂറു ശതമാനം സീറ്റുകളും നിറയുന്നുണ്ട്. എന്നാൽ, സെക്കൻഡറി ക്ലാസുകളിലെത്തുമ്പോഴേക്കും കുട്ടികളുടെ എണ്ണം 50 ശതമാനമായി കുറയുന്നു. കുട്ടികളുടെ ഇത്രയും ഗുരുതരമായ കൊഴിഞ്ഞുപോക്കിന്റെ കാരണം കണ്ടെത്തി അത് തടയേണ്ടതുണ്ട്. ഇതിന് പാഠ്യപദ്ധതി നവീകരിക്കേണ്ടതുണ്ട്. കുട്ടികൾ ഏറ്റവും കൂടുതൽ കൊഴിഞ്ഞുപോകുന്നത് മിഡിൽ സ്കൂളിൽനിന്നാണ്. ഈ പ്രായക്കാരുടെ പാഠ്യപദ്ധതി രസകരമാക്കി മാറ്റുന്നതിലൂടെ ഇത് പരിഹരിക്കാനാകണം. മറ്റൊന്ന് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കു പ്രത്യേകം ശൗചാലയം ഉറപ്പുവരുത്തുകയാണ്. അതുപോലെ പ്രധാനമാണ് പഠനം നിർത്തിയവരെ തിരിച്ചുകൊണ്ടുവരുകയെന്നത്. സാമ്പത്തികമായ വെല്ലുവിളികൾ നേരിടുന്നവരാകും ഇവരിൽ ഏറെപ്പേരുമെന്നതിനാൽ ആ വിഷയവും ഗൗരവത്തോടെ എടുക്കേണ്ടതുണ്ട്. രാജ്യത്ത് മുതിർന്നവരിൽ 28 കോടി നിരക്ഷരരുണ്ട്. രാജ്യത്തെ സ്കൂൾ ശൃംഖലകളിലെ കംപ്യൂട്ടർ ലാബുകളും ലൈബ്രറി സൗകര്യങ്ങളും ഉപയോഗിച്ചുകൊണ്ടും ഈ വിഭാഗക്കാർക്ക് സാക്ഷരത കൈവരിക്കാനുള്ള വിവിധ പദ്ധതികൾ എൻ.ഇ.പി. മുന്നോട്ടുവെക്കുന്നുണ്ട്. അഞ്ചാം ക്ലാസുവരെ നിർബന്ധമായും എട്ടാം ക്ലാസുവരെ ഐച്ഛികമായും അധ്യയനമാധ്യമം പ്രാദേശിക ഭാഷയിലാകണം എന്ന നിബന്ധന ഇംഗ്ലീഷ് അധ്യയനമാധ്യമമായുള്ള സ്കൂളുകളെ ബാധിക്കില്ലേ? അധ്യയനമാധ്യമം മാറ്റണമെന്ന കാര്യത്തിൽ ഒരു നിർബന്ധവും എൻ.ഇ.പി. മുന്നോട്ടുവെക്കുന്നില്ല. എന്നാൽ, മാതൃഭാഷ/നാട്ടുഭാഷ/പ്രാദേശിക ഭാഷ ഇവയിലൊന്ന് അധ്യയനമാധ്യമമായി ഉപയോഗിക്കാനുള്ള ശക്തമായ നിർദേശം എൻ.ഇ.പി. മുന്നോട്ടുവെക്കുന്നുണ്ട്. കുട്ടികൾ ഏറ്റവും മനോഹരമായി ചിന്തിക്കുന്നത് അവരുടെ മാതൃഭാഷയിലാണ് എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു നയം രൂപവത്കരിക്കുന്നത്. യൂറോപ്പിലെയും മറ്റ് രാജ്യങ്ങളിലെയും പഠനങ്ങൾ രണ്ടു ഭാഷയും മൂന്നുഭാഷയും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി വിജയം വരിച്ചതിന്റെ ഉദാഹരണങ്ങളും ഇതിന് പ്രേരണയായിട്ടുണ്ട്. എന്നാൽ, ഇംഗ്ലീഷ് ഭാഷ അറിയുന്നതുകൊണ്ടുള്ള നേട്ടങ്ങൾ നമ്മുടെ കുട്ടികൾക്ക് നിഷേധിക്കരുത് എന്ന കാര്യത്തിൽ എൻ.ഇ.പി.ക്ക് വ്യക്തമായ കാഴ്ചപ്പാടാണുള്ളത്. അതുകൊണ്ടുതന്നെ എല്ലാ സ്കൂളുകളിലും എല്ലാ കുട്ടികൾക്കും ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കണം, പ്രത്യേകിച്ച് പ്രാദേശിക ഭാഷയോ മാതൃഭാഷയോ അധ്യയനമാധ്യമമായുള്ള സ്കൂളുകളിൽ. ഭാഷകൾ പഠിക്കുന്നതിനെ അധ്യയന മാധ്യമവുമായി തെറ്റിദ്ധരിക്കേണ്ടതില്ല. 3-5, 5-8 പ്രായക്കാരെ വിദ്യാഭ്യാസ സംവിധാത്തിലേക്ക് കൊണ്ടുവരുന്നതിലൂടെ ലക്ഷ്യം വെക്കുന്നത്? നേരത്തേ സൂചിപ്പിച്ചതുപോലെ ഭാഷകൾ പഠിക്കാൻ ഏറ്റവും അനുയോജ്യമായ പ്രായം ഇതാണ്. കുട്ടികളെ ഔദ്യോഗിക പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താവുന്ന ഏറ്റവും ചെറിയ പ്രായമാണ് മൂന്നു വയസ്സ്. എൻ.