തിരുവനന്തപുരം: മദ്യാസക്തിയുണ്ടെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നവർക്ക് എക്സൈസ് അനുമതിപ്രകാരം മദ്യം വീട്ടിലെത്തിച്ച് നൽകും. ബിവറേജസ് കോർപ്പറേഷനാണ് വിതരണച്ചുമതല. 23 വെയർഹൗസുകളിൽനിന്നാകും മദ്യവിതരണം. വിലകുറഞ്ഞ ഇന്ത്യൻ നിർമിത വിദേശമദ്യമാകും നൽകുക. 100 രൂപ സർവീസ് ചാർജ് നൽകണം.ഒരു പാസിന് ആഴ്ചയിൽ മൂന്നുലിറ്റർ മദ്യമാണ് ലഭിക്കുക. വെയർഹൗസിൽ സ്റ്റോക്കുള്ള വിലകുറഞ്ഞ റം, ബ്രാൻഡി എന്നിവ മാത്രമാകും വിതരണം ചെയ്യുക. എക്സൈസ് പാസിന് അപേക്ഷിക്കുമ്പോൾ മൊബൈൽ നമ്പരും നൽകണം. മദ്യം കൊണ്ടുവരുന്ന സമയം, വില എന്നിവയെല്ലാം മൊബൈലിൽ അറിയാം. അംഗീകൃത സർക്കാർ ഡോക്ടറുടെ ശുപാർശ മാത്രമേ പരിഗണിക്കുകയുള്ളൂ. മദ്യാസക്തിയുണ്ടെന്ന് ഡോക്ടർ രേഖപ്പെടുത്തണം. സീലും ഒപ്പുമെല്ലാം ഉണ്ടെന്നും വ്യാജനല്ലെന്നും ഉറപ്പുവരുത്തിയശേഷം എക്സൈസ് ഓഫീസിൽനിന്ന് പാസ് നൽകും. ഈ വിവരം ഓൺലൈനിൽ ബിവറേജസ് കോർപ്പറേഷനും കൈമാറും. മദ്യം വാങ്ങുന്ന വ്യക്തിയുടെ തിരിച്ചറിയിൽ കാർഡുകളും എക്സൈസ് ഓഫീസിൽ ഹാജരാക്കണം. ഒരു വ്യക്തി ഒന്നിലധികം പാസുകൾ നേടുന്നത് തടയും. പ്രത്യേകം തയ്യാറാക്കിയ ഡെലിവറി വാനുകളിലാകും ബിവറേജസ് കോർപ്പറേഷനിൽ മദ്യം വിതരണം ചെയ്യുക. പാസുകളുടെ എണ്ണം അനുസരിച്ച് കൂടുതൽ വാഹനങ്ങൾ വാടകയ്ക്കെടുക്കാൻ വെയർഹൗസ് മാനേജർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. വെയർഹൗസ് ജീവനക്കാരെയോ, വേണമെങ്കിൽ ഔട്ട്‌ലെറ്റ് ജീവനക്കാരെയോ വിതരണച്ചുമതല ഏൽപ്പിക്കും. വിതരണവാഹനത്തിന് വേണമെങ്കിൽ പോലീസ്, എക്സൈസ് ഉദ്യോഗസ്ഥരുടെ അകമ്പടി നൽകും. വാഹനത്തിന് പോലീസിന്റെ പ്രത്യേകപാസും വാങ്ങും. മദ്യം എത്തിക്കുന്ന സമയത്ത് പാസ് ഉടമ വില നൽകി മദ്യം വാങ്ങണം.
from mathrubhumi.latestnews.rssfeed https://ift.tt/2JsEKQD
via
IFTTT