Breaking

Wednesday, April 1, 2020

അച്ഛനെ ആശുപത്രിയിലാക്കണം; തൃശ്ശൂരില്‍നിന്ന് ചവറയിലേക്ക് അഞ്ച് കാറുകളിലായി കാര്‍ത്തികയുടെ യാത്ര

ഹരിപ്പാട്: അച്ഛനെ ആശുപത്രിയിലെത്തിക്കണം. നടന്നായാലും വീട്ടിലെത്തിയേ തീരൂ. സഹായത്തിനായി പലരെയും വിളിച്ചു. ഒടുവിൽ കൊല്ലത്തെ യൂത്ത് കോൺഗ്രസ് നേതാവ് അരുൺരാജ് സഹായിച്ചു. അങ്ങനെ തൃശ്ശൂരിൽനിന്ന് കൊല്ലം ചവറയിലെ വീട്ടിലേക്കുള്ള അഞ്ചര മണിക്കൂർനീണ്ട യാത്രയിൽ മാറിക്കയറിയത് അഞ്ച് കാറുകൾ. ഖദറിട്ട ചെറുപ്പക്കാർ, ഒരിക്കൽപ്പോലും കണ്ടിട്ടില്ലാത്തവർ, അവരാണ് സഹോദരിയെപ്പോലെ സംരക്ഷിച്ച് വീട്ടിലെത്തിച്ചത്- ലോക്ക് ഡൗൺ കാലത്തെ അസാധാരണമായ യാത്രയെപ്പറ്റി ജേർണലിസം വിദ്യാർഥിനി ചവറ നല്ലേത്ത് മുക്ക് ബിന്ദുഭവനം കാർത്തികാ പ്രകാശ് അദ്ഭുതത്തോടെയാണ് പറഞ്ഞത്. അലക്കിത്തേച്ച ഖദറിനോട് എന്നും ഒരു അകൽച്ചയായിരുന്നെന്നും എന്നാൽ, ഇന്ന് അവരോട് ബഹുമാനമാണെന്നും ഈ യാത്രയെപ്പറ്റി കാർത്തിക ഫെയ്സ് ബുക്കിൽ കുറിച്ചു. എന്നും ഇടതുപക്ഷത്തോട് ചേർന്നുനിന്നിട്ടുള്ള കാർത്തികയുടെ തുറന്നുപറച്ചിൽ സൈബർ ലോകത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. തൃശ്ശൂർ ചേതന കോളേജ് ഓഫ് മീഡിയ ആൻഡ് പെർഫോമിങ് ആർട്ടിലെ ബി.എ. ജേർണലിസം ഒന്നാംവർഷ വിദ്യാർഥിനിയാണ് കാർത്തിക. ലോക്ക് ഡൗണിന് പിന്നാലെ ഹോസ്റ്റലിൽനിന്ന് കൂട്ടുകാരിയുടെ വീട്ടിലേക്ക് താമസം മാറ്റി. വിമുക്തഭടനായ അച്ഛൻ ജയപ്രകാശ് കരൾരോഗത്തിന് ചികിത്സയിലാണ്. കഴിഞ്ഞദിവസം സ്ഥിതി വഷളായി. അടിയന്തരമായി തിരുവനന്തപുരത്തെ ആശുപത്രിയിലെത്തിക്കണം. അമ്മ ബിന്ദു അച്ഛനുമായി പോകാൻ ഒരുങ്ങി. പക്ഷേ, വീട്ടിൽ കാർത്തികയുടെ ഇളയ സഹോദരി ഒൻപതാം ക്ലാസുകാരി ഗൗരി തനിച്ചാകും. ആശുപത്രിയിലേക്ക് അവളെയും കൂട്ടാമെന്ന് കരുതിയെങ്കിലും കൂടുതൽപേർ ഒന്നിച്ചുള്ള യാത്ര ആരോഗ്യപ്രവർത്തകർ വിലക്കി. ഇതോടെയാണ് എങ്ങനെയും വീട്ടിലെത്താൻ കാർത്തിക തീർച്ചപ്പെടുത്തിയത്. തിങ്കളാഴ്ച രാവിലെ ഒൻപതരയോടെ തൃശ്ശൂരിലെ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജനീഷ് ഇടപെട്ട് പ്രവീൺ എന്ന പ്രവർത്തകനെ കാർത്തികയുടെ താമസസ്ഥലത്തേക്കയച്ചു. പ്രവീണിനൊപ്പം കാറിൽ ആലുവയിലിറങ്ങി. അവിടെനിന്ന് എറണാകുളത്തെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഹസീൻ ഖാലിദ് കാർത്തികയെ വൈറ്റിലയിലെത്തിച്ചു. ഗംഗാ ശങ്കറെന്ന പ്രവർത്തകൻ വൈറ്റിലയിൽ കാത്തുനിൽക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിനൊപ്പം ചേർത്തലയിലിറങ്ങി. തുടർന്ന് രൂപേഷ്, വിമൽ എന്നിവർചേർന്ന് ഹരിപ്പാടിനടുത്ത് തോട്ടപ്പള്ളിയിൽ കൊണ്ടുവന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ചുള്ളിയിലും പ്രവർത്തകനായ മിഥുനും പിന്നീട് കൊല്ലത്തെ വീട്ടിലെത്തിച്ചു. കാർത്തിക വീട്ടിലെത്തിയതിന് പിന്നാലെ അമ്മ ബിന്ദു അച്ഛനുമായി തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് പോയി. കാർത്തിക രണ്ടാഴ്ച വീട്ടിലിരിക്കാനാണ് ആരോഗ്യപ്രവർത്തകർ നിർദേശിച്ചിരിക്കുന്നത്. Content Highlight: Karthikas journey from Thrissur to Kollam in five cars


from mathrubhumi.latestnews.rssfeed https://ift.tt/39yLtmT
via IFTTT