Breaking

Wednesday, April 1, 2020

വൃക്കരോഗികള്‍ക്കുള്ള മരുന്നുമായി അവർ പറന്നു...കോഴിക്കോട്ടുനിന്ന്‌ ചേലക്കരയിലേക്ക്

ചേലക്കര : ചെയിൻ സർവീസ് വഴി കോഴിക്കോട്ടുനിന്ന് ചേലക്കരയിലേക്ക് മരുന്നെത്തി. വൃക്കരോഗ ചികിത്സയിലുള്ള മൂന്നുപേർക്കാണ് യൂത്ത് ലീഗിന്റെ വൈറ്റ് ഗാർഡ് മെഡി ചെയിൻ സേവനം തുണയായത്. ചേലക്കര പുലാക്കോട് കിഴക്കേക്കര ജിനേഷ് (28), സൗത്ത് കൊണ്ടാഴി ചക്കംകുളങ്ങര സുരേഷ് ബാബു (33), കൊണ്ടാഴി തേക്കിൻകാട് രാമൻകുട്ടി (56) എന്നിവർക്കുള്ള മരുന്നാണ് കോഴിക്കോട് ചേവായൂരിൽനിന്ന് ചേലക്കരയിലേക്ക് എത്തിച്ചത്. ലോക് ഡൗൺ പ്രഖ്യാപിച്ചത് മുതൽ മരുന്നിനായുള്ള തിരച്ചിലിലായിരുന്നു ജിനേഷ്. കോഴിക്കോട്ടെ മെഡിക്കൽ ഷോപ്പുമായി ബന്ധപ്പെട്ട് മൂന്നുപേർക്കും ആവശ്യമായ മരുന്ന് തരപ്പെടുത്തിയെങ്കിലും മരുന്ന് എത്തിക്കുക എന്നത് പ്രയാസകരമായി. ഒടുവിൽ സാമൂഹിക മാധ്യമത്തിൽ സഹായം അഭ്യർഥിക്കുകയായിരുന്നു. ഇതോടെയാണ് യൂത്ത് ലീഗ് പ്രവർത്തകർ മരുന്ന് വീട്ടിലെത്തിച്ച് നൽകിയത്. ഏഴ് ഘട്ടങ്ങളായി ബൈക്കുകളിൽ 110 കിലോമീറ്ററാണ് ഇതിനായി പിന്നിട്ടത്. കോഴിക്കോട് ചേവായൂരിൽനിന്ന് മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിലേക്കും പിന്നീട് പാലക്കാട് ജില്ലയിലെ കൊപ്പം, വല്ലപ്പുഴ, കുളപ്പുള്ളി, ഷൊർണൂർ വഴി തൃശ്ശൂർ ജില്ലയിലെ ചെറുതുരുത്തിയിൽ എത്തിക്കുകയായിരുന്നു. അവിടെനിന്ന് പാഞ്ഞാൾ, കിള്ളിമംഗലം, ഉദുവടി വഴി ചേലക്കര വൈറ്റ് ഗാർഡ് പ്രവർത്തകർക്ക് കൈമാറി. വൈറ്റ് ഗാർഡ് സംസ്ഥാന കമ്മിറ്റിയാണ് ഓരോരുത്തരേയും വിളിച്ച് കൃത്യസ്ഥലത്ത് എത്തിക്കുന്നതിന് ഏകോപനം നടത്തിയിട്ടുള്ളത്. Content Highlight: Youth League White Guard


from mathrubhumi.latestnews.rssfeed https://ift.tt/3az5pHt
via IFTTT