കാൻബെറ: ഇന്റർനെറ്റ് സേവനദാതാവായ ഗൂഗിളും സാമൂഹികമാധ്യമമായ ഫെയ്സ്ബുക്കും വാർത്താ ഉള്ളടക്കങ്ങൾക്ക് മാധ്യമസ്ഥാപനങ്ങൾക്കു പണം നൽകണമെന്ന ചട്ടംകൊണ്ടുവരാൻ ഓസ്ട്രേലിയ തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി മാധ്യമസ്ഥാപനങ്ങളുമായി ചർച്ച നടത്താൻ ഇരുസ്ഥാപനങ്ങൾക്കും ഓസ്ട്രേലിയൻ സർക്കാർ മൂന്നുമാസം സമയം നൽകി. ഇതുസംബന്ധിച്ച കരടു പെരുമാറ്റച്ചട്ടവും ഓസ്ട്രേലിയ പുറത്തിറക്കി. കരടു പെരുമാറ്റച്ചട്ടം കടുത്ത നടപടിയാണെന്നും ഡിജിറ്റൽ സമ്പദ്വ്യവസ്ഥയെ തകരാറിലാക്കുമെന്നും ഗൂഗിൾ പ്രതികരിച്ചു. വിഷയത്തിൽ ഫെയ്സ്ബുക്ക് പ്രതികരിച്ചിട്ടില്ല. ഉള്ളടക്കങ്ങൾ പുനരുപയോഗിക്കുന്നതിന് ഗൂഗിൾ മാധ്യമസ്ഥാപനങ്ങൾക്കും പ്രസാധകകമ്പനികൾക്കും പണം നൽകണമെന്ന് ഫ്രാൻസിലെ കോംപറ്റീഷൻ കമ്മിഷൻ ഏപ്രിലിൽ വിധിച്ചിരുന്നു. നിർദിഷ്ട ചട്ടത്തിന്റെ പരിധിയിൽ ആദ്യം ഗൂഗിളിനെയും ഫെയ്സ്ബുക്കിനെയും ലക്ഷ്യംവെച്ചെന്നേയുള്ളെന്നും മറ്റുള്ളവയെ പിന്നാലെ ഉൾപ്പെടുത്തുമെന്നും ഓസ്ട്രേലിയൻ ധനവിനിയോഗ മന്ത്രി ജോഷ് ഫ്രൈഡൻബെർ പറഞ്ഞു. ഓസ്ട്രേലിയൻ വാർത്താമാധ്യമ വ്യാപാരത്തെ സഹായിക്കുക, ഉപഭോക്തൃതാത്പര്യം സംരക്ഷിക്കുക, സുസ്ഥിര മാധ്യമ പരിസ്ഥിതിയൊരുക്കുക എന്നീ ലക്ഷ്യങ്ങളാണ് ഇതിനുപിന്നിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കൻ കന്പനികളാണ് ഗൂഗിളും ഫെയ്സ്ബുക്കും. മൂന്നുമാസത്തിനുശേഷം ഈ കമ്പനികളും മാധ്യമസ്ഥാപനങ്ങളും തമ്മിൽ പണംനൽകൽ സംബന്ധിച്ച് ധാരണയായില്ലെങ്കിൽ തീരുമാനമുണ്ടാക്കാനായി മധ്യസ്ഥരെ നിയമിക്കുമെന്ന് കരടുചട്ടത്തിൽ പറയുന്നു. കരട് ഈ മാസം 28 വരെ ചർച്ചയ്ക്കുവെക്കും. അതിനുശേഷം പാർലമെന്റിൽ അവതരിപ്പിക്കും. മാധ്യമങ്ങളുടെ ഉള്ളടക്കത്തിന് മുൻഗണനക്രമം നിശ്ചയിക്കുന്നതിനും അവതരിപ്പിക്കുന്നതിനും ഉപയോഗിക്കുന്ന അൽഗരിതത്തിന്റെ സുതാര്യത ഉൾപ്പെടെയുള്ള കാര്യങ്ങളും ചട്ടത്തിന്റെ പരിധിയിൽ വരുന്നുണ്ട്. ചട്ടം ലംഘിച്ചാൽ വാർഷികവിറ്റുവരവിന്റെ 10 ശതമാനമോ ഒരുകോടി ഓസ്ട്രേലിയൻ ഡോളറോ (53.8 കോടി രൂപ) നഷ്ടപരിഹാരം നൽകണം. ഓസ്ട്രേലിയൻ വ്യവസായ സ്ഥാപനങ്ങളെ മത്സരത്തിൽനിന്നോ പ്രശ്നങ്ങളിൽനിന്നോ സംരക്ഷിക്കുകയെന്നതല്ല, യഥാർഥ ഉള്ളടക്കത്തിന് മാന്യമായ പണം ഉറപ്പുവരുത്തുകയാണ് ചട്ടത്തിന്റെ ലക്ഷ്യമെന്ന് ഫ്രൈഡൻബെർഗ് പറഞ്ഞു. കോവിഡ് ഒട്ടേറെ മാധ്യമ കന്പനികളുടെ പരസ്യവരുമാനത്തെ ബാധിച്ചതിനാൽ വിവിധ മാറ്റങ്ങളുമായി മുന്നോട്ടുപോവുകയാണ് ഓസ്ട്രേലിയൻ സർക്കാർ. Content Highlights:Google Facebook Australia
from mathrubhumi.latestnews.rssfeed https://ift.tt/2Pd6Ylj
via
IFTTT