സി.ഇ.ആർ.ടി. വികസിപ്പിച്ച പാഠ്യപദ്ധതിയിൽ മൂന്നുവയസ്സിനു താഴെയുള്ള കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള കൃത്യമായ മാർഗനിർദേശങ്ങൾ നൽകുന്നുണ്ട്. ഏറ്റവും കുഞ്ഞുപ്രായത്തിലുള്ള കുട്ടികളെ പരിചരിക്കുന്നതിലൂടെ അങ്കണവാടികൾ സ്തുത്യർഹമായ സേവനമാണ് കാഴ്ചവെക്കുന്നത്. എൻ.സി.ഇ.ആർ.ടി. രൂപപ്പെടുത്തുന്ന പുതിയ പാഠ്യപദ്ധതി കൈകാര്യംചെയ്യാൻ അങ്കണവാടി പ്രവർത്തകർക്കും പരിശീലനം നൽകും. നിലവിൽ ആറു വയസ്സിലാണ് കുട്ടികളെ സ്കൂളിൽ ചേർക്കുന്നത്. രാജ്യത്തെ ഭൂരിഭാഗം കുട്ടികളും അതിനു മുമ്പേ അങ്കണവാടികളിൽ പോകുന്നവരാണ്. അതുകൊണ്ടുതന്നെ അഞ്ചുവയസ്സുകാരെ ഔദ്യോഗിക വിദ്യാഭ്യാസത്തിലേക്ക് കൊണ്ടുവരുന്നതിലൂടെ അവർക്ക് ഉചിതമായ വിദ്യാഭ്യാസം ഉറപ്പാക്കാം. 15 വർഷം കൊണ്ട് കോളേജുകളുടെ അഫിലിയേഷൻ ഇല്ലാതാവുമെന്ന് എൻ.ഇ.പി. പറയുന്നുണ്ട്. ഉൾനാടുകളിലെ കോളേജുകളെ ഇതെങ്ങനെ ബാധിക്കും? അധ്യാപകരിൽനിന്ന് പഠിക്കുന്നതിനുപുറമേ വിദ്യാർഥികൾ സമപ്രായക്കാരിൽനിന്നും കാര്യങ്ങൾ പഠിക്കുന്നു. ഇന്ത്യയിലെ മിക്ക കോളേജുകളിലും ഇത്തരമൊരു പഠനാന്തരീക്ഷമില്ല, താമസിച്ച് പഠിക്കാനുള്ള സംവിധാനങ്ങളുമില്ല. 60 ശതമാനം കോളേജുകളിലും 500-ൽ താഴെയാണ് വിദ്യാർഥികൾ. നൂറിൽത്താഴെ വിദ്യാർഥികളുള്ള കോളേജുകൾ 16 ശതമാനമാണ്. 35 ശതമാനം കോളേജുകളും ഒരു ബി.എഡ്. കോഴ്സ് അല്ലെങ്കിൽ ഒരു ബിരുദകോഴ്സ് മാത്രം നടത്തുന്നവയാണ്. നാല് ശതമാനം കോളേജുകൾ മാത്രമാണ് മൂവായിരത്തിൽ അധികം വിദ്യാർഥികളെ ചേർക്കുന്നത്. മിടുക്കരായ അധ്യാപകരെ നിയമിക്കാനും കൂടുതൽ വിദ്യാർഥികളെ ചേർക്കാനും ഗുണനിലവാരം മെച്ചപ്പെടുത്താനുമായി കോളേജുകൾക്ക് എൻ.ഇ.പി.യിലൂടെ 15 വർഷത്തെ സമയമാണ് നൽകുന്നത്. ഇക്കാലയളവിൽ അവർക്ക് അതിന് സാധിക്കുന്നില്ലായെങ്കിൽ അവർ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിൽ പരാജയപ്പെട്ടു എന്നാണ് അർഥം. ഇത്തരം കോളേജുകൾ നിലനിൽക്കേണ്ടതില്ല എന്നുതന്നെയാണ് നയം. എന്നാൽ, പിന്നാക്ക വിഭാഗക്കാർക്ക് അവസരം നൽകുന്ന കോളേജുകൾക്ക് പ്രവർത്തനം തുടരുക അത്യാവശ്യമാണ്. ഇവയെ അതത് സർവകലാശാലയ്ക്കു കീഴിൽ തുടരാൻ അനുവദിക്കും. അതിന് എൻ.ഇ.പി.യിൽ വ്യവസ്ഥയുണ്ട്. content highlights:dr k kasturi rangan on new education policy
from mathrubhumi.latestnews.rssfeed https://ift.tt/316s1LV
via
IFTTT