Breaking

Wednesday, April 1, 2020

വെൽഫെയർ പാർട്ടി ആലപ്പുഴ ജില്ലാ പ്രസിഡന്റ് ഹരിപ്പാട്ട് അറസ്റ്റിൽ

ആലപ്പുഴ: ചങ്ങനാശ്ശേരി പായിപ്പാട് മാതൃകയിൽ ഹരിപ്പാട്ട് അതിഥി തൊഴിലാളികളെ സംഘടിപ്പിച്ച് തെരുവിലിറക്കാൻ ശ്രമിച്ചതിന് വെൽഫെയർ പാർട്ടി ആലപ്പുഴ ജില്ലാ പ്രസിഡൻറ്് അറസ്റ്റിൽ. ചിങ്ങോലി എൻ.ടി.പി.സി. ജങ്ഷൻ ദാറുൽനൂറാ വീട്ടിൽ നാസറുദ്ദീൻ (57) ആണ് അറസ്റ്റിലായത്. തൊഴിലാളികളെ തെരുവിലിറക്കാനുള്ള ശ്രമം, കർഫ്യൂ ലംഘിക്കൽ എന്നിവയും പകർച്ചവ്യാധി നിയന്ത്രണവുമായി ബന്ധപ്പെട്ട പുതിയ നിയമത്തിലെ വകുപ്പുകളും ചേർത്താണ് കേസെടുത്തിരിക്കുന്നത്.ഹരിപ്പാട്ടും സമീപപ്രദേശങ്ങളിലുമുള്ള അതിഥി തൊഴിലാളികളുടെ ക്യാമ്പുകളിലെത്തി ഭക്ഷണത്തിന്റെയും താമസത്തിന്റെയും വിവരങ്ങൾ ചോദിച്ചറിയുകയും വിവിധ ആവശ്യങ്ങളുന്നയിച്ച് പ്രക്ഷോഭത്തിനിറങ്ങാൻ ഇയാൾ ആവശ്യപ്പെട്ടതായും പോലീസ് പറഞ്ഞു. ഇതുസംബന്ധിച്ച് ഇതര സംസ്ഥാന തൊഴിലാളികൾ മൊഴി നൽകിയിട്ടുണ്ട്. പ്രതിയുടെ മൊബൈൽ ഫോൺ പോലീസ് പിടിച്ചെടുത്തു. ഇയാൾ വിളിച്ച തൊഴിലാളികളുടെ ഫോൺ വിളി രേഖകൾ ശേഖരിച്ച് അന്വേഷണം നടത്തുമെന്ന്‌ പോലീസ് പറഞ്ഞു.ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് നാസറുദ്ദീന്റെ ഇടപെടലുകളെപ്പറ്റി ഹരിപ്പാട് സി.ഐ. ആർ.ഫയസിന്റെ നേതൃത്വത്തിൽ പോലീസ് സംഘം അന്വേഷണം തുടങ്ങിയത്. പ്രതി നേരിട്ടുകണ്ട തൊഴിലാളികളുമായി പോലീസ് സംസാരിച്ചു. മോശം ഭക്ഷണവും താമസസ്ഥലത്തെ അസൗകര്യങ്ങളെക്കുറിച്ചുമാണ് ഇയാൾ പ്രധാനമായും ചോദിച്ചറിഞ്ഞത്. പായിപ്പാട് സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പോലീസ് സംഘം ഹരിപ്പാട്ടെയും സമീപപ്രദേശങ്ങളിലെയും അതിഥി തൊഴിലാളികളുടെ ക്യാമ്പുകളിൽ ഇടയ്ക്കിടെ എത്തുന്നുണ്ടായിരുന്നു. ഇവരിൽ ചിലരുമായി ഉദ്യോഗസ്ഥർ നല്ല ബന്ധമുണ്ടാക്കി. ഇതാണ് അന്വേഷണം വേഗത്തിലാക്കിയത്.ഹരിപ്പാട് പോലീസ് സ്‌റ്റേഷൻ പരിധിയിൽ അറുന്നൂറോളം അതിഥി തൊഴിലാളികളുണ്ട്. ഇതിന് പുറമെ തൃക്കുന്നപ്പുഴ, കാർത്തികപ്പള്ളി, മുതുകുളം, വീയപുരം, മാന്നാർ മേഖലകളിലായി ആയിരക്കണക്കിന് പേരും താമസിക്കുന്നു. ഈ സാഹചര്യത്തിൽ ഇവരെ സംഘടിപ്പിക്കാനുള്ള ശ്രമം ഗൗരവത്തോടെയാണ് കാണുന്നതെന്ന് പോലീസ് പറഞ്ഞു.ജില്ലാ പോലീസ് മേധാവിയുടെ സ്ക്വാഡിലെ എസ്.ഐ. ലെയ്ഷാദ് മുഹമ്മദ്, ഹരിപ്പാട് എസ്.ഐ. ഹുസൈൻ, എ.എസ്.ഐ. അൻവർ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2wUkCUN
via IFTTT