Breaking

Wednesday, April 1, 2020

കൊറോണക്കാലം കഴിയട്ടെ, കൺമണിയെത്തേടി മാതാപിതാക്കളെത്തും

അപരിചിതരായ രണ്ടുപേരുടെ സ്വപ്നത്തെ ഉദരത്തിൽ പേറിയുള്ള ‘അമ്മ’യുടെ കാത്തിരിപ്പ് തീർന്നു. പക്ഷേ, പത്തുവർഷത്തെ പ്രാർഥനയ്ക്കും ചികിത്സയ്ക്കുമൊടുവിൽ ഭൂമിയിൽ പിറന്നുവീണ കൺമണി മറ്റൊരു കാത്തിരിപ്പിലാണ്. തന്നെ സ്വന്തമാക്കാൻ മാതാപിതാക്കൾ കടൽ കടന്നുവരുന്നത് എന്നായിരിക്കും? അറിയില്ല. കൺമണി കാത്തിരിപ്പ് തുടരുകയാണ്; ആശുപത്രിയിൽ, ഡോക്ടർമാർക്കും നഴ്‌സുമാർക്കൊപ്പം. പത്തുവർഷത്തിലേറെ നീണ്ട ചികിത്സയ്ക്കും കാത്തിരിപ്പിനുമൊടുവിലാണ് പത്തനംതിട്ട സ്വദേശികളായ അമേരിക്കൻ ദന്പതിമാർക്ക് ഒരു കുഞ്ഞു പിറക്കുന്നത്. സ്വന്തം നിലയ്ക്ക് ഗർഭധാരണം സാധിക്കാതെ വന്നപ്പോൾ വാടക ഗർഭപാത്രത്തിലൂടെയാണ് ഇവർ തങ്ങളുടെ സ്വപ്നം സാക്ഷാത്കരിച്ചെടുത്തത്. ഗർഭപാത്രം നൽകാൻ സ്വയം സന്നദ്ധയായി വന്നത് ഒരു മലയാളി സ്ത്രീ. എറണാകുളം ചേരാനല്ലൂരുള്ള സൈമർ ആശുപത്രിയിൽ ഡോ. പരശുറാമിന്റെ നേതൃത്വത്തിലായിരുന്നു ചികിത്സ. ആറുമാസം മുമ്പാണ് ചികിത്സ കഴിഞ്ഞ് ദമ്പതിമാർ അമേരിക്കയിലേക്ക് തിരിച്ചുപോയത്. മാർച്ചിൽ പ്രസവത്തോടടുത്ത് നാട്ടിലേക്ക് തിരിക്കാനിരിക്കേ കോവിഡ് വില്ലനായെത്തി. ലോക്‌ഡൗൺ പ്രഖ്യാപിച്ചതോടെ നിശ്ചയിച്ച യാത്ര തടസ്സപ്പെട്ടു. ദമ്പതിമാരുടെ അസാന്നിധ്യത്തിൽ കഴിഞ്ഞ 19-ന് സിസേറിയനിലൂടെ പെൺകുഞ്ഞ് പിറന്നു. അമേരിക്കയിലുള്ള അച്ഛനമ്മമാർക്ക് വീഡിയോ കോൺഫറൻസിലൂടെയും വാട്സാപ്പിലൂടെയും ദിവസവും കുഞ്ഞിനെ കാണാൻ ആശുപത്രി അധികൃതർ സൗകര്യമൊരുക്കുന്നുണ്ട്. അടുത്തദിവസം നിയമപരമായ രേഖകൾ സഹിതം കുഞ്ഞിനെ ദമ്പതിമാരുടെ ബന്ധുക്കൾക്കു കൈമാറാനിരിക്കുകയാണ് ആശുപത്രി അധികൃതർ. കുഞ്ഞിനെ ഗർഭപാത്രത്തിൽ സ്വീകരിച്ച് വളർത്തിയ ‘അമ്മ’ കഴിഞ്ഞദിവസം ആശുപത്രി വിട്ടു.


from mathrubhumi.latestnews.rssfeed https://ift.tt/2UUtBNV
via IFTTT